ഡി ജെ പാർട്ടികൾക്ക് മയക്ക് മരുന്ന് സൈജു വഴി, ഹോട്ടലുടമ റോയിയുടെ വിശ്വസ്ത സുഹൃത്ത്, ഫോണിൽ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങൾ..
കൊച്ചി/ മുന്‍ മിസ് കേരളയടക്കം മൂന്ന് പേര് വാഹനാപകടത്തില്‍ മരിച്ച കേസില്‍ സംഭവദിവസം ഇവരെ പിന്തുടര്‍ന്ന ആഡംബരക്കാറിന്റെ ഡ്രൈവര്‍ സൈജു എം. തങ്കച്ചന്റെ മൊബൈല്‍ ഫോണില്‍നിന്ന് മയക്കുമരുന്ന് ഇടപാടുകള്‍ സംബന്ധിച്ചു നിര്‍ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു ലഭിച്ചു. ഡി ജെ പാർട്ടികൾക്ക് മയക്ക് മരുന്ന് എത്തിക്കുന്ന സൈജു, ഹോട്ടലുടമ റോയി ജോസഫ് വയലാട്ടിന്റെ വിശ്വസ്തനായ കൂട്ടുകാരൻ കൂടിയാണ്. ഇയാൾ ഇന്റീരിയര്‍ ഡിസൈനർ കൂടിയാണ്.
ലഹരി ഉപയോഗിക്കുന്നതിന്റെയും ഡി.ജെ പാർട്ടികളിൽ പങ്കെടുക്കുന്നതിന്റെയും ദൃശ്യങ്ങൾ സൈജുവിന്റെ ഫോണിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ വിവിധ ഇടങ്ങളിലെ നിശാപ്പാർട്ടികളിൽ നിന്നുള്ളതാണ് ഇവയെന്നാണ് പോലീസ് കരുതുന്നത്. വെള്ളിയാഴ്ച വൈകിട്ട് അറസ്റ്റുചെയ്ത സൈജുവിനെ മൂന്നു ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
കേരളത്തിലും പുറത്തും നിരവധി ലഹരി ഇടപാടുകാരുമായി ഇയാൾ ആശയവിനിമയം നടത്തിയിരുന്നതായി ഇയാളുടെ ഫോണിൽ നിന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളുടെ കോള്‍ ഡീറ്റെയില്‍സ് റിക്കാര്‍ഡ്സ് (സിഡിആര്‍) അന്വേഷണ സംഘം പരിശോധിക്കാനിരിക്കുകയാണ്. ഇയാളെ ഇന്നലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. അമിതവേഗതയ്ക്ക് പ്രേരണയുണ്ടാക്കി, ദുരുദ്ദേശ്യത്തോടെ മരിച്ചവരുടെ വാഹനത്തെ പിന്തുടര്ന്നു തുടങ്ങിയ കുറ്റങ്ങളാണ് ഇയാളുടെ പേരില്‍ ചുമത്തിയിട്ടുള്ളത്.
നോട്ടീസ് നല്കി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ 10.30ഓടെ രണ്ട് അഭിഭാഷകര്‍ക്കൊപ്പം കളമശേരി മെട്രോ പേലീസ് സ്റ്റേഷനില്‍ സൈജു ഹാജരാവുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
അറസ്റ്റിലായ സൈജു ഡിജെ പാര്‍ട്ടി നടന്ന നമ്പര്‍ 18 ഹോട്ടലില്‍ മാസത്തില്‍ രണ്ടു പ്രാവശ്യമെങ്കിലും എത്താറുണ്ടായിരുന്നു. ഇന്റീരിയര്‍ ഡിസൈനറായി പ്രവര്‍ത്തിക്കുന്ന സൈജു ഹോട്ടലുടമ റോയി ജോസഫ് വയലാട്ടിന്റെ വിശ്വസ്തനായ കൂട്ടുകാരനായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുള്ള വിവരം.
ഇയാള്‍ ഡിജെ പാര്‍ട്ടി നടക്കുന്ന ദിവസങ്ങളില്‍ ഹോട്ടലില്‍ എത്തിയിരുന്നത് ലഹരി വസ്തുക്കള്‍ കൈമാറാനായിരുന്നു എന്നാണു പോലീസ് ബലമായി സംശയിക്കുന്നത്. മറ്റു സ്ഥലങ്ങളിൽ നടന്നിട്ടുള്ള ഡി ജെ പാർട്ടികളിൽ നിന്നുള്ള ചിത്രങ്ങൾ ഇയാളുടെ ഫോണിൽ നിന്ന് ലഭിച്ചിരിക്കുന്നത്,മയക്ക് മരുന്ന് ലോബിയിലെ പ്രധാന കണ്ണിയാണോ എന്ന സംശയവും ഉണ്ടാക്കുന്നുണ്ട്.
അന്‍സി ഉള്‍പ്പെടെയുള്ളവരെ ആഫ്റ്റര്‍ പാര്‍ട്ടിക്കും അവിടെ മുറിയിൽ താങ്ങുവാനും സൈജു നിര്‍ബന്ധിച്ചിരുന്നു. ഇതിന് താല്പര്യമില്ലെന്ന് അവര്‍ വ്യക്തമാക്കിയെങ്കിലും വീണ്ടും നിര്‍ബന്ധിച്ച് കാറില്‍ പിന്തുടരുന്നതിടെയാണ് അപകടം ഉണ്ടാവുന്നത്.ഹോട്ടലുടമ റോയിയുടെ നിര്‍ദേശപ്രകാരമാണ് യുവതികളെ പിന്തുടര്ന്നതെന്ന് സൈജു ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞിരുന്നതാണ്.
അതേസമയം, മോഡലുകൾ കാറപകടത്തിൽ മരിച്ച സംഭവത്തിൽ കഴിഞ്ഞദിവസം അറസ്റ്റിലായ സൈജു എം. തങ്കച്ചനെ രണ്ടാം പ്രതിയാക്കും. നിലവിൽ രണ്ടാംപ്രതിയായ ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടൽ ഉടമ റോയ് ജെ വയലാട്ട് മൂന്നാം പ്രതിയാകും. മറ്റുള്ള പ്രതികളുടെ സ്ഥാനവും ഇതനുസരിച്ച് മാറും. മോഡലുകൾ സഞ്ചരിച്ച കാർ ഓടിച്ചിരുന്ന അബ്ദുൾ റഹ്മാനാണ് ഒന്നാംപ്രതി . മദ്യപിച്ച് അശ്രദ്ധമായി കാറോടിച്ച് അപകടമുണ്ടാക്കി ജീവാപായത്തിന് വഴിവെച്ചുവെന്നാണ് കുറ്റം. സ്ത്രീത്വത്തെ അപമാനിച്ചതായ 354-ാം വകുപ്പും സൈജുവിനെതിരെ ചുമത്തും. സൈജു മോഡലുകളുടെ കാറിനെ പിന്തുടാൻ ഉപയോഗിച്ച ഓഡി കാറും അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുക്കേണ്ടതുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു. കാർ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നാണ് വിവരം.