രാജ്യത്ത് മണ്ണെണ്ണ വില കുത്തനെ കൂട്ടി.
തിരുവനന്തപുരം/ രാജ്യത്ത് മണ്ണെണ്ണ വില കുത്തനെ കൂട്ടി. ഒരു ലിറ്റർ മണ്ണെണ്ണ വില 81 രൂപയായി. നേരത്തെ 59 രൂപയായിരുന്നു. 22 രൂപയാണ് ഒറ്റയടിക്ക് വർദ്ധിപ്പിച്ചത്. ഇതോടെ മൊത്ത വ്യാപാരവില 77 രൂപയായി. കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം കേന്ദ്രം 40 ശതമാനമായി വെട്ടിക്കുറച്ചിട്ടുമുണ്ട്.
റേഷൻ വിതരണത്തിനായി എണ്ണ കമ്പനികൾ കെറോസിൽ ഡീലേഴ്സിന് നൽകിയ വിലയാണ് വർദ്ധിപ്പിച്ചത്. മറ്റ് നികുതികൾ ഉൾപ്പെടാതെ 70 രൂപയാണ് ലിറ്ററിന് ഈടാക്കുക. എന്നാൽ വിതരണത്തിന് എത്തുമ്പോൾ ഇത് 81 രൂപയാകും. മണ്ണെണ്ണ വിലയുടെ വർദ്ധനവ് കേരളത്തിൽ മത്സ്യബന്ധന മേഖലയെ ബാധിക്കും.
ഒരു വർഷം മുമ്പ് വരെ 28 രൂപ മാത്രമാണ് ലിറ്ററിന് ഈടാക്കി വന്നിരുന്നത്. 2025ഓടെ മണ്ണെണ്ണ വിതരണം പൂർണ്ണമായും അവസാനിപ്പിക്കുന്ന തരത്തിലാണ് കേന്ദ്രം കാര്യങ്ങൾ നീക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വില വർദ്ധിപ്പിക്കുമ്പോൾ കേരളത്തിന്റെ ആവശ്യങ്ങൾ പരിഗണിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.