മോഡലുകളുടെ മരണം, 18 ഹോട്ടൽ ഉടമ റോയ് വയലാട്ടും അഞ്ച് ജീവനക്കാരും അറസ്റ്റിലായി..,ദുരൂഹതയേറി..,
ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി എങ്ങുമെത്താതെ അന്വേഷണം.
കൊച്ചി/ കൊച്ചിയിൽ രണ്ടു മോഡലുകൾ വാഹനപകടത്തിൽ മരിച്ച സംഭവത്തിൽ ഹോട്ടലുടമ വ്യാജ ഹാർഡ് ഡിസ്ക് നൽകി കബളിപ്പിക്കാൻ ശ്രമിച്ചതിന് പിറകെ സംഭവവുമായി ബന്ധപ്പെട്ട് നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടും അഞ്ച് ജീവനക്കാരും അറസ്റ്റിലായി. പാലാരിവട്ടം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. തെളിവ് നശിപ്പിച്ചതായ വകുപ്പ് ചുമത്തിയാണ് റോയ് വയലാട്ടിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഹോട്ടലിലെ ജീവനക്കാരെയും കേസിൽ പ്രതികളാവും.
ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരായ റോയ് വയലാട്ട് ഹാജരാക്കിയ ഡിവിആറിൽ കൃത്രിമത്വം കാണിച്ചതായി പൊലീസ് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹോട്ടലിൽ നടന്ന ഡിജെ പാർട്ടിയുടെ ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞതാ യാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ കേസിൽ കൂടുതൽ ദുരൂഹത ഉണ്ടായിരിക്കുന്നതിനൊപ്പം, പോലീസിന് തന്നെ ഉത്തരം പറയാൻ കഴിയാത്ത നിരവധി സംശയങ്ങളും ഉയർന്നിട്ടുണ്ട്.
നമ്പർ 18 ഹോട്ടലിൽ അന്നേ ദിവസം മദ്യ സൽക്കാരം നടന്നിരുന്നുവോ? നമ്പർ 18 ഹോട്ടലിന് മദ്യവില്പനക്കും, മദ്യ സൽക്കാരത്തിനും അനുമതി ഉണ്ടായിരുന്നുവോ? ഡിജെ പാർട്ടിയുടെ ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞതായ ഒരൊറ്റ കാരണം പറഞ്ഞു പാർട്ടിയിൽ ലഹരി വിതരണം നടന്നതായ നിർണ്ണായക വിവരങ്ങളുടെ കാര്യത്തിൽ എന്തുകൊണ്ട് പോലീസ് അന്വേഷണം നടത്തിയില്ല? മോഡലുകളുടെ കാർ പിന്തുടർന്നത് എന്തിന്? ആരായിരുന്നു പിന്തുടർന്നത്? എന്തായിരുന്നു അവരുടെ ലക്‌ഷ്യം? ഇക്കാര്യം കണ്ടെത്താൻ കഴിയാത്തത് പോലീസ് അന്വേഷണത്തിലെ വീഴ്ചയല്ലേ?
വ്യാജ ഹാർഡ് ഡിസ്ക് നൽകി പോലീസിനെ കബളിപ്പിക്കാൻ ശ്രമിച്ച ഹോട്ടൽ ഉടമയുടെ നടപടി മോഡലുകളുടെ അപകട മരണത്തിനു കാരണമായ സംഭവത്തിലേക്കാണ് യഥാർത്ഥത്തിൽ വിരൽ ചൂണ്ടുന്നത്. അത് കൊണ്ട് തന്നെ മരണങ്ങൾക്ക് കാരണമായ യഥാർത്ഥ തെളിവ് നശിപ്പിക്കപ്പെട്ടത്, വെറും തെളിവ് നശിപ്പിക്കൽ മാത്രമല്ല. മരണകാരണം നശിപ്പിക്കൽ കൂടിയായ ക്രിമിനൽ കുറ്റം കൂടിയാണ്. നമ്പർ 18 ഹോട്ടലിൽ
മരണങ്ങൾ ഉണ്ടായ ദിവസം നടന്ന കാര്യങ്ങൾ സംബന്ധിച്ച് ജീവനക്കാരിൽ നിന്നും ലഭിച്ച മൊഴികൾ ഡി.ജെ. പാർട്ടി നടത്തിയതുൾപ്പടെ പോലീസ് മുഖവിലയ്ക്ക് എടുക്കാത്തത് എന്താണ്?
ദുരൂഹത മാത്രം നിറഞ്ഞ കേസിൽ മുൻ മിസ് കേരള അടക്കമുള്ള മോഡലുകളുടെ കാറപകട മരണത്തിൽ ദുരൂഹതകളില്ലെന്ന് പൊലീസ് വെളിപ്പെടുത്തൽ നടത്തിയത് ആരെ സംരക്ഷിക്കാൻ വേണ്ടിയായിരുന്നു? മോഡലുകൾ പങ്കെടുത്ത ഡി.ജെ. പാർട്ടി നടന്ന നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ടിനെ രാവിലെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചത് ഇതിന്റെ ഭാഗമല്ലെന്നു പറയാനാകുമോ? തുടർന്ന് വ്യാപക വിമർശനം ഉയർന്നതിന് പിറകെയാണ് ഹോട്ടൽ ഉടമയെ അറസ്റ്റ് ചെയ്യുന്നത്.
കേസന്വേഷത്തിൽ സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അപകടത്തിൽ മരിച്ച അൻസി കബീറിന്‍റെ കുടുംബം പാലാരിവട്ടം പൊലീസിൽ പരാതി നൽകുകയും, പ്രതിപക്ഷനേതാവ് വി ഡി സതീശൻ വിശദമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്ത പിറകെയായിരുന്നു അറസ്റ്റ് ഉണ്ടായത്. ഡി ജെ പാർട്ടിയുമായി ബന്ധപെട്ടു പോലീസിന് പകൽ വെളിച്ചം പോലെ അറിയാവുന്ന നിരവധി കുറ്റ കൃത്യങ്ങൾ ഹോട്ടൽ ഉടമയുടെ പേരിൽ ചുമത്താമെന്നിരിക്കെ തെളിവ് നശിപ്പിക്കൽ എന്ന കുറ്റം മാത്രം ചുമത്തി ഹോട്ടൽ ഉടമയെ അക്ഷരാർത്ഥത്തിൽ പോലീസ് രക്ഷിക്കാനല്ലേ ശ്രമിക്കുന്നത്?
ഏറെ ദുരൂഹതകളും ചോദ്യങ്ങളും ഉയർന്ന കാറപകടം അമിതവേഗത കൊണ്ടു മാത്രം സംഭവിച്ചതാണെന്ന നിഗമനത്തിൽ പോലീസ് എത്തിയത് സത്യത്തിൽ ആരെയൊക്കെയോ രക്ഷിക്കാനല്ലേ? അപകടം സംബന്ധിച്ച നിർണായകമായ ചോദ്യം ചെയ്യലും സിസിടിവി ദൃശ്യങ്ങളുടെ പരിശോധനകൾക്കും ശേഷമാണ് സംഭവത്തിൽ ദുരൂഹതകൾ ഇല്ലെന്ന് പൊലീസ് പറയുന്നത് എന്ത് അർത്ഥത്തിലാണ്?.
നമ്പർ 18 ഹോട്ടലിലെ ഡി ജെ പാർട്ടിയും വാഹനാപകടവും, മരണങ്ങളും, മോഡലുകളുടെ കാർ പിന്തുടർന്നത് എന്തിന്? എന്നതും, ദുരൂഹത മാറ്റണമെന്ന അൻസിയുടെ കുടുംബത്തിന്റെ ആവശ്യവും ന്യായമായതല്ലേ? മോഡലുകൾ ഡിജെ പാർട്ടിയിൽ പങ്കെടുത്ത ഹോട്ടലിലെ സിസി ടിവി ദൃശ്യം റോയിയുടെ നിർദ്ദേശപ്രകാരം മാറ്റി എന്നായിരുന്നു ജീവനക്കാരുടെ മൊഴി. ഇത് എന്തിനായിരുന്നു? ഇതിനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം എന്തെന്നറിയാൻ ജനങ്ങൾക്ക് അവകാശമില്ലേ?
- വള്ളിക്കീഴൻ