Uncategorized

ജലീലിന്റെ പരാതിയിൽ സ്വപ്‌ന സുരേഷിനും പി സി ജോർജിനും എതിരെ പൊലീസ് കേസ് എടുത്തു.

തിരുവനന്തപുരം/ കെ ടി ജലീല്‍ എംഎല്‍എയുടെ പരാതിയില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനും പി സി ജോർജിനും എതിരെ പൊലീസ് കേസ്. പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടറുടെ നിയമോപദേശപ്രകാരമാണ് പോലീസ് കേസെടുത്തത്. സ്വപ്‌നയുടെ ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിക്കുന്ന ജലീലിന്റെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്.

120 ബി, 153 വകുപ്പുകള്‍ പ്രകാരം ഗൂഢാലോചനയ്ക്കും കലാപ ശ്രമത്തിനുമാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. ജലീലിന്റെ പരാതി അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുന്നുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിളാണ് പ്രത്യേക അന്വേഷണ സംഘം എന്നാണ് വിവരം.

രാഷ്ട്രീയമായി തന്നെയും കേരളസര്‍ക്കാരിനെയും പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും സ്വപ്‌ന അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിന് പിന്നില്‍ ഗൂഢാലോചനയു ണ്ടെന്നും തെറ്റായ വിവരങ്ങള്‍ പറഞ്ഞ് കലാപത്തിനുള്ള നീക്കമാണ് നടത്തിയതെന്നും ജലീല്‍ പരാതിയില്‍ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് രണ്ട് മാസങ്ങള്‍ക്ക് മുമ്പുതന്നെ പി സി ജോര്‍ജിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്നും അതിന് തെളിവായി കഴിഞ്ഞ ദിവസം പുറത്തുവന്ന ജോര്‍ജിന്റെ ശബ്ദരേഖയും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു.

സ്വപ്ന ചൊവ്വാഴ്ച നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ ബുധനാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അനില്‍കാന്തിനെ മുഖ്യമന്ത്രി സെക്രട്ടേറിയേറ്റിലേക്ക് വിളിച്ചു വരുത്തുകയാണ് ഉണ്ടായത്. ഈ കൂടിക്കാഴ്ച അവസാനിച്ചതിനു പിറകെ പരാതിയുമായി ജലീല്‍ സ്റ്റേഷനില്‍ എത്തുകയാണ് ഉണ്ടായത്.

ഇത്തരമൊരു നുണക്കഥ വാര്‍ത്താമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ശേഷം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ആസൂത്രിതമായ കലാപത്തിനുവേണ്ടിയുള്ള ശ്രമങ്ങളും ഇവര്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ജലീല്‍ പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. യുഡിഎഫിലും ബിജെപി.യിലും ഉള്‍പ്പെട്ട യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കുകയും പൊലീസിനെ ആക്രമിക്കുകയും അതുവഴി നാട്ടിലാകെ സംഘര്‍ഷം വ്യാപിപ്പിക്കാനുമാണ് ഇരുവരും ശ്രമിക്കുന്നതെന്നും പരാതിയിൽ ആരോപിക്കുന്നു.

 

Back to top button