Editors PicksFeaturedKeralaLatest NewsMost Popular NewsNationalsocial mediaSportsviral newsviral story

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് വിരമിച്ചു.

കുടുംബത്തെയും ടീമംഗങ്ങളെയും ജനങ്ങളെയും പ്രതിനിധീകരിച്ച്‌ രാജ്യത്തിനുവേണ്ടി കളിക്കാനായതില്‍ അഭിമാനമുണ്ടെന്നും വിഷമത്തോടെയാണ് വിരമിക്കൽ തീരുമാനം എടുത്തതെന്നും ശ്രീശാന്ത്

കൊച്ചി / മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് വിരമിച്ചു. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് – ഫസ്റ്റ് ക്ലാസ് അടക്കം എല്ലാ ഫോർമാറ്റില്‍ നിന്നും വിരമിക്കുന്നതായി ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചു. കുടുംബത്തെയും ടീമംഗങ്ങളെയും ജനങ്ങളെയും പ്രതിനിധീകരിച്ച്‌ രാജ്യത്തിനുവേണ്ടി കളിക്കാനായതില്‍ അഭിമാനമുണ്ടെന്നും വിഷമത്തോടെയാണ് വിരമിക്കൽ തീരുമാനം എടുത്തതെന്നും ശ്രീശാന്ത് പറഞ്ഞു.

ഇക്കഴിഞ്ഞ രഞ്ജി സീസണില്‍ കേരളത്തിന് വേണ്ടിയാണ് ശ്രീശാന്ത് അവസാനമായി കളിച്ചത്. ഏറെനാളുകള്‍ക്ക് ശേഷമായിരുന്നു ഫസ്റ്റ് ക്ളാസ് ക്രിക്കറ്റില്‍ ശ്രീശാന്ത് കളിച്ചത്. മേഘാലയയ്‌ക്കെതിരായ മത്സരത്തില്‍ 12 ഓവറില്‍ 40 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടി. പിന്നീട് പരിക്ക് മൂലം കളിക്കാനായില്ല. ഇതോടെയാണ് 39കാരനായ താരം വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വലംകൈയ്യൻ ഫാസ്റ്റ് ബൗളറായ ശ്രീശാന്ത് 2007ലെ ടി20 ലോകകപ്പ് നേടുന്നതില്‍ ഇന്ത്യന്‍ ടീമില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 2011ലെ ഏകദിന ലോകകപ്പ് ടീമിൽ അംഗമായിരുന്നു. 2013ലെ ഐപിഎല്‍ ഒത്തുകളി വിവാദമാണ് ശ്രീശാന്തിന്‍റെ കരിയറിനെ മാറ്റി മറിക്കുന്നത്.

’25 വർഷത്തെ ക്രിക്കറ്റ് ജീവിതം മഹത്തരമായിരുന്നു. ഒരു കളിക്കാരനെന്ന നിലയിലുള്ള 25 വർഷത്തെ കരിയറിൽ, ഞാൻ എല്ലായ്‌പ്പോഴും വിജയം പിന്തുടർന്നിരുന്നു. ഇന്ന് എനിക്ക് ബുദ്ധിമുട്ടുള്ള ദിവസമാണ്, പക്ഷേ ഇത് നന്ദി പറയാനുള്ള ദിവസമാണ്. എറണാകുളം ജില്ല ടീം, ജില്ലയിലെ വ്യത്യസ്‌ത ലീഗുകൾ, ടൂർണമെന്‍റ് ടീമുകൾ, കേരള സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ, ബിസിസിഐ, കൗണ്ടി ക്രിക്കറ്റ് ടീം, ഇന്ത്യൻ എയർലൈൻസ് ക്രിക്കറ്റ് ടീം, ബിപിസിഎല്‍, ഐസിസി തുടങ്ങി എല്ലാവർക്കും നന്ദി പറയുന്നു.

അടുത്ത തലമുറയിലെ ക്രിക്കറ്റ് താരങ്ങൾക്കായി എന്‍റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കുകയാണ്. ഈ തീരുമാനം എന്‍റേത് മാത്രമാണ്, ഇത് എനിക്ക് സന്തോഷം നൽകില്ലെന്ന് അറിയാമെങ്കിലും, എന്‍റെ ജീവിതത്തിലെ ഈ സമയത്ത് സ്വീകരിക്കേണ്ട ശരിയായതും മാന്യവുമായ നടപടിയാണിത്’ – ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ച വരികളാണിത്.

Back to top button