സബ് ഇൻസ്പെക്ടമാരുടെ മത്സര പരീക്ഷ എഴുതി വീട്ടിലേക്ക് മടങ്ങുകയായിരുന്ന 21 കാരിയെ സുഹൃത്തുക്കൾ കാറിൽ ബലാത്സംഗത്തിന് ഇരയാക്കി.
സബ് ഇൻസ്പെക്ടമാരുടെ മത്സര പരീക്ഷയിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇരുപത്തിയൊന്നു വയസുകാരിയെ സുഹൃത്തുക്കൾ കാറിൽ ബലാത്സംഗത്തിന് ഇരയാക്കി. ഉത്തർപ്രദേശിലെ മഥുരയിൽ നടന്ന സംഭവത്തിൽ പ്രതികളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കാറിൽ വെച്ച് പീഡിപ്പിച്ച ശേഷം പെൺകുട്ടിയെ മഥുരയിലെ കോസി കലൻ എന്ന പ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു.
പ്രതികളിലൊരാളായ തജ്വീറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ സുഹൃത്ത് ദിഗംമ്പർ എന്നയാൾക്ക് വേണ്ടി പൊലീസ് തിരച്ചിൽ നടത്തുകയാണ്. തജ്വീറും ദിഗംമ്പറും ഹരിയാനയിലെ മാൻപൂർ വില്ലേജ് സ്വദേശികളാണ്. സമൂഹമാധ്യമം വഴിയാണ് പീഡനത്തിന് ഇരയായ പെൺകുട്ടിയും പ്രതിയായ തജ്വീറും തമ്മിൽ പരിചയപ്പെടുന്നത്.
പെൺകുട്ടിയുടെ സഹോദരൻ സമർപ്പിച്ച പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടിയെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കിയ ശേഷം മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഐ.പി.സി സെക്ഷൻ 161 പ്രകാരമാണ് മൊഴി രേഖപ്പെടുത്തിയത്. കുറ്റകൃത്യം ചെയ്യുമ്പോൾ പ്രതികൾ ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.