ധന്യ സോജന്റെ മോഹം ധന്യമായി, ജീവനുവേണ്ടി പടപൊരുതുമ്പോഴും ഒത്തിരി ആഭരണങ്ങൾ അണിഞ്ഞും, ഒരുപാട് ചിത്രങ്ങൾ എടുത്തും മണവാട്ടി പെണ്ണായി…
തൊടുപുഴ/ ജീവിതത്തോട് ജീവനുവേണ്ടി പൊരുതുന്ന ധന്യ സോജന്റെ മോഹം ധന്യമായി. ഹൃദയത്തിന്റെ പ്രവർത്തനം 20 ശതമാനത്തിലേക്കു ചുരുങ്ങുന്ന കൺജസ്റ്റീവ് ഹാർട്ട് ഡിസോർഡറും ആരോഗ്യപ്രശ്നവുമായി ജീവിതത്തോടു പടപൊരുതി ജീവിക്കുന്ന തൊടുപുഴ സ്വദേശിനി പാണ്ടിയംമാക്കൽ ധന്യ എന്ന 20 കാരിക്ക് ബോളിവുഡ് താരങ്ങളായ അനിൽ കപൂറും കരീന കപൂറും അഭിനയിച്ച മലബാർ ഗോൾഡിന്റെ പരസ്യം കണ്ടപ്പോൾ ഒരു മോഹം. ഇതുപോലെ ഒത്തിരി ആഭരണങ്ങൾ അണിയാനും ഒരുപാട് ചിത്രങ്ങൾ എടുക്കാനും എനിക്കും കഴിഞ്ഞിരുന്നെങ്കിൽ.
ആ ചിത്രത്തിനു താഴെ ധന്യ കമന്റ് ഇട്ടു. ‘ഇതുപോലെ ആഭരണങ്ങൾ ധരിക്കാനും ഒരുപാട് ചിത്രങ്ങൾ എടുക്കാനും ഞാനും ആഗ്രഹിച്ചുപോകുന്നു..’ എന്നായിരുന്നു ആ കമന്റ്. സമൂഹ മാധ്യമത്തിലെ ഒരു പോസ്റ്റിനു താഴെ ആഗ്രഹം പങ്കുവെച്ച ധന്യക്ക് മറുപടിയുമായി മലബാർ ഗോൾഡ് എത്തുകയായിരുന്നു പിന്നെ.
ധന്യയുടെ കമന്റ് ശ്രദ്ധയിൽപ്പെട്ട മലബാർ ഗോൾഡ് അധികൃതർ ധന്യയെ വിളിച്ച് അടുത്തയാഴ്ച ഫോട്ടോഷൂട്ടിനു റെഡിയാവാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. വിവാഹ വസ്ത്രങ്ങളണിഞ്ഞു പ്രശസ്ത മോഡലുകൾക്കൊപ്പം ധന്യ ഫോട്ടോ ഷൂട്ടിൽ പങ്കെടുത്തു. ധന്യ അഭിനയിച്ച പരസ്യ ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞ മാസം കൊച്ചിയിൽ പൂർത്തിയാക്കി. മലബാർ ഗോൾഡിനുവേണ്ടി ധന്യ മോഡലാകുന്ന കഥ പറയുന്ന വിഡിയോ കഴിഞ്ഞ ദിവസം കരീന കപൂർ ഇൻസ്റ്റഗ്രം അക്കൗണ്ടിൽ ഷെയർ ചെയ്തു. രോഹൻ മാത്യു ആനി ഈ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ലോകത്തെമ്പാടുമുള്ള ഒരു കോടിയോളം ആളുകളുടെ ലൈക്കുകൾ നേടി ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
കേരളത്തിൽ നിന്ന് പ്ലസ് ടു കഴിഞ്ഞു കാനഡയിൽ ഡിപ്ലോമ ചെയ്യുന്നതിനിടെ ധന്യ രോഗബാധിതയാവുകയായിരുന്നു. മൂന്നാം സെമസ്റ്റർ പഠനത്തോടൊപ്പം ചികിത്സയും തുടങ്ങി. അവസാന സെമസ്റ്റർ ആശുപത്രിയിൽ ചികിത്സക്കിടെ പൂർത്തിയാക്കുകയായിരുന്നു. പഠനം പൂർത്തിയാക്കി ഇന്ത്യയിൽ മടങ്ങിയെത്തിയ ധന്യ ഇപ്പോൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ധന്യ അഭിനയിച്ച പരസ്യ ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞ മാസം കൊച്ചിയിൽ പൂർത്തിയാക്കി. പിതാവ് സോജൻ ജോസഫും അമ്മ ഷാന്റി ജോസഫും സഹോദരങ്ങളായ സെബാസ്റ്റ്യൻ സോജൻ, അഗസ്റ്റിൻ സോജൻ എന്നിവരും ധന്യയുടെ ആഗ്രഹങ്ങൾക്ക് പൂർണ പിന്തുണ നൽകുകയായിരുന്നു.