റിഫ മെഹ്നുവിന്റെ മരണത്തിൽ ഭര്‍ത്താവ് മെഹ്നാസിനെതിരെ ലുക്കൗട്ട് നോട്ടീസ്
കോഴിക്കോട് / വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തിൽ ഭര്‍ത്താവ് മെഹ്നാസിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മെഹ്നാസ് വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ചോദ്യം ചെയ്യലിനെത്താന്‍ പലതവണ ആവശ്യപ്പെട്ടിട്ടും മെഹ്നാസ് ഹാജരാകാതെ ഒളിവിൽ കഴിയുകയാണ്.
ആത്മഹത്യ പ്രേരണകുറ്റം, ഗാര്‍ഹിക പീഡനം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് റിഫയുടെ മരണവുമായി ബന്ധപ്പെട്ട് മെഹ്നാസിനെതിരേ കേസെടുത്തിരിക്കുന്നത്. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് മെഹ്നാസിനെതിരെ ചുമത്തിയിട്ടുള്ളത്. കുടുംബം ദുരൂഹത ആരോപിച്ചതിനെതുടര്‍ന്ന് മറവുചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. റിഫയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല.
മാര്‍ച്ച് ഒന്നാം തീയതിയാണ് റിഫ മെഹ്നുവിനെ ദുബായിലെ ഫ്ളാറ്റില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുന്നത്. നാട്ടിലെത്തിച്ച മൃതദേഹം മാര്‍ച്ച് മൂന്നിന് രാവിലെ കബറടക്കുകയായിരുന്നു. ആത്മഹത്യ ചെയ്യത്തക്ക കാരണങ്ങള്‍ ഒന്നും റിഫയ്ക്ക് ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറഞ്ഞിരിക്കുന്നത്.
മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിനു കാരണമായതായി കാക്കൂര്‍ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കാസര്‍കോട് നീലേശ്വരം സ്വദേശിയായ മെഹ്നാസ് 3 വര്‍ഷം മുൻപാണ് റിഫയെ വിവാഹം കഴിക്കുന്നത്. ഇവര്‍ക്ക് 2 വയസ്സുള്ള മകനുണ്ട്. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. കഴിഞ്ഞ ജനുവരി 24ന് ആയിരുന്നു റിഫ മെഹ്നു പര്‍ദ കമ്പനിയില്‍ ജോലിക്കായി ദുബായിലെത്തുന്നത്.