CrimedeathEditors PicksFeaturedKeralaLatest NewsLaw/CourtLocal NewsMost Popular NewsNationalsocial mediaviral newsviral story

വധ ശിക്ഷയില്ലെങ്കിലും, സൂരജ് ഇനി ജീവിതകാലം മുഴുവൻ ജയിൽ അഴിക്കുള്ളിൽ

കൊല്ലം / അപൂർവങ്ങളിൽ അപൂർവമായ ഉത്ര വധകേസിൽ പ്രതി സൂരജിന് വധ ശിക്ഷ ലഭിച്ചില്ലെങ്കിലും ഇരട്ട ജീവപര്യന്തം അടക്കമുള്ള ശിക്ഷ വിധി സൂരജിനെ ജീവിതകാലം മുഴുവൻ ജയിൽ അഴിക്കുള്ളിലാക്കും. മേൽക്കോടതി വിധികളോ സർക്കാർ തീരുമാനമോ ഉണ്ടാവുന്നില്ല എങ്കിൽ ജീവതാവസാനം വരെ സൂരജിന് തടവിൽ കിടക്കേണ്ടിയും വരും.

മുൻകാലങ്ങളിൽ കുറ്റകൃത്യങ്ങളിൽ പങ്കാളിയായിട്ടില്ല എന്നതും പ്രായവും പരിഗണിച്ചാണ് തൂക്കുകയറിൽ നിന്ന് സൂരജ് കഷ്ടിച്ച് രക്ഷപെട്ടത്. പക്ഷെ കൊടും ക്രൂരത ചെയ്ത സൂരജിന് ജീവിത കാലം മുഴുവൻ ജയിലിൽ തന്നെ സരണമാകും. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം മനോജാണ് നിർണ്ണായക കേസിൽ വിധി പറഞ്ഞത്.

302 (കൊലപാതകം) ഒഴികെ ബാക്കി എല്ലാ കുറ്റങ്ങളിലും പരമാവധി ശിക്ഷയാണ് സൂരജിന് ലഭിച്ചിരിക്കുന്നത്. രാജ്യം മുഴുവൻ ഉറ്റുനോക്കിയ കേസിൽ അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും വിജയമാണ് ശിക്ഷയിൽ ഉണ്ടായിരിക്കുന്നത്.

ആദ്യത്തെ 10 വര്‍ഷവും പിന്നീട് 7 വര്‍ഷവും തടവിന് ശേഷം (ദേഹോപദ്രവത്തിനും തെളിവുനശിപ്പിക്കലിനും) പ്രതി ഇരട്ടജീപര്യന്തം തടവ് അനുഭവിക്കേണ്ടതെന്ന് കോടതി പ്രത്യേകം പറഞ്ഞിരിക്കുന്നു. ഇത് കൂടാതെ അഞ്ചു ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.

27 വയസുകാരനായ സൂരജിന് നാല്പത്തി നാലാമത്തെ വയസിലായിരിക്കും ജീവപര്യന്തം തന്നെ ആരംഭിക്കുക. ഇരട്ട ജീവപര്യന്തമാണ് വിധി. നിലവിലെ സെഷൻസ് കോടതി വിധി പ്രകാരം ജീവിത കാലം മുഴുവൻ ജയിലിൽ കിടക്കാവുന്ന ശിക്ഷയാണ് ഇത് മൂലം ലഭ്യമായിരിക്കുന്നത്. ഇതിനിടെ കേസിൽ ഹൈക്കോടതിയിൽ അപ്പീലിന് പോകുമെന്ന് ഉത്രയുടെ അമ്മ വ്യക്തമാക്കിയിരിക്കുകയാണ്.

 

Back to top button