നടി പൂനം പാണ്ഡേയെ ഭർത്താവ് തല്ലിച്ചതച്ചു, പൂനം ആശുപത്രിയിൽ …..,തലയ്ക്കും കണ്ണിനും മുഖത്തും പരിക്കേറ്റിട്ടുണ്ട്.
പ്രശസ്ത നടി പൂനം പാണ്ഡേയെ ഭർത്താവ് തല്ലിച്ചതച്ചു. ഭർത്താവിന്റെ മൃഗീയ മർദ്ദനത്തിനിരയായ പൂനം പാണ്ഡേയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പൂനം പാണ്ഡേയുടെ ഭർത്താവ് സാം ബോംബെയെ മുംബൈയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നടിയുടെ പരാതിയിന്മേലാണ് പൊലീസ് ഭർത്താവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ചയാണ് സാം ബോംബെയെ പൊലീസ് അറസ്റ്റ് ചെയ്തത്.
പൂനം പാണ്ഡേയ്ക്ക് തലയ്ക്കും കണ്ണിനും മുഖത്തും പരിക്കേറ്റിട്ടുണ്ടെന്ന് ഇന്ത്യ ടുഡേയുടെ റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഇതാദ്യമായല്ല ഭർത്താവ് ശാരീരികമായി ഉപദ്രവിക്കുന്നുവെന്ന പരാതി പൂനം പാണ്ഡേ നൽകുന്നത്. ഇതിനു മുൻപും സാം ബോംബെയ്ക്കെതിരെ പൂനം പാണ്ഡേ പരാതി നൽകിയിരുന്നു. കഴിഞ്ഞ വർഷം ഭർത്താവ് തന്നെ ആക്രമിക്കുകയും ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പൂനം പരാതി നൽകിയിരുന്നതാണ്. ഇതിനെ തുടർന്ന് ഗോവയിൽ വെച്ച് സാമിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നതുമാണ്.
മൃഗത്തെ പോലെയാണ് സാം തന്നെ മർദിക്കുന്നതെന്നും അങ്ങനെയൊരാൾക്കൊപ്പം ജീവിക്കാൻ കഴിയില്ലെന്നും മുമ്പ് ഒരു അഭിമുഖത്തിൽ പൂനം പാണ്ഡേ വെളിപ്പെടുത്തി യിരുന്നതാണ്. സാം ബോംബെയുമായുള്ള വിവാഹ ബന്ധം വേർപെടുത്തുമെന്നും പൂനം അന്ന് പറഞ്ഞിരുന്നു.
2020 സെപ്റ്റംബർ പത്തിനാണ് പൂനം പാണ്ഡേയും സംവിധായകനും നിർമാതാവും എഡിറ്ററുമായ സാം ബോംബേയും തമ്മിലുള്ള വിവാഹം നടന്നത്. മൂന്ന് വർഷത്തോളം പ്രണയിച്ചതിന് ശേഷമാണ് പൂനവും സാം ബോംബെയും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങൾ ഇരുവരും സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. വിവാഹം കഴിഞ്ഞ് ഏതാനും നാളുകൾക്കകം ഭർത്താവ് ശാരീരികമായി ഉപദ്രവിക്കുന്നതായി പൂനം പരാതിയുമായി രംഗത്ത് വരുകയായിരുന്നു.