സരിത്തിനെ കൊണ്ടുപോയത് വിജിലൻസ്, ഇത് ഗുണ്ടായിസമാണെന്ന് സ്വപ്ന.
പാലക്കാട്/ സ്വപ്ന സുരേഷിന്റെ ഫ്ലാറ്റിൽ നിന്നും സ്വർണക്കടത്തുകേസിലെ ഒന്നാം പ്രതി പി എസ് സരിത്തിനെ പിടിച്ചുകൊണ്ടുപോയത് വിജിലൻസ് സംഘം. വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് കോഴക്കേസുമായി ബന്ധപ്പെട്ടാണ് സരിത്തിനെ കൊണ്ടുപോയത്. നോട്ടീസ് നൽകിയാണ് കൂട്ടിക്കൊണ്ടുപോയത്. സരിത്തിനെ കസ്റ്റഡിയിലെടുത്തിട്ടില്ല. നോട്ടീസ് കൈപ്പറ്റിയ ശേഷം സരിത്ത് സ്വമേധയാ കൂടെ വരികയായിരുന്നുവെന്നാണ് വിജിലൻസിന്റെ വിശദീകാരണം.
അതേസമയം, കേരളത്തെ നടുക്കി കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്നസുരേഷിന്റെ വെളിപ്പെടുത്തലിന് പിറകെ സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി പി എസ് സരിത്തിനെ ചോദ്യം ചെയ്യാനെന്നപേരിൽ വിജിലൻസ് കൂട്ടിപോയതിൽ ദുരൂഹതയുണ്ട്. സ്വപ്നയുടെ വെളിപ്പെടുത്തലിന് പിറകെ കേസുമായി ബന്ധപെട്ടു ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങൾക്ക് മറുമരുന്നൊരുക്കുകയാണ് ഇതിന്റെ പിന്നിലുള്ള ലക്ഷ്യമെന്നാണ് പ്രധാനമായും സംശയിക്കുന്നത്. സരിത്തിനെ പിടിച്ചുകൊണ്ടുപോയ സംഭവത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി സ്വപ്ന സുരേഷ് രംഗത്ത് വന്നു. മുഖ്യമന്ത്രി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണ്. സരിത്തിനെതിരെ ഇപ്പോൾ കേസൊന്നുമില്ല. ലൈഫ് മിഷൻ കേസിൽ സരിത്ത് ഏഴാം പ്രതി മാത്രമാണ്. ലൈഫ് മിഷൻ കേസിലാണെങ്കിൽ കോഴ വാങ്ങിയ ശിവശങ്കറിനെയല്ലേ ആദ്യം കൊണ്ടുപോകേണ്ടതെന്ന് സ്വപ്ന ചോദിക്കുന്നു.
പാലക്കാട് വിജിലൻസ് യൂണിറ്റാണ് സരിത്തിനെ കൊണ്ടുപോയത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർദേശപ്രകാരമാണ് സരിത്തിനെ കൊണ്ടുപോയത്. ചോദ്യം ചെയ്യലിന് ശേഷം സരിത്തിനെ വിട്ടയക്കുമെന്നും വിജിലൻസ് സംഘം പറഞ്ഞിരിക്കുന്നു. നോട്ടീസ് കൈപ്പറ്റിയിട്ടില്ലെന്നും ബലംപ്രയോഗിച്ചാണ് സരിത്തിനെ കൊണ്ടുപോയതെന്ന് സ്വപ്ന ആരോപിക്കുന്നത്. പൊലീസുകാർ ഐഡി പോലും കാണിക്കാതെയാണ് പിടിച്ചുകൊണ്ടുപോയത്. ഇങ്ങനെയാണോ ഒരു അന്വേഷണ ഏജൻസി പെരുമാറേണ്ടത്. നോട്ടീസ് നൽകിയാൽ ഹാജരാകില്ലേ. സ്വപ്ന ചോദിക്കുന്നു.
ഇങ്ങനെ ഭയപ്പെടുത്താമെന്ന് കരുതേണ്ട. അന്വേഷണ ഏജൻസിയാണെങ്കിൽ തട്ടിക്കൊണ്ടു പോകുന്നത് എന്തിനാണ്. തട്ടിക്കൊണ്ടുപോകൽ ഗുണ്ടായിസമാണ്. താൻ മാത്രമല്ല, തന്റെ കൂടെയുള്ളവരും ജീവന് കടുത്ത ഭീഷണി നേരിടുകയാണ്. തങ്ങളെയെല്ലാം കള്ളക്കേസെടുത്ത് ജയിലിലടയ്ക്കാനാണ് ശ്രമിക്കുന്നതെന്നും സ്വപ്ന സുരേഷ് ആരോപിച്ചിട്ടുണ്ട്.