ചരിത്ര നേട്ടവുമായി ‘സബാഷ് മിതാലി’ വനിതാ ലോകകപ്പിൽ ഇന്ത്യൻ വനിതാ ക്യാപ്റ്റന് അപൂർവ റെക്കോർഡ്
ന്യൂസിലൻഡിൽ നടക്കുന്ന ലോകകപ്പിൽ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യയെ നയിച്ച് ഇറങ്ങിയതോടെ സബാഷ് മിതാലി വനിതാ ഏകദിന ലോകകപ്പില്‍ ചരിത്രം കുറിക്കുകയായിരുന്നു. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ക്യാപ്റ്റനാകുന്ന വനിതാ താരമെന്ന നേട്ടമാണ് മിതാലിക്ക് സ്വന്തമായിരിക്കുന്നത്.
മുൻ ഓസ്‌ട്രേലിയൻ വനിതാ ക്യാപ്റ്റന്‍ ബെലിൻഡ ക്ലാര്‍ക്കിനെയാണ് മിതാലി മറികടന്നിരിക്കുന്നത്. ലോകകപ്പില്‍ 23 മത്സരങ്ങളിലാണ് ബെലിൻഡ ഓസീസിനെ നയിച്ചത്. വിൻഡീസിനെതിരെ ഇന്ത്യ കൂറ്റൻ ജയം നേടുക കൂടി ചെയ്തതോടെ മിതാലിയുടെ റെക്കോർഡ് നേട്ടത്തിന് ഇരട്ടിമധുര മാണുള്ളത്. ഹാമിൽട്ടണിൽ നടന്ന മത്സരത്തിൽ വിന്‍ഡീസിനെതിരെ 155 റണ്‍സിന്‍റെ വമ്പന്‍ ജയമാണ് മിതാലിയും ടീമും നേടിയത്.
ഏറ്റവും കൂടുതൽ ലോകകപ്പ് കളിച്ച വനിതാ താരമെന്ന റെക്കോർഡും മിതാലി പേരിലാണ്. ഈ ലോകകപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യക്കായി കളത്തിലിറങ്ങിയതോടെ ആറ് ലോകകപ്പ് കളിക്കുന്ന ആദ്യ വനിതാ താരമെന്ന റെക്കോർഡാണ് മിതാലി സ്വന്തം പേരിലാക്കിയത്.