CovidEditors PicksHealthKeralaLatest Newssocial mediaviral newsviral story

കൊവിഡ് കുതിക്കുന്നു, നിയന്ത്രണങ്ങളും ഇളവുകളും ഇങ്ങനെ..

തിരുവനന്തപുരം/കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ജനുവരി 23നു ഞായറാഴ്ച സംസ്ഥാനത്ത് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണം ആണ് ഉണ്ടാവുക. നിയന്ത്രണങ്ങൾ നടപ്പിലാക്കാനും ലംഘനങ്ങൾ കണ്ടെത്താനും പോലീസ് പരിശോധനകളുണ്ടാകും. ഞായറാഴ്ചത്തെ നിയന്ത്രണങ്ങളും ഇളവുകളും ഇങ്ങനെയാണ്.

വിവാഹം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവയ്ക്ക് 20 പേർ മാത്രമേ ഞായറാഴ്ചകളിൽ പങ്കെടുക്കാൻ പാടുള്ളു. ഞായറാഴ്ച ജോലിചെയ്യേണ്ടവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് സഞ്ചരിക്കാം. പരീക്ഷകൾ എഴുതാൻ പോകുന്നവര്‍ക്ക് അഡ്മിറ്റ് കാര്‍ഡുകള്‍ കൈവശംവെച്ച് യാത്രചെയ്യാം. അടിയന്തര വാഹന അറ്റകുറ്റപ്പണികള്‍ക്കായി വര്‍ക്ക് ഷോപ്പുകള്‍ തുറക്കാൻ അനുമതി ഉണ്ടാകും. ദീര്‍ഘദൂരയാത്ര കഴിഞ്ഞെത്തുന്നവര്‍ക്ക് തീവണ്ടി, ബസ്, വിമാന യാത്രാ രേഖകള്‍ കാട്ടിയാല്‍ സഞ്ചരിക്കാം.

രാവിലെ ഏഴു മണിമുതൽ രാത്രി ഒമ്പതുവരെ റെസ്റ്റോറന്‍റുകള്‍, ബേക്കറികള്‍ എന്നിവയ്ക്ക് പാഴ്‌സലുകള്‍ക്കായി തുറക്കാം. പലവ്യഞ്ജനങ്ങള്‍, പഴം, പച്ചക്കറികള്‍, പാലും പാൽ ഉൽപ്പന്നങ്ങളും വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍, ഇറച്ചിക്കടകള്‍, കള്ളുഷാപ്പുകള്‍ തുടങ്ങിയവയ്ക്കും പ്രവർത്തനാനുമതിയുണ്ടാകും.

ഞായറാഴ്ചകളില്‍ നിയന്ത്രണം കടുപ്പിച്ച സാഹചര്യത്തിൽ ജനുവരി 23, 30 തീയതികളില്‍ നടത്താനിരുന്ന പി എസ് സി. പരീക്ഷകള്‍ മാറ്റി. 23ന് നിശ്ചയിച്ചിരുന്ന മെഡിക്കല്‍ എജ്യുക്കേഷനിലെ റിസപ്ഷനിസ്റ്റ് പരീക്ഷ ജനുവരി 27-ന് നടത്തും. 23നുള്ള ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് 2 പരീക്ഷകള്‍ ജനുവരി 28നായിരിക്കുമെന്നും പി എസ് സി അറിയിച്ചു. ജനുവരി 30ന് നിശ്ചയിച്ച വാട്ടര്‍ അതോറിറ്റി ഓപ്പറേറ്റര്‍ പരീക്ഷ ഫെബ്രുവരി നാലിലേക്ക് മാറ്റി. പരിഷ്‌കരിച്ച ദിവസക്രമം പി എസ് സി വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇതിനിടെ സംസ്ഥാനത്ത് കൊവിഡ്-19 കേസുകൾ ഉയരുന്ന സാഹചര്യത്തിൽ നിർദേശങ്ങൾ കർശനമാക്കാൻ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകിയിട്ടുണ്ട്. പനി ലക്ഷണങ്ങളുണ്ടെങ്കിൽ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കരുത്. പനിയുടെ ലക്ഷണങ്ങൾ ഉള്ളവർ കൊവിഡ് പരിശോധന നടത്തണം. ജലദോഷം പോലെയുള്ള ലക്ഷണങ്ങളുള്ളവർ ഹോം ഐസോലേഷനിൽ കഴിയണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ജില്ലാ കൊവിഡ് കൺട്രോൾ റൂമുകളിലെ നമ്പർ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് പുറത്തുവിട്ടു. സംസ്ഥാനത്ത് കൊവിഡ് സാഹചര്യത്തില്‍ ജില്ലാ കോവിഡ് കണ്‍ട്രോള്‍ റൂമുകളിലെ കോള്‍ സെന്ററുകളില്‍ കൂടുതല്‍ ഫോണ്‍ നമ്പരുകള്‍ സജ്ജമാക്കി. കോവിഡ് രോഗികളുടെ ചികിത്സയുമായും ക്വാറന്റൈനുമായും ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് അതത് ജില്ലകളില്‍ തന്നെ വിളിക്കാനായാണ് ജില്ലാ കോള്‍ സെന്ററുകള്‍ സജ്ജമാക്കിയിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

ഗൃഹ നിരീക്ഷണം, പാലിക്കേണ്ട സുരക്ഷാ നടപടികള്‍, ചികിത്സ തുടങ്ങിയവയെ സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് വിളിക്കാവുന്നതാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ കോവിഡ് രോഗിയെ ആശുപത്രിയില്‍ മാറ്റുന്നതിന് സഹായിക്കുകയും ചെയ്യും. ഇതുകൂടാതെ സംസ്ഥാന തലത്തില്‍ ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ 24 മണിക്കൂറും വിളിക്കാവുന്നതാണ്. കോവിഡിനെപ്പറ്റിയുള്ള എല്ലാവിധ സംശയങ്ങള്‍ക്കും ഡോക്ടറുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും ദിശയില്‍ വിളിക്കാവുന്നതാണ്.

Back to top button