BusinessEditors PicksFeaturedKeralaLatest NewsLaw/CourtMost Popular Newssocial mediaviral newsviral story

കെഎസ്ആർടിസിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.

കൊച്ചി/ കെഎസ്ആർടിസിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കെഎസ്ആർടിസി ബസുകള്‍ തുരുമ്പെടുത്ത് നശിക്കുന്നതിനെ ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമർശനം ഉണ്ടായത്. മൈലേജില്ലെങ്കിൽ ബസുകൾ വെറുതേയിട്ട് നശിപ്പിച്ച് സ്ക്രാപ്പാക്കി വിൽക്കുകയാണോ ചെയ്യേണ്ടതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആണ് ചോദിച്ചത്. ബസുകൾ ഉപയോഗിക്കാതെ കണ്ടം ചെയ്യുന്നത് ചോദ്യം ചെയ്തുള്ള ഹർജിയിൽ ആയിരുന്നു കോടതിയുടെ ചോദ്യങ്ങൾ ഉണ്ടായത്. കാസർകോട് സ്വദേശിയായ എൻ രവീന്ദ്രൻ നൽകിയ പൊതുതാത്പര്യ ഹർജിയിലായിരുന്നു കോടതി വിവരങ്ങൾ തേടിയത്.

മൈലേജ് ഇല്ലാത്ത വാഹനം എന്നതിന്റെ പേരിൽ ബസുകൾ ഓടിക്കാതെ തുരുമ്പെടുത്ത് നശിക്കുന്ന സാഹചര്യം ഉണ്ട്. മൈലേജ് ഇല്ല, വാഹനങ്ങൾ ഓടിക്കാൻ കഴിയില്ല എങ്കിൽ വിറ്റു കൂടെ എന്നാണ് ഹൈക്കോടതി ചോദിച്ചത്. സമയത്ത് വിൽക്കാതെ വെറുതെ ഇട്ടാൽ എങ്ങനെ വില കിട്ടും. എന്തിനാണ് ബസുകൾ ഇങ്ങനെ കൂട്ടിയിടുന്നത്. കോടതി ചോദിച്ചു. ശമ്പളം ലഭിക്കാത്തതിനാൽ ജീവനക്കാർ സമരം ചെയ്യുന്നതും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഓർമിപ്പിക്കുകയുണ്ടായി.

കെഎസ്ആർടിസിയുടെ സ്വത്തുക്കൾ സംരക്ഷിക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കാനും കെഎസ്ആർടിസിയുടെ കാര്യക്ഷമത വർധിക്കാനുള്ള നിർദേശങ്ങൾ അറിയിക്കാനും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്. നിലവിൽ കാലാവധി കഴിഞ്ഞ 920 ബസുകളാണ് കണ്ടം ചെയ്യാനുള്ളതെന്ന് കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിൽ 681 സാധാരണ ബസുകളും 239 എണ്ണം ജനറം ബസുകളുമാണ്. 10 വർഷം മുതൽ 19 വർഷം വരെ സർവീസ് നടത്തിയ ബസുകളാണ് കണ്ടം ചെയ്യുന്നത്. ഇതിന്റെ വിശദാംശങ്ങളും കോടതിക്ക് കൈമാറി. കണ്ടം ചെയ്യുന്ന ബസുകളുടെ വിശദാംശങ്ങൾ അറിയിക്കാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

 

Back to top button