Assembly election 2021 | ഉറപ്പിച്ച കള്ളവോട്ടുകൾക്ക് പൂട്ട്, പ്രതിപക്ഷം 4.34 ലക്ഷം ഇരട്ട വോട്ടുകളുടെ വിവരങ്ങൾ പുറത്ത് വിട്ടു.

തിരുവനന്തപുരം/ തിരെഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ, കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലെ 4,34,000 ഇരട്ടവോട്ടര്‍മാരുടെ പട്ടിക പ്രതിപക്ഷം പുറത്തുവിട്ടു. http://www.operationtwins.com എന്ന വെബ്സൈറ്റിലൂടെ വിശദാംശങ്ങൾ പുറത്തു വിട്ടതായി പ്രതിപക്ഷ നേതാവിന്റെ ഓഫിസ് അറിയിക്കുകയായിരുന്നു. ഓരോ നിയമസഭ മണ്ഡലങ്ങളും തിരിച്ചുകൊണ്ടുള്ള പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ഒരേ ഫോട്ടോ ഉപയോഗിച്ച് ഒന്നിലധികം തവണ വോട്ടര്‍ പട്ടികയില്‍ ഇടം നേടിയവരുടെ വിവരങ്ങളാണ് വൈബ്‌സൈറ്റില്‍ ഉള്ളത്.
ഒരോ നിയോജകമണ്ഡലങ്ങളിലുമുള്ള വിവിധ ബൂത്തുകളില്‍ ചേര്‍ത്ത ഇരട്ടവോട്ടര്‍മാരുടെ വിവരങ്ങളും അതേ വോട്ടര്‍മാരുടെ ഫോട്ടോ ഉപയോഗിച്ച് സമീപ നിയോജകമണ്ഡലങ്ങളിലെ ബൂത്തുകളില്‍ വ്യത്യസ്ത പേരുകളിലും വിലാസങ്ങളിലും, വോട്ടര്‍ ഐഡിയിലും ചേര്‍ത്ത വോട്ടര്‍മാരുടെ പേരു വിവരങ്ങളുമാണ് വെബ്‌സൈറ്റിലൂടെ പ്രതിപക്ഷം പുറത്തുവിട്ടിരിക്കുന്നത്.
നിയോജകമണ്ഡലത്തിന്റെ നമ്പര്‍, ബൂത്ത് നമ്പര്‍, സ്ഥാനാർഥിയുടെ പേര്, ആ ബൂത്തിലെ വോട്ടറുടെ പേര്, വോട്ടര്‍ ഐഡിനമ്പര്‍, അതേ വ്യക്തിക്ക് മറ്റു ബൂത്തുകളില്‍ ഉള്ള വോട്ടിന്റെ ഐഡി നമ്പര്‍, അവിടുത്തെ പേര്, വിലാസം, അതേ വ്യക്തിക്ക് തന്നെ തൊട്ടടുത്ത നിയോജകമണ്ഡലങ്ങളില്‍ ഉള്ള വോട്ടിന്റെ ഐഡി നമ്പർ, വിലാസം എന്നിവയുടെ പട്ടിക അടക്കം ഉള്ള വിവരങ്ങൾ ഈ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നു.
വെബ്‌സൈറ്റിലെ വിവരങ്ങള്‍ ഇപ്പോഴും അപ്‌ഡേറ്റ് ചെയ്ത് കൊണ്ടിരിക്കുകയാണ്. ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുതിയ അപ്‌ഡേഷനുകളില്‍ ഉണ്ടാകും. തിരഞ്ഞെടുപ്പ് കഴിയും വരെ വെബ്‌സൈറ്റില്‍ ഈ വിവരങ്ങളും പുതുതായി ലഭിക്കുന്ന വിവരങ്ങളും ചേർക്കും. എല്ലാ പൊതുപ്രവര്‍ത്തകരും വോട്ടര്‍മാരും ഈ സൗകര്യം പ്രയോജനപ്പെടുത്തി കള്ളവോട്ടിനുള്ള സാധ്യതകള്‍ പരമാവധി തടയണമെന്നും പ്രതിപക്ഷ നേതാവിന്റെ ഓഫിസ് അറിയിച്ചിരിക്കുന്നു.
സംസ്ഥാനത്ത് 38,000 ഇരട്ടവോട്ടര്‍മാർ മാത്രമാണ് ഉള്ളതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് ശരിയല്ലെന്നും ഇരട്ട വോട്ടുള്ളവരുടെ പട്ടിക പുറത്തുവിടുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. ബുധനാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് വെബ്‌സൈറ്റ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. 4.34 ലക്ഷം ഇരട്ടവോട്ടുകളെ കുറിച്ച് പ്രതിപക്ഷ നേതാവ് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി പറഞ്ഞിരുന്നു. എന്നാല്‍ പരാതിയില്‍ മേല്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് വെബ്‌സൈറ്റിലൂടെ വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത് തിരഞ്ഞെടുപ്പിൽ പുതിയ വിവാദങ്ങൾക്ക് വഴിയൊരുക്കും. ഒപ്പം രാജ്യത്തിൻറെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് കള്ള വോട്ടുകൾ കണ്ടെത്തി ഒരു രാഷ്ട്രീയ പാർട്ടി തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, വെബ് സൈറ്റിലൂടെ പരസ്യപ്പെടുത്തുന്നത്.