കിറ്റെക്സിനെ തുരത്തുന്നു.
അജി വള്ളിക്കീഴ്
കിറ്റെക്സിനോട് കാട്ടുന്നതാണോ വ്യവസായ സൗഹൃദം എന്ന് പറയുന്നത്? ഇതാണോ വ്യവസായികളെ പ്രോത്സാഹിപ്പിക്കൽ? പരിശോധനകളിലും നടപടിക്രമങ്ങളിലും പൊറുതിമുട്ടി വ്യവസായങ്ങൾ സംസ്ഥാനം വിടുന്നതിന് സർക്കാർ അറുതി വരുത്തുമെന്നു പറഞ്ഞു ജനത്തിന്റെ കണ്ണിൽ പൊടിയിട്ടത് കൊണ്ട് കാര്യമില്ല. കേരളത്തിൽ വന്നതോ, വരാനിരിക്കുന്നതോ ആയ ഒരു വ്യവസായം കേരള മണ്ണിൽ നടത്താൻ കഴിയാത്ത അവസ്ഥയിൽ പോകാതിരിക്കണമെന്ന ദൃഢമായ തീരുമാനം ആണ് വേണ്ടത്. എന്ത് വില കൊടുത്തും അത് നടപ്പിലാക്കാനുള്ള കെല്പും തന്റേടവും വ്യവസായ മന്ത്രിക്കും, സർക്കാരിനും ഉണ്ടാവുകയാണ് വേണ്ടത്. മാറിയും തിരിഞ്ഞും പ്രസ്താവനയും പത്ര സമ്മേളങ്ങളും നടത്തി സംഭവത്തിന്റെ ഗൗരവം വളച്ചൊടിക്കുകയല്ല വേണ്ടത്.
കിറ്റക്‌സ് വിഷയത്തില്‍ ഇടതുവലത് മുന്നണികള്‍ക്കുള്ള കലിപ്പിന് കാരണം എറണാകുളം ജില്ലയില്‍ തെരഞ്ഞെടുപ്പിലേറ്റ പ്രഹരമെന്ന് വ്യക്തം. യു ഡി എഫിന് മേല്‍ക്കൈ ഉണ്ടായിരുന്ന ജില്ലയില്‍ ആധിപത്യം ഉറപ്പിക്കാന്‍ എല്‍ ഡി എഫ് കിണഞ്ഞ് ശ്രമിക്കുന്നതിനിടെ ഉടലെടുത്ത ട്വന്റി 20 എന്ന സംഘടനയുടെ വളര്‍ച്ചയാണ് ഇടതിനേയും വലതിനേയും കലിപ്പിലാക്കിയത്.
തങ്ങളുടെ പല സ്ഥാനാര്‍ത്ഥികളും തോറ്റതിന് കാരണം കിറ്റക്‌സിന്റെ ട്വന്റി 20യാണെന്ന് യു ഡി എഫിനറിയാം. ഇതുതന്നെയാണ് അവര്‍ പരാതിയുമായി രംഗത്തിറങ്ങാന്‍ കാരണം. തങ്ങള്‍ക്ക് കിട്ടേണ്ട പല സീറ്റുകളും നഷ്ടമായതിന് കാരണം ട്വന്റി 20 പിടിച്ച വോട്ടുകളാണെന്ന് ഇടതും കണക്കുകൂട്ടുന്നു. അതുകൊണ്ട് തന്നെ വ്യവസായം എന്നതിലുപരി അതിന്റെ മറവിലുള്ള രാഷ്ട്രീയ വളര്‍ച്ചയെ തടയാനുള്ള നീക്കമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇത് തിരിച്ചറിഞ്ഞ് തന്നെയാണ് കിറ്റക്‌സിന്റെ നീക്കവും. ഫലത്തില്‍ മൂന്നുകൂട്ടരും കളിക്കുന്നത് രാഷ്ട്രീയം തന്നെ.
കിറ്റെക്സിന്റെ കാര്യത്തിൽ ഇവിടെ ഇപ്പോൾ നടക്കുന്നത് ഒരു വ്യവസായിയെ ആട്ടിപ്പായിക്കലാണ്. തുരത്താലാണ്. അതിനു പിന്നിൽ രാഷ്ട്രീയ അജണ്ട കൂടിയുണ്ടെന്ന് പറഞ്ഞാൽ ചോറ് തിന്നുന്നവർക്ക് മനസ്സിലാവും. എന്താണ് ആ രാഷ്ട്രീയ അജണ്ടയെന്നു പറയാൻ പലർക്കും മടിയാണ്. ആ അജണ്ട എന്ന് പറയുന്നത് ട്വന്റി 20 യുമായി ബന്ധപ്പെട്ടിരിക്കുന്നു. എറണാകുളം ജില്ലയിൽ നാലു പഞ്ചായത്തുകളിൽ ഭരണം പിടിച്ച ട്വന്റി 20 യോടുള്ള രാഷ്ട്രീയ പകകൂടിയാണത്. കിഴക്കമ്പലം, ഐക്കരനാട്, മഴുവന്നൂർ, കുന്നത്തുനാട പഞ്ചായത്തുകൾ ആണ് ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ട്വന്റി 20 ഭരണം പിടിച്ചിരുന്നത്. എൽ ഡി എഫിനും യു ഡി എഫിനും ചെറിയ പ്രഹരമല്ല ട്വന്റി 20 സമ്മാനിച്ചത്. കിഴക്കമ്പലം പഞ്ചായത്തിൽ മാത്രം ഭരണം ഉണ്ടായിരുന്ന ട്വന്റി 20 മൂന്നു പഞ്ചായത്തുകൾ കൂടി സ്വന്തമാക്കുന്നത് ഒരു രാഷ്ട്രീയേതര വിജയമാണ് ചരിത്രത്തിൽ എഴുതി വെച്ചത്. ഇനിയും ട്വന്റി 20 വളരുന്നത് അനുവദിച്ചാൽ അത് എൽ ഡി എഫിനും യു ഡി എഫിനും കനത്ത തിരിച്ചടിയാവും ഉണ്ടാക്കുകയെന്നവർക്കറിയാം.
ട്വന്റി 20 യുടെ പിറവിയും ജീവനും, ജീവിതവുമൊക്കെ കിറ്റെക്സ് ആണ്. അതായത് അതിന്റെ ഉടമ സാബു എം ജേക്കബ് ആണ്. ട്വന്റി 20 ക്ക് സാരഥ്യം വഹിക്കുന്നതും സാബു എം ജേക്കബ് തന്നെ. നാല് പഞ്ചായത്തിലെ ജങ്ങൾക്കിടയിൽ ഉള്ള തങ്ങളുടെ രാഷ്ട്രീയ അടിവേരുകൾ വരെ ഇല്ലാതാകാൻ കാരണക്കാരനായ സാബു എം ജേക്കബിനോടുള്ള രാഷ്ട്രീയ പകയാണ് ഇപ്പോൾ ബെന്നി ബഹനാൻ എംപിയുടേയും പിടി തോമസ് എംഎൽഎയുടേയും പരാതിയായും, സബ് ജേക്കബ് 73 കുറ്റങ്ങൾ ചെയ്തെന്നു കാട്ടിയ മെമ്മോയുടെ രൂപത്തിലും, പരിശോധനകളുടെ പാരമ്പരകളായും കിറ്റെക്സിനെ തേടിയെത്തിയത്. ട്വന്റി 20 യെ ഇല്ലാതാക്കുക എന്ന രാഷ്ട്രീയ അജണ്ടയാണ് ഇതിനു പിന്നിൽ ഉള്ളത്.
കിഴക്കമ്പലം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കിറ്റക്സ് എന്ന വ്യവസായ ഗ്രൂപ്പാണ് ട്വന്റി 20 ക്ക് രൂപം നൽകുന്നത്. 2013 ൽ ട്വന്റി 20 ചാരിറ്റബിൾ സൊസൈറ്റി രൂപവൽകരിച്ചാണ് പ്രവർത്തനം തുടങ്ങുന്നത്. കിറ്റക്സ് കമ്പനിയുടെ ചെയർമാൻ സാബു എം ജേക്കബ് ആണ് ട്വന്റി 20 നിയന്ത്രിച്ച് വന്നിരുന്നത്. കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി പദ്ധതി പ്രകാരം കമ്പനി രൂപം നൽകിയ സൊസൈറ്റിയാണ് പിന്നീട് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്.
രാഷ്ട്രീയ-മത-സാമുദായിക സംഘടനകളുടെ പിന്തുണയോടെ മദ്യവർജ്ജനം അടക്കമുള്ള ആശയങ്ങൾ മുന്നോട്ടുവെച്ചാണ് അവർ ജനങ്ങൾക്കിടയിലേക്ക് പ്രവർത്തനത്തനത്തിനായി ഇറങ്ങുന്നത്. കിഴക്കമ്പലത്തിന്റെ വികസനം എന്ന മുദ്രാവാക്യവുമായി മുന്നിട്ടിറങ്ങിയ ഈ കൂട്ടായ്മക്ക് ആദ്യം ഇടതുപക്ഷവും ബിജെപിയും പിന്തുണ നൽകി. ട്വന്റി 20 യുടെ വളർച്ച തങ്ങളുടെ അടിമണ്ണിളക്കുമെന്നു കണ്ടപ്പോൾ അവർ പിന്മാറുകയായിരുന്നു. തെരഞ്ഞെടുപ്പിൽ മൽസരിക്കുക എന്ന പരിപാടിക്കില്ലെന്ന് പലതവണയായി കിറ്റക്‌സ് ഗ്രൂപ്പ് വ്യക്തമാക്കിയിരു ന്നുവെങ്കിലും 2015-ലെ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ അവർ മൽസര രംഗത്തി കിഴക്കമ്പലം പിടിക്കുകയായിരുന്നു.
ജനക്ഷേമപ്രവർത്തനങ്ങളിലൂടെ ആണ് ട്വന്റി 20 ജനങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങി ചെല്ലുന്നത്. കമ്പനി നിയമിച്ച സോഷ്യൽ വർക്കർമാർ ഓരോ വീടുകളും കയറിയിറങ്ങി ഞങ്ങളുടെ ഓരോ ആവശ്യങ്ങളും രേഖപ്പെടുത്തി കൊണ്ടായിരുന്നു തുടക്കം. ഞങ്ങളുടെ ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ ജനങ്ങളെ താഴെ തട്ടിലുള്ളവർ, മധ്യവർഗക്കാർ, അതിനും മുകളിൽ നിൽക്കുന്നവർ എന്നിങ്ങനെ മൂന്നു തട്ടുകളായി തിരിച്ചു. ഇവർക്കെല്ലാം വെവ്വേറെ കാർഡുകൾ നൽകി. ഈ കാർഡുള്ളവർക്ക് പച്ചക്കറി, പലചരക്ക് സാധനങ്ങൾ തൊട്ട് ഗൃഹോപകരണ ഉത്പന്നങ്ങൾ വരെ പകുതി വിലക്ക് അവർ ലഭ്യമാക്കി. പാടങ്ങൾ സൗജന്യമായി ഉഴുതു കൊടുത്തു. വീടുകൾ പുനർനിർമിക്കാൻ സഹായിച്ചു.
ലക്ഷംവീടു കോളനികളിൽ ഉൾപ്പെടെ സൗജന്യ കുടിവെള്ള ടാപ്പുകൾ നൽകി. റോഡുകൾ സഞ്ചാരയോഗ്യമാക്കി. തുടങ്ങിയ ജനക്ഷേമ പ്രവർത്തനങ്ങളിലൂടെ ട്വന്റി 20 പറയുന്നത് ചെയ്യുമെന്ന വിശ്വാസം ജനങ്ങൾക്ക് ഉണ്ടാവുകയായിരുന്നു. ട്വന്റി 20 രൂപീകരിക്കുന്ന സമയത്ത് കിഴക്കമ്പലം പഞ്ചായത്ത് ഭരിച്ചിരുന്നത് കോൺഗ്രസ് ആയിരുന്നു.
2010ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 15 സീറ്റ് നേടിയ കോൺഗ്രസ് 2015-ൽ ട്വന്റി 20 കളത്തിൽ ഇറങ്ങിയതോടെ പൊളിച്ചടുക്കപെട്ടു. പതിനഞ്ച് സീറ്റുകൾ ഉണ്ടായിരുന്നിടത്തു നിന്ന് കോൺഗ്രസ് ഒരു സീറ്റിലേക്കു ചുരുങ്ങുകയായിരുന്നു. അന്ന് മുതൽ എറണാകുളത്തെ കോൺഗ്രസ് നേതൃത്വത്തിന് ട്വന്റി 20 തലവേദനയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പഞ്ചായത്തുകളിൽ അവർ ഭരണം പിടിച്ചതോടെ അവർ ചെയ്യുന്ന ജനക്ഷേമ പ്രവർത്തനങ്ങൾ തങ്ങൾക്ക് ഒരിക്കലും ചെയ്യാനാവില്ലെന്ന് ഉറപ്പുള്ളതിനാൽ പിന്നെ ട്വന്റി 20 യെ തകർക്കണമെന്ന ദൃഢമായ തീരുമാനത്തിലുമായിരുന്നു. ഇത് കോൺഗ്രസിന്റേത് മാത്രമല്ല, ഇടത് പക്ഷ പാർട്ടികൾക്കും കേരളത്തിൽ ട്വന്റി 20 യുടെ വളർച്ച തലവേദന തന്നെയാണ് ഇപ്പോൾ പോലും.
വൈരാഗ്യം തീർക്കാൻ വ്യവസായ യൂണിറ്റുകളെ കരുവാക്കുന്ന പണ്ടുകാലത്തുണ്ടായിരുന്ന ദുഷ്പ്രവണതയാണ് ഇക്കാര്യത്തിൽ ആവർത്തിക്കപ്പെടുന്നതെന്നു പറയാതിക്കാൻ കഴിയുന്നില്ല. അതൊരുതരം തറവേലയാണ്. അതിലൂടെ സംഭവിക്കുന്നത്. വ്യവസായ സൗഹൃദം എന്ന് പറഞ്ഞു പതിനയ്യായിരത്തിലേറെ വരുന്ന കിറ്റെക്സിലെ തൊഴിലാളികളുടെ പള്ളയിലടിക്കലാണ്. പുതിയ നിക്ഷേപങ്ങൾക്കു വേണ്ടി സർക്കാർ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് പറയുമ്പോൾ കിറ്റെക്സ് അതിനു അപവാദമായി മാറാനിടയായാൽ എന്ത് ന്യായീകരങ്ങൾ പറഞ്ഞാലും സത്യത്തെ മൂടി മറക്കാനാവില്ല.