വി.ഐ.പി എന്ന ഇക്കയെന്ന ദിലീപിന്റെ സുഹൃത്ത് സൂര്യാ ഹോട്ടൽ-ട്രാവൽസ് ഉടമയും ഊട്ടിയിലെ റിസോർട്ട് ഉടമയുമായ ശരത് ജി. നായർ.
കൊച്ചി/ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം ദിലീപിന് കൈമാറിയ സംഭവത്തിലെ അജ്ഞാതനായ വി.ഐ.പി എന്ന ഇക്കയെന്ന ദിലീപിന്റെ സുഹൃത്ത് ആലുവയിലെ സൂര്യാ ഹോട്ടൽ-ട്രാവൽസ് ഉടമയും ഊട്ടിയിലെ റിസോർട്ട് ഉടമയുമായ ശരത് ജി. നായരാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ അടുത്ത പടിയായി, സംവിധായകൻ ബാലചന്ദ്രകുമാർ ക്രൈം ബ്രാഞ്ചിന് നൽകിയ ശബ്ദ സാമ്പിളിൽ പറയുന്ന സ്ത്രീയെ കണ്ടെത്താൻ ഉള്ള കരുക്കൾ നീക്കുകയാണ് അന്വേഷണ സംഘം.
കേസിൽ ഒരു സ്ത്രീയാണ് ശിക്ഷിക്കപ്പെടേണ്ടതെന്നും, താൻ ശിക്ഷിക്കപ്പെട്ടെന്നും ദിലീപ് പറയുന്ന ശബ്ദ സന്ദേശമാണ് ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നത്. ടാബിൽ റെക്കാർഡ് ചെയ്ത സംഭാഷണത്തിലുള്ള സ്ത്രീ ആരെന്ന് കണ്ടെത്തുക എന്ന അടുത്ത ദൗത്യത്തിലേക്കാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
സിനിമാ മേഖലയിൽ നിന്നുള്ള ആളാണ് മാഡം എന്ന് ഒന്നാം പ്രതി പൾസർ സുനി നേരത്തെ വെളിപ്പെടുത്തിയിരുന്നു. കേസിൽ മാഡത്തിന് വലിയ പങ്കില്ലെന്ന് പിന്നീട് ഒന്നാം പ്രതി പൾസർ സുനി തിരുത്തിപ്പറയുകയും ചെയ്തിരുന്നു. ആ മാഡവും ദിലീപ് പരാമർശിച്ച സ്ത്രീയും ഒന്നാണോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലെ ഗൂഢാലോചനയ്ക്കിടെയാണ് സ്ത്രീയുടെ വിഷയം സംസാരമായിരുന്നത്. മാഡത്തെക്കുറിച്ച് സുനി നേരത്തെ വെളിപ്പെടുത്തൽ നടത്തിയിരുന്നെങ്കിലും ഇതേ പറ്റി യാതൊരു അന്വേഷണവും ഉണ്ടായിരുന്നില്ല.