കാഞ്ചന 3 എന്ന തമിഴ് ചിത്രത്തിലെ നടിയും റഷ്യൻ മോഡലുമായ അലക്സാൻഡ്ര ജാവിയെ ഗോവയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ചെന്നൈ/ രാഘവ ലോറന്സിന്റെ കാഞ്ചന 3 എന്ന തമിഴ് ചിത്രത്തിലെ നടിയും റഷ്യൻ മോഡലുമായ അലക്സാൻഡ്ര ജാവിയെ ഗോവയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 24 വയസായിരുന്നു. കാഞ്ചന 3 സിനിമയിൽ പ്രതികാരദാഹിയായ പ്രേതമായെത്തിയ റഷ്യൻ നടി അലക്സാൻഡ്ര ജാവിയെ ഗോവയിലെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിയിൽ കണ്ടെത്തുകയായിരുന്നു. കാമുകനൊപ്പം നടി ഇവിടെ വീട് വാടകയ്ക്കെടുത്ത് താമസിച്ചു വരുകയായിരുന്നു.
തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ 4 ഭാഷകളിൽ പുറത്തിറങ്ങിയ കാഞ്ചന പ്രേക്ഷകർ ഇരു കൈകളും നീട്ടി ഏറ്റുവാങ്ങിയ ചിത്രമാണ്. രാഘവ ലോറൻസ്, ശരത്കുമാർ, റായ് ലക്ഷ്മി എന്നിവർ അഭിനയിച്ച ത്രില്ലർ സിനിമയിൽ നടിമാരായ ഓവിയ, വേദിക, നിക്കി താംബോളി, റഷ്യൻ മോഡൽ അലക്സാണ്ട്രാ ജാവി എന്നിവരായിരുന്നു മറ്റു അഭിനേതാക്കൾ. 2019 ലാണ് കാഞ്ചന 3പുറത്തിറങ്ങിയത്.
അലക്സാണ്ട്രാ ജാവി മരണപ്പെട്ട വാർത്ത ഞെട്ടലോടെയാണ് തെന്നിന്ത്യൻ സിനിമ ലോകം കേട്ടത്. പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണം ആത്മഹത്യയോ അതോ കൊലപാതകമോ എന്ന് കണ്ടെത്താനാവൂ.
പ്രണയം തകർന്നതിനെ തുടർന്ന് നടി അലക്സാണ്ട്രാ ജാവി വിഷാദത്തിലായിരുന്നുവെന്ന് അയൽവാസികൾ പറയുന്നുണ്ട്. നടിയുടെ കാമുകനെ പൊലീസ് ചോദ്യം ചെയ്യും. ഒപ്പം 2019ൽ ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ടും അന്വേഷണം ഉണ്ടാവും.
ചെന്നൈയിലെ ഒരു ഫോട്ടോഗ്രാഫർക്കെതിരെ നടി ലൈംഗിക പീഡനത്തിന് നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നതാണ്. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാളിലേക്കും അന്വേഷണം ഉണ്ടാവുമെന്നും വിവരമുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം എംബസി വഴി റഷ്യയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം കുടുംബം നടത്തി വരുന്നുണ്ട്.