CrimeFeaturedKeralaLocal NewsStories

പഠിച്ച കാര്യങ്ങൾ എഴുതാത്തതിന്, മൂന്നാം ക്ലാസ്സുകാരനെ കയ്യിലും കാലിലും ക്രൂരമായി ചട്ടുകം വെച്ച് പൊള്ളിച്ച പിതാവ് അറസ്റ്റിലായി.

പത്തനംതിട്ട / പഠിച്ച കാര്യങ്ങൾ ഓർത്തെടുക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞ മൂന്നാം ക്ലാസ്സുകാരനെ കയ്യിലും കാലിലും ക്രൂരമായി ചട്ടുകം വെച്ച് പൊള്ളലേൽപിച്ച ക്രൂരമായ സംഭവത്തിൽ പിതാവ് അറസ്റ്റിലായി. പള്ളിക്കല്‍ കൊച്ചു തുണ്ടില്‍ കിഴക്കതില്‍ ശ്രീകുമാർ (31) നെയാണ് അടൂർ എസ്‌ഐ ശ്രീജിത്തിൻറെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അമ്മ ചൈല്‍ഡ് ലൈനില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നായിരുന്നു പോലീസ് നടപടി.

ഹോട്ടല്‍ തൊഴിലാളിയായ അമ്മ സലാമത്തും, കൂലിപ്പണിക്കാരനായ ശ്രീകുമാറും പ്രണയ വിവാഹമായിരുന്നു. അടൂർ പഴകുളത്തെ ഒരു വീട്ടില്‍ വാടകക്കാണ് ഇവർ താമസിക്കുന്നത്. സമീപത്തെ ഒരു വീട്ടില്‍ കുട്ടിയെ ട്യൂഷന് അയയ്ക്കുന്നുണ്ട്. ജനുവരി 30 ന് ശ്രീകുമാര്‍ രാവിലെ ജോലിക്ക് പോയപ്പോള്‍ ചില‌ പാഠഭാഗങ്ങള്‍ മകനെ പഠിക്കാന്‍ ഏല്‍പിച്ചിരുന്നു. വൈകിട്ട് മടങ്ങിയെത്തുമ്പോൾ എഴുതിച്ചപ്പോള്‍ ഓർത്തെടുക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞ കുട്ടിയെ ക്രൂരമായി ചട്ടുകം വച്ച് ശ്രീകുമാർ പൊള്ളിക്കുകയായിരുന്നു. അറസ്റ്റിലായ ശ്രീകുമാറിനെ റിമാന്‍ഡ് ചെയ്തു.

ജോലി കഴിഞ്ഞ് മടങ്ങി എത്തിയ സലാമത്തിനോട് കുട്ടി കാര്യം പറഞ്ഞെങ്കിലും കുട്ടിയെ ആശ്വസിപ്പിച്ച് പൊള്ളലേറ്റ ഭാഗത്ത് ടൂത്ത് പേസ്റ്റ് തേച്ചു കൊടുക്കുകയാണ് ഉണ്ടായത്. അടുത്ത ദിവസം തെങ്ങമം തോട്ടുമുക്കില്‍ സലാമത്ത് ജോലി ചെയ്യുന്ന ഹോട്ടലിന്റെ ഉടമയോടും മറ്റും സംഭവിച്ച കാര്യങ്ങൾ സലാമത്ത് പറഞ്ഞു. അവർ വിവരം ചൈല്‍ഡ് ലൈനിനെ അറിയിക്കാന്‍ നിർദേശിക്കുകയായിരുന്നു. പിന്നീട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി മാതാവിനെയും മകനെയും വിളിച്ചു വരുത്തി മൊഴി എടുത്ത ശേഷം പരാതി പൊലീസിന് കൈമാറി.

ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. ദീപാ ഹരി നടത്തിയ പരിശോധനയില്‍ കുട്ടിയുടെ പുറത്തും മറ്റു ഭാഗങ്ങളിലും പൊള്ളലേറ്റ പാടുകള്‍ കണ്ടെത്തിയിരുന്നു. പഠിക്കുന്നില്ലെന്ന പേരില്‍ ശ്രീകുമാര്‍ കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി കണ്ടെത്തി. സംഭവം മാതാവ് ഗൗരവത്തില്‍ എടുക്കാത്തതിനാൽ കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെ സംരക്ഷണയിലേക്ക് മാറ്റിയിരിക്കുകയാണ്. പല ദിവസവും മദ്യപിച്ചെത്തുന്ന പിതാവ് തന്നെയും അമ്മയെയും ഉപദ്രവിക്കാറുണ്ടെന്നും വീട്ടിലേക്ക് തിരികെ പോകുവാൻ പേടിയാണെന്നും കുട്ടി പറഞ്ഞതായി ചൈൽഡ് വെൽഫയർ കമ്മറ്റി അംഗങ്ങൾ പറഞ്ഞിട്ടുണ്ട്.

Leave a Reply

Back to top button