Editors PicksFeaturedKeralaLatest NewsLocal NewsMost Popular Newssocial mediaSpecial Storyviral newsviral story

‘കുറുപ്പും, ‘തുമ്മലും’, പിന്നെ ‘അനന്തപുരിയിലെ മാളും’…

സണ്ണി ചെറിയാൻ

‘എത്ര പേർ വായിക്കുന്നു എന്നതിലല്ല എത്ര പേർ വിശ്വസിക്കുന്നു എന്നതിലാണ് യഥാർത്ഥ ത്തിലുള്ള പത്രങ്ങളുടെ പ്രചാരം. കച്ചവടത്തിനപ്പുറം മൂല്യ ബോധം വളർത്താൻ പത്രങ്ങൾക്കു കഴിയണം.’അഴിക്കോട് മാഷ് പറഞ്ഞതിന് പ്രസക്തിയേറുന്ന കാലമാണിത്.

കാലങ്ങൾക്കു മുൻപ് പ്ലാച്ചിമട കൊക്കോക്കോള ഫാക്ടറി പൂട്ടിക്കാൻ സമരം നടത്തിയ പെരുമാട്ടി ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് കൃഷ്ണന് പിന്മാറ്റത്തിനായി 36കോടി വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. അന്നും, ഇന്നും അതൊരു വലിയ തുക തന്നെ. എന്നാൽ പെരുമാട്ടി ഗ്രാമപഞ്ചായത്തു പ്രസിഡന്റ്‌ ഉപേക്ഷിച്ച തുകയുടെ പകുതിയെങ്കിലും പരസ്യങ്ങളുടെ പേരിൽ കേരളത്തിലെ പത്രങ്ങൾ കോളയിൽ നിന്നു വേണ്ടെന്ന് വച്ചില്ല. അന്ന് പെരുമാട്ടിയുടെ ഗരിമയിലൂടെ ധാർമികത എന്തെന്ന് നാം കണ്ടു.

കുറെ ദിവസങ്ങളായി നമ്മുടെ മാധ്യമങ്ങൾ ”കുറുപ്പിന്’ പിന്നാലെയായിരുന്നു. ‘കുറുപ്പ്’ കണ്ടിറങ്ങിയവരുടെ പ്രതികരണം നൽകാൻ തന്നെ ചില ദൃശ്യമാധ്യമങ്ങൾ ദിവസങ്ങളോളം മത്സരിച്ചു. മരക്കാർ തീയേറ്ററിലോ, ഒ.ടി. ടി പ്ലാറ്റ്ഫോമിലോ എന്നതിനെ സംബന്ധിച്ചു അന്തി ചർച്ചകൾ നീണ്ടു. ഇപ്പോൾ മരക്കാർ സിനിമാ ശാലകളിൽ കളിക്കാൻ മിനിമം ഗ്യാരണ്ടി വേണമെന്ന് നിർമ്മാതാവ് പറയുന്നു പോലും. ഇതിലും ഒരു ചർച്ച പ്രതീക്ഷിക്കാം.

ലാലും, ദുൽക്കറുമൊക്കെ മികവുറ്റ അഭിനേതാക്കൾ തന്നെ. പക്ഷേ ഒന്നോ രണ്ടോ സിനിമകൾക്ക് വേണ്ടി മുഴുനീളചർച്ചകളും, വാർത്തകളും നൽകുമ്പോൾ കോവിഡ് കാലത്തെ ദുരിതങ്ങൾ പലപ്പോഴും മാധ്യമങ്ങൾ കണ്ടില്ലെന്നു നടിക്കുന്നു.

ആത്മഹത്യകൾ പെരുകുന്നു, ഇന്ധന വില റോക്കറ്റ് കണക്കെ കുതിക്കുന്നു, പ്രകൃതി ക്ഷോഭത്തിൽ കേരളം വീണ്ടും വിറങ്ങലിക്കുന്നു.. ഇതൊക്കെ എത്ര കണ്ടതാണ് എന്ന നിലയിലാണ് പല മാധ്യമങ്ങളും.

ഒന്നാം പേജിൽ വാർത്തകൾ ഒഴിവാക്കി തുമ്മൽ ഒഴിവാക്കുന്ന കമ്പനിയുടെ മുഴുനീള പരസ്യം നൽകാനാണ് മാധ്യമങ്ങൾക്ക് ഇപ്പോൾ കമ്പം. അലർജിക്ക്‌ മുൻപെങ്ങും ഇല്ലാത്ത ചികിത്സ ഇവർ വാഗ്ദാനം ചെയ്യും. കണ്ണൂർ മുതൽ കായംകുളംവരെയുള്ള സ്വകാര്യ ലാബുകളിൽ എത്തിയാൽ 3600ന് അലർജി ടെസ്റ്റ്‌ പോലും!!! പക്ഷേ റിസൾട്ടും തുടർ ചികിത്സയും നിശ്ചയിക്കുന്നത് ചെന്നൈയിൽ നിന്നും. കോടികളുടെ പരസ്യം കണ്ട് ഒരിക്കലെങ്കിലും തുമ്മിയിട്ടുള്ളവർ ഇവരെ തേടിപ്പോയാൽ അത്ഭുതത്തിന് അവകാശമില്ല.

ചില മാധ്യമങ്ങൾ ദിവസങ്ങൾക്കു മുൻപേ അനന്തപുരിയിലെ ഒരു മാളിന്റെ മായാക്കാഴ്ചകൾ മാലോകരിൽ എത്തിക്കാൻ ഇപ്പോൾ തന്നെ മത്സരം തുടങ്ങി കഴിഞ്ഞു. അവിടെയും പരസ്യം തന്നെ ലക്ഷ്യം. പരസ്യം വേണ്ടെന്ന് പറയുന്നില്ല. ഒന്നാം പേജ് പോലും വാർത്ത ഒഴിവാക്കി പരസ്യം നൽകുമ്പോൾ ഇവർ വഞ്ചിക്കുന്നത് വായനക്കാരെ തന്നെ.

വായിച്ചും, കണ്ടും, കേട്ടും നേടിയ അറിവിന്റെ വാതായനങ്ങളിൽ നന്മ തിന്മകളെ തിരിച്ചറിഞ്ഞിരുന്ന മഹാരഥന്മാരായ പത്രം ഉടമകൾ മുൻപ് ഇവിടെയുണ്ടായിരുന്നു. ഞാൻ എന്ന ചിന്തയ്ക്ക് പകരം ഞങ്ങൾ എന്ന വികാരം നെഞ്ചിലേറ്റിയിരുന്നവർ.

ചെളി പുരണ്ട കർഷകനെ കണ്ട ഗാന്ധിയും, മണ്ണിന്റെ മണമുള്ള കർഷകനെക്കുറിച്ച് എഴുതിയ ഇടശേരിയുമൊക്കെ ‘അംശവടിയും, കിരീടവും ‘സ്വന്തമായുള്ളവർക്ക് മുന്നിൽ ഒന്നുമല്ല. പക്ഷേ മാധ്യമങ്ങൾ ഒന്നോർക്കുക. ഏഴു രൂപാ മുടക്കുന്നവന്റെ തന്നെയാണ് പത്രം.

 

Back to top button