CinemadeathEditors PicksEntertainmentFeaturedKeralaLatest NewsLocal NewsMost Popular NewsMoviesNationalsocial mediaviral newsviral story

നടനത്തിന്റെ തമ്പുരാൻ നെടുമുടി വേണു അന്തരിച്ചു.

തിരുവനന്തപുരം/ മലയാള നാടക സിനിമ രംഗത്തെ നടനത്തിന്റെ തമ്പുരാൻ, നെടുമുടി വേണു അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 73 വയസ്സായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളായിരുന്നു.

കുട്ടനാട്ടിലെ നെടുമുടിയിൽ നിന്നും പത്രപ്രവർത്തകനായും അധ്യാപകനായും സേവനമനുഷ്‌ഠിച്ച ശേഷം മലയാള നാടക സിനിമാ മേഖലയിലെത്തിയ അമൂല്യ കലാകാരനായിരുന്നു നെടുമുടി വേണു. ഏതു വേഷവും അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിവുള്ള നെടുമുടി വേണു, നായകനായും സഹനടനായും വില്ലനായും അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ നിരവധി. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും നെടുമുടി വേണു നേടി.

ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ സ്‌കൂൾ അദ്ധ്യാപകനായിരുന്ന പി.കെ കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളിൽ ഇളയ മകനായി 1948 മെയ് 22 ൽ ആയിരുന്നു കെ. വേണുഗോപാലൻ എന്ന നെടുമുടി വേണുവിന്റെ ജനനം. നെടുമുടിക്കാരനായ വേണു മാധ്യമപ്രവര്‍ത്തകനായാണ് ജീവിതം തുടങ്ങിയത്.

നാടക രംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി വേണു സിനിമയിൽ എത്തുന്നത്. അരങ്ങിന്റെ ലോകത്തേക്ക് അദ്ദേഹത്തെ കൈപിടിച്ചുയർത്തിയത് നാടക കുലപതി കാവാലം നാരായണപ്പണിക്കരാണ്. നാടകലോകത്തെ കാവാലം-നെടുമുടി ബന്ധം ശ്രദ്ധേയമായിരുന്നു. കാവാലം നാരായണപ്പണിക്കരുടെ ‘അവനവൻ കടമ്പ’ ഉൾപ്പെടെയുള്ള പ്രശസ്ത നാടകങ്ങളിൽ നെടുമുടി വേണു വേഷമിട്ടുണ്ട്.

അരവിന്ദൻ, പത്മരാജൻ, ഭരത് ഗോപി തുടങ്ങിയവരുമായുള്ള സൗഹൃദം അദ്ദേഹത്തെ നാടക ലോകത്തു നിന്നും സിനിമയിലെത്തിച്ചു. 1978ൽ അരവിന്ദൻ സംവിധാനം ചെയ്ത ‘തമ്പ്’ ആയിരുന്നു നെടുമുടി വേണുവിന്റെ ആദ്യ ചിത്രം. അഭിനയത്തിന് പുറമെ തിരക്കഥാകൃത്തായും അദ്ദേഹം സിനിമാലോകത്തെ സാന്നിധ്യം അറിയിച്ചിരുന്നു. കാറ്റത്തെ കിളിക്കൂട്, തീർത്ഥം, ശ്രുതി, അമ്പട ഞാനേ, ഒരു കഥ ഒരു നുണക്കഥ, സവിധം, അങ്ങനെ ഒരു അവധിക്കാലത്ത് തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായിരുന്നു. ‘പൂരം’ എന്ന ചിത്രം നെടുമുടി വേണു സംവിധാനം ചെയ്‌തു.

ഭരതന്‍റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍ എന്ന ചിത്രം കാരണവര്‍ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനു കാരണമായി. വൈകാതെ മലയാളത്തിലെ തിരക്കേറിയ സഹനടന്‍മാരില്‍ ഒരാളായി നെടുമുടി വേണു മാറി. അഭിനയ വൈദഗ്ദ്ധ്യവും സംഭാഷണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങള്‍ക്ക് എന്നും കരുത്ത് പകർന്നു. മലയാളത്തിലും തമിഴിലുമായി 500ലധികം ചിത്രങ്ങളിൽ നെടുമുടി വേണു അഭിനയിച്ചിട്ടുണ്ട്. സുശീലയാണ് ഭാര്യ. മക്കൾ കണ്ണൻ, ഉണ്ണി.

Back to top button