പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം കോടതി നേരിട്ട് കാണും.
തിരുവനന്തപുരം/ പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം കോടതി നേരിട്ട് കാണും. പ്രസംഗം കോടതിമുറിയില്‍ പ്രദര്‍ശിപ്പിക്കാന്‍ സൗകര്യം ഉണ്ടാക്കണമെന്ന് സൈബര്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കവെ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പൊലീസിന് ഇക്കാര്യത്തിൽ നിര്‍ദേശം നല്‍ക്കുകയായിരുന്നു.
പി സി ജോര്‍ജ് നടത്തിയ മതവിദ്വേഷ പ്രസംഗത്തിന്റെ ഡിവിഡി കോടതിക്ക് പ്രോസിക്യൂ ഷന്‍ കൈമാറിയിരുന്നു. ഈ പ്രസംഗം കാണാന്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് സൗകര്യം ഒരുക്കാനാണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്-രണ്ട് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
തന്റെ പേരിൽ കേസെടുത്തത് രാഷ്ട്രീയപ്രേരിതമായിട്ടാണെന്നും, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസംഗം നടത്തിയതെന്നുമാണ് പി സി ജോര്‍ജിന്റെ ന്യായീകരണം. എന്നാല്‍ ജനാധിപത്യ മര്യാദകള്‍ പാലിക്കാത്ത പി സി ജോര്‍ജ്, ജാമ്യവസ്ഥ ലംഘിച്ച് കോടതിയെ പോലും വെല്ലുവിളിക്കുകയാണെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്.