ദിലീപിനെതിരായ വധഗൂഢാലോചനക്കേസ്, കൊച്ചി രവിപുരത്തെ ഫ്ളാറ്റില്‍ ക്രൈംബ്രാഞ്ച് പരിശോധന.
കൊച്ചി/ നടൻ ദിലീപിനെതിരായ വധഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് കൊച്ചി രവിപുരത്തെ ഫ്ളാറ്റില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും മറ്റുചിലരും ഫ്ളാറ്റില്‍ ഗൂഢാലോചന നടത്തിയതായി സംവിധായകന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്ന തിന്റെ അടിസ്ഥാനത്തിലാണ് ഫ്ളാറ്റില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്.
ഇതിനിടെ, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ഒരുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് വിചാരണ കോടതിയുടെ ഉത്തരവ് ഉണ്ടായി. അന്വേഷണത്തിന് ആറ് മാസത്തെ സമയം അനുവദിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. വധ ഗൂഢാലോചനാക്കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലും ഫോണുകളുടെ പരിശോധന സംബന്ധിച്ചും ഹൈക്കോടതി വിധി പറയാനിരിക്കുകയാണ്.
ദിലീപിന്റെ സഹോദരന് പി അനൂപ്, സഹോദരി ഭര്‍ത്താവ് ടി എന്‍ സുരാജ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, അനൂപിന്റെ ഭാര്യയുടെ ബന്ധുവായ അപ്പു എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി അടിയന്തരമായി തീരുമാനമെടുക്കണം എന്നതാണ് പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും ആവശ്യം.ജാമ്യാപേക്ഷ വൈകുന്ന ഓരോ ദിവസവും ക്രൈംബ്രാഞ്ച് വ്യാജ തെളിവുകള്‍ സൃഷ്ടിക്കുകയാണെന്ന് ദിലീപും, അറസ്റ്റില്‍നിന്ന് സംരക്ഷണം ലഭിച്ചിരിക്കുന്നതിനാൽ ഓരോ ദിവസവും തെളിവുകള്‍ നശിപ്പിക്കപ്പെടുകയാണെന്നും പ്രോസിക്യൂഷനും ആരോപിക്കുകയാണ്.