Editors PicksFeaturedIndiaKeralaLatest NewsLocal NewsMost Popular NewsNationalPoliticssocial mediaviral newsviral story

മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിക്കുന്ന അടിയന്തരാവസ്ഥയെന്ന് കെ.കെ. രമ എം.എൽ.എ.

തിരുവനന്തപുരം/ മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിക്കുന്ന അടിയന്തരാവസ്ഥയായി മാറിയിരിക്കുകയാണെന്ന് കെ.കെ. രമ എം.എൽ.എ. മുഖ്യമന്ത്രി കടന്നുപോകുന്ന വഴികളിൽ നിന്ന് ജനങ്ങളെ മുഴുവൻ ഒഴിപ്പിക്കുന്നത്രയും പരിഹാസ്യമായ ഭീരുത്വം കേരളം ഇതിന് മുമ്പ് എന്നെങ്കിലും കണ്ടിട്ടുണ്ടോയെന്നും പിണറായി വിജയന്റെ സാന്നിധ്യമുള്ളതിന്റെ നിശ്ചിത കിലോമീറ്റർ ചുറ്റളവിൽ കറുപ്പ് നിറത്തിന് പോലും നിരോധനം വരുന്നുവെന്ന സ്ഥിതി എന്തുമാത്രം ഭയാനകമാണെന്നും കെ.കെ. രമ ചോദിച്ചു.

മാധ്യമ പ്രവർത്തകരുടെ പോലും കറുത്ത മാസ്‌ക്ക് വലിച്ചൂരുകയാണ് പൊലീസ്. മുഖ്യമന്ത്രി യുള്ള നഗരത്തിൽ കറുത്ത ചുരിദാറണിഞ്ഞ് സഞ്ചരിച്ച കുറ്റത്തിന് ട്രാൻസ്‌ജെന്റെഴ്‌സിനെ പോലും അപമാനിച്ച് പിടിച്ചുകൊണ്ടുപോകുന്ന ഭരണകൂടഭീകരത ഒരു മുഖ്യമന്ത്രിയുടെ ഭീരുത്വത്തിന് കുടപിടിച്ച് നിൽക്കുന്നതാണ് കേരളം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. കെ.കെ. രമ

‘ഭരണകൂട ഭീകരതകൊണ്ട് പ്രതിഷേധങ്ങളുടെ വായടപ്പിച്ച്, ജനാധിപത്യ പൗരസ്വാതന്ത്ര്യത്തെ തടവിലിട്ട്, കാക്കിപ്പടയെ കയറൂരിവിട്ട്, പ്രതിഷേധങ്ങളെ തല്ലിയൊതുക്കി, സമരങ്ങളേയും പ്രതിഷേധക്കാരെയും അപഹസിച്ചും അപമാനിച്ചും ധിക്കാരപൂർവ്വം നാടുവാഴാമെന്ന് കരുതുന്ന കേരള മുഖ്യമന്ത്രിയുടെ വെല്ലുവിളിയെ ജനാധിപത്യ കേരളം ഏറ്റെടുക്കുക തന്നെ ചെയ്യും,’ കെ.കെ. രമ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നു.

അത്യന്തം ഗുരുതരമായ ആരോപണങ്ങളിൽ മൂക്കറ്റം മുങ്ങിനിൽക്കുന്നൊരാൾ മുഖ്യമന്ത്രിപദം പോലെ ഒരു അതിപ്രധാനപദവിയിൽ ഇപ്പോഴും കടിച്ചുതൂങ്ങുന്നതിന്റെ നീതികേട് എല്ലാ മനുഷ്യരും ചൂണ്ടിക്കാണിച്ചുകൊണ്ടിരിക്കുന്നു. രമ പറഞ്ഞു. പോലീസ് ബാരിക്കേഡ് ഭേദിക്കാൻ ശ്രമിക്കവേ വീഴാൻ പോയ ഒരു വനിതാപ്രവർത്തകയുടെയും, അവരെ താങ്ങിപ്പിടിച്ച സഹപ്രവർത്തകന്റെയും ചിത്രം മുൻനിർത്തി സി.പി.ഐ.എമ്മിന്റെ സൈബർ വെട്ടുകിളിക്കൂട്ടങ്ങൾ സോഷ്യൽ മീഡിയയിൽ എത്ര ഹീനമായ പ്രചാരണമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അവർ ചോദിച്ചു.

ആണിന്റെയും പെണ്ണിന്റെയും സമരവീര്യത്തിന്റെ ചരിത്രം കൂടിയാണ് കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ചരിത്രമെന്ന് ഈ അടിമക്കടന്നലുകൾക്ക് പറഞ്ഞുകൊടുക്കാൻ പോലും ആ പാളയത്തിൽ ആരുമില്ലെന്നത് തീർച്ചയായും അമ്പരപ്പിക്കുന്നുവെന്നും സമരങ്ങളിലുടെ വളർന്ന കേരളം സമരങ്ങളിലൂടെ തന്നെ ഭരണാധികാര ധിക്കാരങ്ങളെ ചെറുക്കുമെന്നും കെ.കെ. രമ പറഞ്ഞിട്ടുണ്ട്.

 

Back to top button