BusinessCrimeEditors PicksFeaturedKeralaLatest NewsLocal NewsMost Popular Newssocial mediaviral newsviral story

കൂടെനിന്നവർ കൂറ് മാറി ഒറ്റി, വൈദ്യശാലയുടെ മറവിൽ ചാരായം വാറ്റ്, കഞ്ചാവ് വില്പന,മൃഗവേട്ട, എന്നിവ നടത്തിവന്ന വിക്രമൻ വൈദ്യനും സഹായിയും അറസ്റ്റിലായി.

സാബുവിന്റെ കൊപ്പത്തുള്ള വീട്ടിൽ പോലീസ് എത്തുമ്പോൾ ചാരായം വാറ്റ് നടക്കുകയായിരുന്നു.

വിതുര/ വൈദ്യശാലയുടെ മറവിൽ ചാരായം വാറ്റ്, കഞ്ചാവ് വില്പന,മൃഗവേട്ട, എന്നിവ നടത്തിവന്ന വൈദ്യനും സഹായിയും പോലീസ് പിടിയിലായി. കാട്ടുമൃഗങ്ങളുടെ ശരീരഭാഗങ്ങളും ഇവയെ വേട്ടയാടുന്നതിനുള്ള ആയുധങ്ങളും വെടിയുണ്ടയും ഇവരിൽ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. വിതുര ജംഗ്ഷനിൽ അഗസ്ത്യ എന്ന ആയുർവേദ വൈദ്യശാല നടത്തിവന്ന വിതുര പൊന്നാംചുണ്ട് സുരേഷ് ഭവനിൽ വിക്രമൻ (69) സഹായി വിതുര കല്ലുവെട്ടാൻകുഴിയിൽ ഫിറോസ് മൻസിലിൽ സാബു (45) എന്നിവരെയാണ് വിതുര പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

വൈദ്യൻ വിക്രമന്റെ പൊന്നാംചുണ്ടിലുള്ള വീട്ടിൽ നിന്ന് അരക്കിലോ കഞ്ചാവും മ്ലാവ്, മാൻ, കാട്ടുപോത്ത് എന്നിവയുടെ കൊമ്പുകളും മുള്ളൻപന്നി, കാട്ടുപന്നി, മയിൽ, മലയണ്ണാൻ എന്നിവയുടെ ശരീരഭാഗങ്ങളും മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സാബുവിന്റെ കൊപ്പത്തുള്ള വീട്ടിൽ പോലീസ് എത്തുമ്പോൾ ചാരായം വാറ്റ് നടക്കുകയായിരുന്നു. അവിടെ നിന്ന് 30 വെടിയുണ്ടകളും 20 ലിറ്റർ ചാരായവും 100 ലിറ്റർ വാഷും പൊലീസ് പിടികൂടി.

വൈദ്യൻ വിക്രമന്റെ ബന്ധുക്കളിൽ ചിലരും വൈദ്യനുമായി ഈയിടെ ശത്രുതയിലാവുക യായിരുന്നു. ഏറെക്കാലമായി വൈദ്യനും സംഘവും മൃഗവേട്ടയുൾപ്പടെ വൈദ്യ ശാലയുടെ മറവിൽ നടത്തി വരുകയായിരുന്നു. ചാരായം വാറ്റി കഷായമാക്കി വിൽക്കുന്നതിന്റെ ചുമതല സാബുവിനാണ് വൈദ്യൻ നൽകിയിരുന്നത്. കൊറോണകാലത്ത് ഇവരുടെ മരുന്നുകൾ ചേർത്ത് ഉണ്ടാക്കുന്ന സ്പെഷ്യൽ കഷായ ചാരായത്തിനു വൻ ഡിമാന്റ് ആയിരുന്നു. നൂറു കണക്കിന് ബോട്ടിലുകളാണ് ഇത് വിറ്റുവന്നിരുന്നത്. ശത്രുതയിലായ ബന്ധുക്കൾ ഏറെക്കാലം മുൻപ് വരെ ഇതിന്റെ പങ്ക് പറ്റി വരുകയായിരുന്നു. വൈദ്യർ കൊടുക്കുന്ന വിഹിതത്തിന്റെ കാര്യത്തിൽ അഭിപ്രായ വ്യത്യാസം വന്നതോടെ ബന്ധുക്കൾ ശത്രുതയിലായി വിവരം പോലീസിന് ഒറ്റികൊടുക്കുകയായിരുന്നു.

ജില്ലാ പൊലീസ് മേധാവി പി.കെ. മധുവിന് ലഭിച്ച ഒരു രഹസ്യ വിവരത്തെ തുടർന്ന് നെടുമങ്ങാട് എ.എസ്.പി രാജ്പ്രസാദ്, വിതുര എസ്.എച്ച്.ഒ എസ്. ശ്രീജിത്, എസ്.ഐമാരായ എസ്.എൽ. സുധീഷ്, ഇർഷാദ്, എ.എസ്.ഐമാരായ സജു, സജികുമാർ, എസ്.സി.പിഒമാരായ പ്രദീപ്, രജിത്, സി.പി.ഒമാരായ ശ്യാം, വിനു, അനിൽ, സുജിത് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവർ വെടിയുണ്ടകളും ആയുധങ്ങളും ശേഖരിച്ചതിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

 

Back to top button