ഇഡി കളത്തിലേക്ക് ഇറങ്ങുന്നു, കസ്റ്റംസും ഒപ്പം, സ്വപ്നയുടെ രഹസ്യമൊഴിപ്പകര്‍പ്പ് വാങ്ങും,
തിരുവനന്തപുരം / മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനുമെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഇഡി സ്വപ്നയുടെ രഹസ്യമൊഴിപ്പകര്‍പ്പ് കോടതിയില്‍ നിന്നും വാങ്ങും. സ്വപ്നയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ വീണ്ടും സ്വപ്നയുടെ പുതിയ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും ഇഡി കേസിൽ കുറ്റപത്രം സമര്‍പ്പിക്കുക.
സ്വപ്നയുടെ രഹസ്യമൊഴി വാര്‍ത്തയായതോടെ ഇഡി വീണ്ടും കേസ് സജീവമാക്കുന്നതായ റിപ്പോർട്ടുകകളാണ് പുറത്ത് വന്നിരിക്കുന്നത്. അന്തിമ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും കസ്റ്റംസും സ്വപ്നയില്‍ നിന്നും വിവരങ്ങള്‍ തേടാനാണ് തീരുമാനം. മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും എതിരെയാണ് സ്വപ്ന ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത് 164(ക്രിമിനല്‍ നടപടിച്ചട്ടം) അനുസരിച്ചാണ്. സ്വപ്ന സുരേഷ് എറണാകുളം മജിസ്ട്രേറ്റിന് മുന്നിലാണ് 164(ക്രിമിനല്‍ നടപടിച്ചട്ടം) അനുസരിച്ച് രഹസ്യമൊഴി നല്‍കിയിരിക്കുന്നത് എന്നതാണ് നിർണ്ണായകം.
മൊഴി ഇനി സ്വപ്നക്ക് മാറ്റാനോ പിന്‍വലിക്കാനോ കഴിയില്ല. രഹസ്യമൊഴി ഏത് മജിസ്ട്രേറ്റി നാണോ നല്‍കുന്നത് അദ്ദേഹത്തിന്‍റെ ഉത്തരവാദിത്വത്തിലാണ് അത് സൂക്ഷിക്കുന്നത്. പിന്നീട് വിചാരണക്കോടതിക്ക് അത് കൈമാറും. ഏത് കേസിലാണോ രഹസ്യമൊഴി നല്‍കിയത്, ആ കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥന് ഇതിന്റെ അറ്റസ്റ്റ് ചെയ്ത പകര്‍പ്പ് വാങ്ങാവുന്നതാണ്. സ്വാഭാവികമായും ഇഡിയുടെ അന്വേഷണോദ്യോഗസ്ഥന് ഈ രഹസ്യമൊഴി കോടതിയില്‍ നിന്നും വാങ്ങാം. ഈ രഹസ്യമൊഴി ലഭിച്ചാല്‍ അത് മുന്‍നിര്‍ത്തി സ്വപ്നയുടെ മൊഴി രേഖപ്പെടുത്തുന്നതാണ്. പിന്നീട് മുഖ്യമന്ത്രിയെയും കുടുംബത്തെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തുടർന്ന് തീരുമാനം എടുക്കും.