സ്വര്‍ണ്ണം നല്‍കാമെന്ന് പറഞ്ഞ് ഒന്നര കോടി തട്ടി; ഡി എം കെ നേതാവായ വ്യവസായിക്കെതിരെ കേസ്.
നിലമ്പൂര്‍/ സ്വര്‍ണ്ണം നല്‍കാമെന്ന് പറഞ്ഞ് ഒന്നര കോടി രൂപ തട്ടിയെടുത്തതായി പരാതി. ഡി എം കെയുടെ കേരളത്തിലെ പ്രമുഖ നേതാവും വ്യവസായിയുമായ ഡോ അമൃതം റജിക്കെതിരെയാണ് പരാതി. നിലമ്പൂര്‍ മുറുക്കാഞ്ഞിരം കുറുമ്പനങ്ങട് സ്വദേശിയായ വിജയഭവനം സുബാഷ് നല്കിയ പരാതിയില്‍ മലപ്പുറം പൊതുക്കല്‍ പോലീസ് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പ്രമുഖ രത്ന വ്യാപാരിയാണ് റെജി ജോസഫ്. അമൃതം ഗ്രൂപ്പിന്റെ എം ഡിയുമാണ്. സുബാഷ് നിലമ്പൂരില്‍ തുടങ്ങാനിരുന്ന ജ്വല്ലറിയിലേക്ക് ആവശ്യമായ സ്വര്‍ണ്ണം നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് ഒന്നര കോടിയോളം രൂപ തട്ടിയെടുത്തതെന്നാണ് പരാതി. ജ്വല്ലറിയുടെ പണി ഏതാണ്ട് പൂര്‍ത്തിയായി വരുന്ന സമയത്തായിരുന്നു അമൃതം റജി സമീപിച്ച് സ്വര്‍ണ്ണം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തത്. എന്നാല്‍ പണം കൈക്കലാക്കിയതോടെ സ്വര്‍ണ്ണം നല്‍കാതെ വഞ്ചിക്കുകയായിരുന്നെന്നാണ് സുഭാഷ് പരാതിയില്‍ പറയുന്നത്.
ജ്വല്ലറിയുടെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങളെല്ലാം തുടങ്ങിയിട്ടും സ്വര്‍ണ്ണം കിട്ടാതായതോടെ അമൃതം റജിയെ ബന്ധപ്പെട്ടെങ്കിലും സ്വര്‍ണ്ണവുമില്ല പണവുമില്ലാത്ത അവസ്ഥയായി. കൊറോണയെല്ലാം കഴിയട്ടെ അപ്പോള്‍ ഒരു തീരുമാനം അറിയിക്കാമെന്നാണ് പിന്നീട് ബന്ധപ്പെട്ടപ്പോള്‍ പറഞ്ഞത്. താന്‍ ഒരു കുടുക്കില്‍ പെട്ടിരിക്കുകയാണെന്നും ഇതില്‍ നിന്നും ഒന്നു രക്ഷപ്പെട്ടോട്ടെ അപ്പോള്‍ പണം തരുമെന്നും പറയുന്നുണ്ട്. പലപ്പോഴും പലകാര്യങ്ങളും ഇതുപോലെ പറയുന്നതല്ലാതെ പണം മാത്രം ലഭിക്കുന്നില്ലെന്ന് പരാതിക്കാരന് പറയുന്നു.
അമൃതം റെജിയെ തേടി പൊലീസ് കോയമ്പത്തൂരിലെത്തിയിരുന്നു. ഇവിടെ വീട്ടില്‍ ഇദ്ദേഹമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കോയമ്പത്തൂരില്‍ എത്തിയത്. എന്നാല്‍ പൊലീസ് എത്തിയതറിഞ്ഞ അമൃതം റെജി ജോസഫ് അവിടെ നിന്നും മുങ്ങി. കേസില്‍ മൂന്നാം പ്രതിയും ഇദ്ദേഹത്തിന്റെ ഡ്രൈവറുമായ ജോണ്സണ് തമ്പിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അമൃതം റെജി സുബാഷുമായി നടത്തിയ ഫോണ്‍ രേഖകളുടേയും വാട്സാപ്പ് മെസേജുകളുടേയും പണം നല്‍കിയതിന്റെ ബാങ്ക് രേഖകളുടേയുമെല്ലാം തെളിവ് സഹിതമാണ് സുബാഷ് പരാതി നല്‍കിയത്.