CrimeEditors PicksFeaturedKeralaLatest NewsLocal NewsMost Popular Newssocial mediaviral newsviral story

ചെറുമകനെ കിണറ്റിലെറിഞ്ഞ് മുത്തശ്ശി ആത്മഹത്യ ചെയ്തു.

തൃശൂര്‍/ താന്ന്യം കിഴിപ്പുള്ളിക്കരയില്‍ മുത്തശ്ശിയേയും ചെറുമകനെയും വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കിഴിപ്പുള്ളിക്കര വായനശാലയ്ക്കു സമീപം താമസിക്കുന്ന അംബിക (55), ചെറുമകന്‍ ആദിഷ് ദേവ് (7) എന്നിവരാണ് മരിച്ചത്. ചെറുമകനെ കിണറ്റിലെറിഞ്ഞ് മുത്തശ്ശി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.

തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന അംബിക കുറച്ചു നാളായി അസുഖങ്ങളും മറ്റുമായി മാനസിക സമ്മർദ്ദത്തിലായിരുന്നതായി പറയുന്നു. ആദിഷിന്റെ മാതാപിതാക്കള്‍ വേർപിരിഞ്ഞ് രണ്ടിടത്താണ് താമസം. ആദിഷ്, അംബികയും ഭർത്താവ് അജയനും, മകൻ മണികണ്ഠനും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. അജയൻ രാവിലെ പണിക്കു പോയതിന് ശേഷമാണ് സംഭവമെന്ന് കരുതുന്നു.

രാവിലെ രണ്ടു പേരെയും കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ കിണറ്റിൽ ചാടി മരിക്കാൻ പോകുന്നു എന്നെഴുതി വച്ച അംബികയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. തുടർന്നാണ് കിണറ്റിൽ രണ്ടു പേരുടെയും മൃതദേഹം കണ്ടെത്തിയത്. നാട്ടികയില്‍ നിന്ന് അഗ്‌നിരക്ഷാ സേനയെത്തി കുട്ടിയുടെ മൃതദേഹവും പിന്നീട് തിരച്ചിലിനൊടുവില്‍ അംബികയുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.

അച്ഛനും അമ്മയും ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്ന് മുത്തശ്ശിക്കൊപ്പം താമസിച്ചുവരികയായിരുന്നു ആദിഷ്. കിഴുപ്പിള്ളിക്കര എസ്.എസ്.എ.എല്‍.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. കലശലായ അസുഖം മൂലം കുട്ടിയെ നോക്കാന്‍ കഴിയാനാകാത്തതാണ് മരണകാരണമെന്ന് ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്. അന്തിക്കാട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Back to top button