Editors PicksFeaturedKeralaLatest NewsLifestyleLocal NewsMost Popular Newssocial mediaviral newsviral story

മക്കളെ ജീവിതത്തിൽ കരപിടിപ്പിച്ചതോടെ തനിച്ചായ അമ്മക്കൊരു കൂട്ടൊരുക്കിയ മകൾ, അമ്മയെ വിവാഹം കഴിപ്പിച്ച മക്കൾ, വൈറലായ ഒരു വിവാഹ പോസ്റ്റ്.

മക്കളെ ജീവിതത്തിൽ കരപിടിപ്പിച്ചതോടെ തനിച്ചായ അമ്മോക്കൊരു കൂട്ടൊരുക്കിയ മക്കളെപ്പറ്റിയാണ് വാർത്ത. അമ്മയെ വിവാഹം കഴിപ്പിച്ച മക്കളിൽ മകൾ എഴുതിയ ഫേസ് ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്. അമ്മയ്ക്കും റെജി അങ്കിളിനും ആശംസകൾ നേർന്ന് കൊണ്ടാണ് കീർത്തി സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് പങ്ക് വെച്ചിരിക്കുന്നത്. അമ്മയുടെ വിവാഹത്തെക്കുറിച്ചും സമൂഹത്തെ ഭയക്കാതെ, തനിച്ചാകുന്ന മാതാപിതാക്ക ൾക്ക് നൽകേണ്ട കരുതലിനെക്കുറിച്ചുമൊക്കെ കീർത്തി തന്റെ പോസ്റ്റിൽ പങ്കുവെക്കുന്നുണ്ട്.

അമ്മയ്ക്കും റെജി അങ്കിളിനും ആശംസകൾ നേർന്ന് ഒരു പോസ്റ്റ് പങ്കുവെക്കുമ്പോൾ ഇത്രയും പേരിലേക്ക് അത് എത്തിച്ചേരുമെന്ന് കീർത്തി പ്രതീക്ഷിച്ചിരുന്നില്ല. കൈനിറയെ പോസിറ്റീവ് കമന്റുകളാണ് പോസ്റ്റിനു ലഭിച്ചത്. ഇപ്പോഴും നിരവധി പേർ വിളിക്കുന്നു. പലരുടെയും അച്ഛനോ അമ്മയോ ഇത്തരത്തിൽ വീടുകളിൽ ഒറ്റയ്ക്കാണ്. എന്റെ പോസ്റ്റ് അവർക്കൊരു പ്രചോദനമായി അവർക്കൊരു കൂട്ടു തേടാൻ താൽപര്യമുണ്ട് എന്നൊക്കെ പറഞ്ഞു. ആരുടെയും കൈയടി ലഭിക്കാൻ വേണ്ടി ചെയ്തതല്ല.

അമ്മ ഒറ്റയ്ക്ക് ജീവിതം കെട്ടിപ്പടുത്ത സ്ത്രീയാണ്. എന്നെയും അനുജനെയുമൊക്കെ സെറ്റിൽഡാക്കിയത് അമ്മയാണ്. ഇപ്പോൾ രണ്ടു മാസമായതേയുള്ളു അമ്മ തനിച്ച് ജീവിക്കാൻ തുടങ്ങിയിട്ട്. ആ രണ്ടു മാസംകൊണ്ട് അമ്മ ഏറെ ഒറ്റപ്പെട്ടതു പോലെ ഞങ്ങൾക്ക് തോന്നിയിരുന്നു. അച്ഛൻ മരിച്ചിട്ട് എട്ടു വർഷമായി. ആ സമയത്തൊക്കെ അമ്മയെ കല്ല്യാണം കഴിപ്പിക്കാൻ ഏറെ ശ്രമിച്ചിരുന്നു. പക്ഷേ അമ്മയ്ക്ക് തീരെ താൽപര്യമുണ്ടായിരുന്നില്ല. ഒടുവിൽ ഏറെ പണിപ്പെട്ടാണ് അമ്മയുടെ സമ്മതം വാങ്ങിയെടുത്തത്. ഇന്ന് അമ്മയും ഞങ്ങളും ഒരുപോലെ ഹാപ്പിയാണ്.

റെജി അങ്കിളിനോട് സംസാരിച്ചപ്പോൾ അമ്മയ്ക്കും താൽപര്യം തോന്നി. എന്റെ സഹോദരനും അവന്റെ ഭാര്യയും എന്റെ ഭർത്താവുമൊക്കെ ധൈര്യമായി വിവാഹ ആലോചനയുമായി മുന്നോട്ടു പോവാൻ പറഞ്ഞു. സമൂഹത്തെ ഭയക്കേണ്ട കാര്യമില്ലെന്നും അമ്മയുടെ സന്തോഷം മാത്രമേ നോക്കേണ്ടതുള്ളൂ എന്നും അവർ പറഞ്ഞപ്പോൾ പിന്നീടൊന്നും നോക്കിയില്ല. അങ്ങനെയാണ് ഇരുവീട്ടുകാരും സംസാരിച്ച് വിവാഹത്തിലെത്തിയത്. അമ്മയും റെജി അങ്കിളും സന്തോഷത്തോടെ ജീവിച്ചാൽ മതിയെന്നേ മനസ്സിലുള്ളു.

അമ്മയെ പറ്റി കീർത്തി എഴുതിയിരിക്കുന്നത്.

ഇരുപത്തിരണ്ടാം വയസ്സിലായിരുന്നു അമ്മയുടെ ആദ്യവിവാഹം. രാഷ്ട്രീയപ്രവർത്തനവും സാമൂഹിക പ്രവർത്തനവുമൊക്കെയായിരുന്നു അച്ഛന്റെ ഇഷ്ടമേഖല. അമ്മയ്ക്കൊരു നിയന്ത്രണങ്ങളും വെക്കാതെ എല്ലാ രീതിയിലും പ്രോത്സാഹനം നൽകിയിരുന്ന ഭർത്താവായിരുന്നു അച്ഛൻ. എനിക്ക് മൂന്നര വയസ്സും അനുജന് ആറു മാസവും ഉള്ളപ്പോഴാണ് അമ്മ തൊഴിലിൽ പ്രവേശിക്കുന്നത്. ഒരുപാട് ബിസിനസ്സുകൾ തുടങ്ങുകയും പരാജയപ്പെടുകയുമൊക്കെ ചെയ്തു.

മുപ്പത്തിയഞ്ചാമത്തെ വയസ്സിലാണ് അമ്മ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്കിൻ ആൻഡ് കോസ്മെറ്റിക് ടെക്നോളജിയിൽ റിസർച്ച് ചെയ്ത് ഡോക്ടറേറ്റ് എടുത്തു. പിന്നീട് സലൂൺ മേഖലയിലേക്ക് തിരിഞ്ഞു. ഉറുമ്പ് അരിമണി സൂക്ഷിക്കുന്നതുപോലെ കാത്തുവെച്ചാണ് അമ്മ തന്റെ ബിസിനസ്സ് കെട്ടിപ്പടുത്തത്. ഇന്ന് ഏഴോളം സ്ഥാപനങ്ങളുണ്ട്. ഒരുപാട് വേൾഡ് ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുകയും റാങ്ക് നേടുകയും ചെയ്തിട്ടുണ്ട്. അമ്മയ്ക്ക് സജീവ പിന്തുണയായി അനുജനും കൂടെയുണ്ട്.

അച്ഛൻ മരിച്ചപ്പോഴേക്കുമൊക്കെ അമ്മ സ്വന്തംകാലിൽ നിൽക്കാൻ പ്രാപ്തയായിരുന്നു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കഠിനാധ്വാനം ചെയ്താണ് ഇന്നത്തെ അവസ്ഥയിൽ എത്തിച്ചേർന്നത്. ഇതിനിടയിൽ ലോകത്തെ പലയിടങ്ങളിലും ക്ലാസുകൾക്കും മറ്റുമായി പോയിട്ടുണ്ട്. സ്വപ്നങ്ങൾ ഏറെയുള്ള ആളാണ് അമ്മ. ആ സ്വപ്നങ്ങൾക്ക് താങ്ങായി കൂടെനിൽക്കുന്ന കൂട്ടുകാരനാണ് റെജി അങ്കിൾ.

അമ്മ ഫ്ളാറ്റിൽ തനിച്ചാണ് താമസം. ഞാനും അനുജനും വേറെ വീടുകളിലാണ്. ഒരു ദിവസം അമ്മയെ വിളിച്ചപ്പോൾ കിട്ടുന്നേയില്ല. പോയി നോക്കിയപ്പോഴാണ് പനി പിടിച്ചു കിടക്കുകയായിരുന്നു. അന്നുതന്നെ സഹോദരന്റെ ഭാര്യയോടു പറഞ്ഞു ഇനി അമ്മയെ ഇങ്ങനെ തനിച്ചാക്കിക്കൂടാ, അമ്മയ്ക്കൊരു കൂട്ടു വേണം എന്ന്. എല്ലാവരും നടത്തിയ അന്വേഷണത്തിലാണ് റെജി അങ്കിളിനെക്കുറിച്ച് അറിയുന്നത്. ഹൈസ്കൂൾ പ്രഥമാധ്യാപകനാണ്, അദ്ദേഹത്തിന്റെ ഭാര്യയും പത്തു വർഷം മുമ്പ് മരിച്ചതായിരുന്നു.

ഇങ്ങനെ ഒരു വിവാഹ ആലോചനയുമായി അനുജനെ സമീപിച്ചപ്പോൾ അവനും സന്തോഷമായി. റെജി അങ്കിൾ ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകനാണ്. പാർട്ടിപരമായി അദ്ദേഹത്തിന് ഞങ്ങളുടെ അച്ഛനെയും കുടുംബത്തെയുമൊക്കെ അറിയുകയും ചെയ്യും. അദ്ദേഹത്തിന്റേതും പുരോ​ഗമന ചിന്താ​ഗതിയൊക്കെ ആകുമെന്ന് പറഞ്ഞ് അമ്മയെ സമീപിച്ചു. അദ്ദേഹത്തിനും ആദ്യം ആശങ്കയായിരുന്നു. അങ്കിളിനെ ഞങ്ങളുടെ അമ്മയെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ ആ​ഗ്രഹമുണ്ടെന്ന് പറഞ്ഞ് വിളിച്ചപ്പോൾ അദ്ദേഹം ആശങ്കപ്പെട്ടത് അമ്മ സമ്മതിക്കുമോ എന്നായിരുന്നു. അമ്മയെ ഞങ്ങൾ സമ്മതിപ്പിച്ചപ്പോളാം അങ്കിൾ ഓക്കേ ആണോ എന്നു ചോദിച്ചു. അദ്ദേഹം സമ്മതം മൂളിയപ്പോൾ പിന്നെ അമ്മയോട് അദ്ദേഹത്തോട് സംസാരിക്കാൻ പറഞ്ഞു. ഇരുവരും ഫോണിൽ സംസാരിച്ച് പരസ്പരം മനസ്സിലാക്കിയപ്പോൾ അമ്മയ്ക്ക് സമ്മതമായി. ഒരു മാസത്തിനുള്ളിൽ കല്ല്യാണവുമായി. സ്പെഷൽ മാര്യേജ് ആക്റ്റ് പ്രകാരമാണ് വിവാഹം കഴിച്ചത്. കീർത്തി കുറിച്ചിരിക്കുന്നു.

Back to top button