മുൻ ദേശീയ ഖോ-ഖോ താരം റെയിൽവേ പാളത്തിൽ മരിച്ചനിലയിൽ,കഴുത്തിൽ ദുപ്പട്ട മുറുക്കിയിരുന്നു, ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് കുടുംബം.
ബിജ്നോർ / മുൻ ദേശീയ ഖോ-ഖോ താരത്തെ റെയിൽവേ പാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ബിജ്നോറിലെ റെയിൽവേ സ്റ്റേഷന് സമീപം പാളത്തിൽ മുറിവേറ്റ നിലയിൽ 24കാരിയെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. യുവതിയെ കൊലപ്പെടുത്തും മുൻപ് ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നു കുടുംബം ആരോപിച്ചു. റെയിൽവേ പാളത്തിൽ ഗുരുതരാവസ്ഥയിലായിരുന്ന യുവതിയുടെ കഴുത്തിൽ ദുപ്പട്ട മുറുക്കിയ നിലയിലായിരുന്നു.
കുതിയ കോളനിയിലാണ് യുവതിയും കുടുംബവും താമസിക്കുന്നത്. വെള്ളിയാഴ്ച രാവിലെ സ്കൂളിൽ ബയോഡേറ്റ നൽകാൻ പോയതായിരുന്നു 24കാരി. എന്നാൽ രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. യുവതിക്കായി തെരച്ചിലും ആരംഭിച്ച് മണിക്കൂറുകൾക്കകം റെയിൽവേ പാളത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ അയൽവാസി കണ്ടെത്തുകയായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന യുവതിയുടെ കഴുത്തിൽ ദുപ്പട്ട മുറുക്കിയ നിലയിലായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പൊലീസും റെയിൽവേ പൊലീസും സംഭവ സ്ഥലത്തെത്തി. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് 30 മീറ്റർ അകലെയാണ് യുവതിയുടെ വീട്. യുവതി മുൻ ദേശീയ ഖോ -ഖോ താരമാണെന്നും കഴിഞ്ഞ നവംബറിലായിരുന്നു യുവതിയുടെ വിവാഹമെന്നും സഹോദരി പറഞ്ഞു സംഭവത്തിൽ നജീബാബാദ് സർക്കാർ റെയിൽവേ പൊലീസ് കേസെടുത്തു. അന്വേഷണം ആരംഭിച്ചതായും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും സർക്കിൾ ഓഫിസർ കുൽദീപ് ഗുപ്ത പറഞ്ഞു.