മഞ്ജുവാര്യർക്ക് ജന്മ ദിനമാണിന്ന്.

2021 സെപ്തംബർ 10 മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യർക്ക് ജന്മ ദിനമാണിന്ന്. 1978 സെപ്തംബർ 10 നാഗർകോവിലിലാണ് മഞ്ജുവാര്യർ ജനിച്ചത്. മലയാളികളുടെ പ്രിങ്കരിയായ താരത്തിന് മലയാളം ന്യൂസ് മീഡിയയുടെ ജന്മദിനാശംസകൾ. സല്ലാപത്തിലൂടെ മഞ്ജു വാര്യരെ നായികയായി മലയാളത്തിന് നൽകിയത് സംവിധായകൻ സുന്ദർ ദാസ് ആണ്.
ഈ ദിനം മഞ്ജുവിനെപ്പറ്റി സുന്ദർ ദാസ് കേരള കൗമുദിയിൽ എഴുതിയിരിക്കുന്ന കുറിപ്പിന് ഏറെ പ്രാധാന്യമുണ്ട്. മഞ്ജു പഴയ മഞ്ജു തന്നെയെന്നാണ് സുന്ദർ ദാസ് എഴുതിയിരിക്കുന്നത്. മഞ്ജു ഇന്നും പഴയ മഞ്ജുതന്നെ. സംവിധായകൻ ഉദ്ദേശിക്കുന്നതിന്റെ ഒരുപടി മേലെ നിൽക്കുന്ന പെർഫോമൻസ് നൽകാൻ കഴിയുന്നതിനാലാണ് ഇത്രയും കാലത്തിന് ശേഷം തിരിച്ചുവന്നപ്പോൾ ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണം ലഭിക്കാൻ തന്നെകാരണം. മഞ്ജുവിന് അനുയോജ്യമായ ഒരു കഥയുടെ അന്വേഷണത്തിലാണ് സുന്ദർ ദാസിപ്പോൾ. നല്ലൊരു കഥയുമായി വേണം മഞ്ജുവിനെ സമീപിക്കാനെന്നും സുന്ദർ ദാസ് കുറിച്ചിരിക്കുന്നു.

സുന്ദർ ദാസ് കേരള കൗമുദിയിൽ എഴുതിയിരിക്കുന്ന കുറിപ്പ് ഇങ്ങനെ.
ഞാൻ ജോസ് തോമസിന്റെ സാദരം സിനിമയിൽ അസോസിയേറ്റ് ഡയറക്ടറായി വർക്ക് ചെയ്യുന്ന സമയം. ലോഹി (ലോഹിതദാസ്)യായിരുന്നു ആ സിനിമയുടെ തിരക്കഥാകൃത്ത്. കിരീടം ഉണ്ണിയായിരുന്നു നിർമ്മാതാവ്.
സാദരത്തിന്റെ ലൊക്കേഷനിൽ ആരോ കൊണ്ടുവന്ന മാഗസിന്റെ മുഖച്ചിത്രത്തിലാണ് ഞാനാദ്യം മഞ്ജുവാര്യരെ കാണുന്നത്. വിടർന്ന ചിരിയുള്ള നാടൻ പെൺകുട്ടി. നമ്മുടെ ഏതെങ്കിലും കഥാപാത്രമായി വരാൻ പറ്റുന്ന കുട്ടിയെന്നൊക്കെ ലോഹി അപ്പോൾ പറയുകയും ചെയ്തു. ലോഹി തിരക്കഥയെഴുതി ഞാൻ സംവിധായകനായ സല്ലാപത്തിലെ നായികയായി ആനിയെയായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. അന്നത്തെ ഏറ്റവും തിരക്കേറിയ ടീനേജ് നായിക ആനിയായിരുന്നു. ആനിയെ എനിക്ക് നേരത്തേ പരിചയമുണ്ട്. സിബി സാറിന്റെ കൂടെ ഞാൻ വർക്ക് ചെയ്ത അക്ഷരത്തിൽ ആനിയായിരുന്നു നായിക.

അന്ന് സെൽഫോണൊന്നുമില്ലാത്ത കാലമാണ്. ലോഹി വീട്ടിലെ ലാൻഡ് ഫോണിൽ നിന്ന് ആനിയുടെ അങ്കിളിന് ഫോൺ ചെയ്തു. വളരെ ബിസിയായിരുന്നെങ്കിലും ലോഹിതദാസിന്റെ ഒരു കഥാപാത്രം ചെയ്യാനുള്ള ആവേശത്തിലായിരുന്നു ആനി.പൂർണമായ തിരക്കഥയെഴുതുന്ന രീതിയായിരുന്നില്ല ലോഹിക്ക്. ചെറിയ കഥയാണെന്നും ജൂനിയർ യേശുദാസ് എന്നറിയപ്പെടുന്ന ആശാരിച്ചെക്കനുണ്ടെന്നുമൊക്കെ എന്നോട് പൊട്ടും പൊടിയും പറഞ്ഞിട്ടുള്ളതല്ലാതെ പൂർണമായ കഥയുടെ രൂപത്തിലൊന്നും വന്നിട്ടില്ല.
ലോഹിയുടെ കൂടെ സല്ലാപവുമായി ബന്ധപ്പെട്ട് ലക്കിടിയിലെ വീട്ടിലാണ് ഞാനന്ന് താമസിച്ചിരുന്നത്. ഓരോരോ കഥാ സന്ദർഭങ്ങൾ ലോഹി ഇടയ്ക്കിടെ എന്നോട് പറയും. അതിൽ പലതും സിനിമയിലെ രംഗങ്ങളായി പിന്നീട് മാറി. അമ്മയെ കാണാൻ പോകുമ്പോൾ അമ്മയെ മണിയടിക്കാനായി പുകയിലയും കൊണ്ടുപോകുന്നത് ഉൾപ്പെടെ.
ഒരുദിവസം ലോഹി എന്നോട് ചോദിച്ചു: ആനിക്ക് ഒരു മിടുക്കി പെൺകുട്ടിയുടെ പരിവേഷമല്ലേ. (സിനിമയിലപ്പോൾ ആനി അഭിനയിക്കുന്ന വേഷങ്ങളെല്ലാം അങ്ങനെയുള്ളതായിരുന്നു.) അവളെ അങ്ങനെ പറ്റിക്കാനൊന്നും പറ്റില്ല. കഥാപാത്രമാണെങ്കിൽ പോലും ആൾക്കാരുടെ മനസിലുള്ള ആനിയുടെ ഇമേജ് അങ്ങനെയാണ്.സല്ലാപത്തിലെ രാധ ഒരാളോടുള്ള ഇൻഫാക്ച്ചുവേഷനിൽ വീഴുകയും അയാൾ കല്യാണം കഴിക്കുമെന്നും അയാളുമൊത്തുള്ള ജീവിതം മുന്നോട്ട് പോകുമെന്ന് സ്വപ്നം കാണുകയും ആ സ്വപ്നം നഷ്ടപ്പെട്ട് പോകുകയുമൊക്കെ ചെയ്യുന്ന ഒരു പെൺകുട്ടിയാണ്.
അവൾ കബളിക്കപ്പെടുന്നത് അവൾക്കറിയില്ല. ആനിയാണെങ്കിൽ ആ കബളിപ്പിക്കൽ വിശ്വസനീയമായി തോന്നില്ല.ആനിക്ക് പകരം പുതിയ ഒരാളെ നോക്കിയാലോയെന്ന് ലോഹി ചോദിച്ചപ്പോൾ എനിക്കറിയില്ല.. നിങ്ങളുടെ കഥാപാത്രമാണ്. നിങ്ങൾ പറയ്. എന്നായിരുന്നു എന്റെ മറുപടി. ലോഹിയോട് അങ്ങനെ പറയാനുള്ള ഒരു സൗഹൃദമുണ്ടായിരുന്നത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്. ആനിക്ക് പകരം ആരെന്ന് ചിന്തിക്കുമ്പോഴാണ് സാദരത്തിന്റെ സെറ്റിൽവച്ച് മാഗസിനിലെ മുഖചിത്രത്തിൽ കണ്ട പെൺകുട്ടിയെപ്പറ്റി ലോഹി പറയുന്നത്.
നല്ല ചിരിയായിരുന്നു ആ കുട്ടിയുടേതെന്ന് മാത്രം ഒാർമ്മയുണ്ട്. ഞാൻ ലോഹിയോട് പറഞ്ഞു. കിരീടം ഉണ്ണിയെ വിളിച്ചപ്പോഴാണ് അദ്ദേഹം ആ മാഗസിൻ സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നറിയുന്നത്. ആ മാഗസിനിൽ ആ കുട്ടിയെപ്പറ്റി ഒരു ഫീച്ചർ ഉണ്ടായിരുന്നു. കലാതിലകമാണെന്നും കണ്ണൂരാണ് താമസിക്കുന്നതെന്നും ശക്തി ഫിനാൻസിലെ മാനേജരായ മാധവൻ എന്നയാളിന്റെ മകളാണെന്നുമടക്കമുള്ള വിവരങ്ങൾ ആ ലേഖനത്തിലുണ്ടായിരുന്നു. ഫോൺ നമ്പർ സംഘടിപ്പിച്ച് ഞാനാ കുട്ടിയെ കാണാൻ പുറപ്പെട്ടു. അതൊരു പി.പി. നമ്പറായിരുന്നു. രണ്ട് നിലവീട്ടിലെ മുകൾ നിലയിൽ വീട്ടുടമസ്ഥൻ. അയാളുടേതാണ് ഫോൺ നമ്പർ. മഞ്ജുവും അച്ഛൻ മാധവേട്ടനും അമ്മ ഗിരിജേടത്തിയുമൊക്കെ താഴത്തെ നിലയിൽ താമസിക്കുന്നു. അന്ന് മഞ്ജുവിന്റെ ചേട്ടൻ മധുവാര്യർ വേറെ ഏതോ നാട്ടിൽ ജോലി ചെയ്യുകയായിരുന്നു.
എന്റെ ശിഷ്യരായ തോമസ് സെബാസ്റ്റ്യനും സുധീഷ് ശങ്കറിനെയും കൂട്ടി വീഡിയോ കാമറയുമായാണ് പോകുന്നത്. പി.പി. നമ്പരിൽ വിളിച്ച് പറഞ്ഞിട്ടാണ് പോയത്. അവർ രാവിലെ മുതൽ ഞങ്ങളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. പക്ഷേ ഞങ്ങളെത്തുമ്പോൾ വൈകുന്നേരമായിരുന്നു.പെണ്ണ് കാണലിന് ചെല്ലുമ്പോഴെന്നപോലെ കുറെ പലഹാരങ്ങളൊക്കെ ഒരുക്കി വച്ചായിരുന്നു അവരുടെ കാത്തിരിപ്പ്.ഒരു സഭാ കമ്പവുമില്ലാത്ത ഒരാളായിരുന്നു മഞ്ജു. വീട്ടിലെ അലമാരിയിൽ ചിതറിയ കുറെ മെമന്റോകളും സമ്മാനങ്ങളുമൊക്കെയുണ്ട്. മഞ്ജുവിന് കിട്ടിയ ബഹുമതികൾ. ഒാരോന്നും ഏത് മത്സരത്തിൽ കിട്ടിയതാണെന്ന് ഞാൻ മഞ്ജുവിനോട് ചോദിച്ചു. ഒാരോന്നിനും മഞ്ജു വിശദമായിത്തന്നെ മറുപടി പറഞ്ഞു. ഞങ്ങൾ അതാെക്കെ വീഡിയോ കാമറയിൽ പകർത്തി.
‘’ ചേട്ടനുമായി വഴക്കിടാറുണ്ടോ?”” ഞാൻ മഞ്ജുവിനോട് ചോദിച്ചു.
‘’ വഴക്കിടാറൊക്കെയുണ്ട്. വഴക്കിട്ട് ഞാൻ കരയാറുമുണ്ട്. “” മഞ്ജു പറഞ്ഞു.
‘’ ചേട്ടനുമായി വഴക്കിട്ട് വന്നിട്ട് ഇൗ സോഫയിൽ വന്നിരുന്നു കരയുന്നത് ഒന്നഭിനയിച്ച് കാണിക്കാമോ?”” ഞാൻ വീണ്ടും മഞ്ജുവിനോട് ചോദിച്ചു.
സോഫയുടെ അരികിൽ കാമറ സെറ്റ് ചെയ്തിട്ട് ഞാൻ മഞ്ജുവിനെ വിളിച്ചു. മഞ്ജു ഒാടിവന്ന് സോഫയിലിരുന്ന് പൊട്ടിപ്പൊട്ടിക്കരഞ്ഞു. സോഫയിലേക്ക് മുഖം ചേർത്തുപിടിച്ച് ഏങ്ങലടിച്ചു. അതിൽ ഞാൻ ശരിക്കും ഇംപ്രസ്ഡായി. പിന്നീട് ഞാനാ ഷൂട്ട് ചെയ്തത് കാണിച്ചപ്പോൾ ലോഹിയും പറഞ്ഞു.
‘’ ഇതാണ് നമ്മുടെ രാധ.”
മഞ്ജുവിന്റെ ഫോട്ടോ സിബി സാറിനെയും കാണിച്ചു. കുട്ടി കൊള്ളാം. സുന്ദർദാസിന്റെ ആദ്യ സിനിമയാണ്. റിസ്ക്ക് ഫാക്ടറുണ്ട്. നിലവിലുള്ള ഒരാർട്ടിസ്റ്റിനെ വച്ച് ചെയ്യുമ്പോഴുള്ള റീച്ച് ഇൗ കുട്ടിയെ വച്ച് ചെയ്യുമ്പോൾ കിട്ടുമോയെന്നറിയില്ല.സിബി സാർ പറഞ്ഞു. നിർമ്മാതാവ് കിരീടം ഉണ്ണിയേട്ടൻ റിസ്ക്കെടുക്കാൻ തയ്യാറായി. അങ്ങനെ മഞ്ജവിനെ ഫിക്സ് ചെയ്തു. അതിന് മുൻപ് ലോഹിക്ക് ഒന്ന് നേരിട്ട് കാണാനായി വിളിപ്പിച്ചു.
ഷൊർണ്ണൂർ ടിബിയിലേക്ക് ഒരുദിവസം മഞ്ജു അച്ഛൻ മാധവേട്ടനോടൊപ്പം വന്നു. അതിനുംമുൻപേ ജൂനിയർ യേശുദാസായി ദിലീപിനെ ഫിക്സ് ചെയ്തിരുന്നു. ദിലീപിനെ എനിക്ക് നേരത്തെ പരിചയമുണ്ട്. സിബി സാറിന്റെ സാഗരം സാക്ഷിയിലും സിന്ദൂരരേഖയിലും ദിലീപ് അതിന് മുൻപ് അഭിനയിച്ചിട്ടുണ്ടായിരുന്നു. ഏഴരക്കൂട്ടത്തിലെ അര എന്ന കഥാപാത്രം കണ്ടപ്പോഴാണ് ദിലീപിനെ ഉറപ്പിച്ചത്.
പിന്നീട് ഒരുദിവസം മഞ്ജുവിന്റെ അളവിൽ ഫുൾ ബ്ളൗസും പാവാടയും തയ്പ്പിച്ച് കോസ്റ്റ്യൂം ട്രയൽ നടത്തി. ചില രംഗങ്ങൾ റിഹേഴ്സലും ചെയ്യിച്ചു. ഒാരോ സീനും പറഞ്ഞ് കൊടുക്കുമ്പോൾ മഞ്ജു പെട്ടെന്ന് ക്യാച്ച് ചെയ്യുമായിരുന്നു. ഡയലോഗുകൾ കണ്ണാടിയിൽ നോക്കിപ്പറഞ്ഞ് പഠിച്ചാണ് മഞ്ജു അഭിനയിച്ചത്. ശ്രീജ രവിയാണ് സല്ലാപത്തിൽ മഞ്ജുവിന് വേണ്ടി ഡബ് ചെയ്തത്. സല്ലാപത്തിനുശേഷമുള്ള എല്ലാ സിനിമയിലും തന്റെ കഥാപാത്രങ്ങൾക്ക് മഞ്ജു തന്നെയാണ് ശബ്ദം നൽകിയത്. തികച്ചും കുടുംബാന്തരീക്ഷത്തിലുള്ള ചിത്രീകരണത്തിൽ മഞ്ജു വളരെ കംഫർട്ടബിളായിരുന്നു.
സല്ലാപത്തിന് ശേഷം എന്റെ കുടമാറ്റത്തിലും സമ്മാനത്തിലും മഞ്ജു അഭിനയിച്ചു. വർണ്ണക്കാഴ്ചകളുടെ സമയത്ത് മഞ്ജു ദിലീപിനെ കല്യാണം കഴിച്ചിരുന്നു. വർണ്ണക്കാഴ്ചകളിൽ നായികയായില്ലെന്നറിഞ്ഞ് മഞ്ജു എപ്പോഴും ’’ നായികയായോ””യെന്ന് വിളിച്ച് ചോദിക്കുമായിരുന്നു.
പിറ്റേന്ന് സല്ലാപം ചാനലിൽ വന്നു.
“”സിനിമയിലെ നായിക പറ്റുമോന്ന് നോക്കൂ”” വെന്ന് ഞാൻ മഞ്ജുവിനോട് പറഞ്ഞു. അത് കേട്ട് മഞ്ജു പൊട്ടിച്ചിരിച്ചു. പിന്നീടാണ് പൂർണിമ മോഹനെ നായികയായി അവതരിപ്പിച്ചത്.
എന്റെ സിനിമയിലൂടെ നായികയായി വന്ന മഞ്ജുവാര്യർ തന്നെയാണ് എനിക്കിന്നും. എല്ലാ വർഷവുംമാർച്ച് 28ന് ദിലീപിനും മനോജ് കെ. ജയനും മഞ്ജുവിനും സല്ലാപം റിലീസായതിന്റെ ഒാർമ പുതുക്കി ഞാൻ മെസേജയയ്ക്കാറുണ്ട്. എന്നെ സുന്ദരേട്ടാന്നാണ് മഞ്ജു വിളിക്കുന്നത്. മഞ്ജുവിന്റെ അടിസ്ഥാന സ്വഭാവത്തിൽ ഇന്നും മാറ്റം വന്നിട്ടില്ല. മഞ്ജു ഇന്നും പഴയ മഞ്ജുതന്നെ. സംവിധായകൻ ഉദ്ദേശിക്കുന്നതിന്റെ ഒരുപടി മേലെ നിൽക്കുന്ന പെർഫോമൻസ് നൽകാൻ കഴിയുന്നതിനാലാണ് ഇത്രയും കാലത്തിന് ശേഷം തിരിച്ചുവന്നപ്പോൾ ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണം ലഭിക്കാൻ തന്നെകാരണം. മഞ്ജുവിനെ അനുയോജ്യമായ ഒരു കഥയുടെ അന്വേഷണത്തിലാണ് ഞാൻ. നല്ലൊരു കഥയുമായി വേണം മഞ്ജുവിനെ സമീപിക്കാൻ. സുധർ ദാസ് എഴുതിയിരിക്കുന്നു.