BusinessEditors PicksFeaturedIndiaLatest NewsMost Popular NewsNationalsocial mediaviral newsviral story

എയർ ഇന്ത്യ കമ്പനി ഇനി ടാറ്റ സൺസിന് സ്വന്തം

ന്യൂഡൽഹി/ രാജ്യത്തെ പൊതുമേഖല വിമാന കമ്പനിയായ എയർ ഇന്ത്യ കമ്പനി ഇനി ടാറ്റ സൺസിന് സ്വന്തം. എയർ ഇന്ത്യ കമ്പനി കൈമാറുന്നതിന് കേന്ദ്ര സർക്കാർ ഔദ്യോഗികമായി അംഗീകാരം നൽകി. 18,000 കോടി രൂപയ്ക്കാണ് വിമാനക്കമ്പനി ടാറ്റ സൺസിന് കൈമാറുന്നത്. ഡിസംബറിൽ ഏറ്റെടുക്കൽ പ്രക്രിയ പൂർത്തിയാകും. ലേലത്തിൽ പങ്കെടുത്ത സ്പൈസ് ​ജെറ്റിനെ പിന്തള്ളിയാണ് എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കിയിരിക്കുന്നത്.

ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി യോഗം ചേർന്നാണ് കൈമാറ്റം സംബന്ധിച്ച കാര്യത്തിൽ തീരുമാനമെടുത്തത്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്​സ്​പ്രസ്​ കമ്പനികളുടെ 100 ശതമാനം ഓഹരിയും ഗ്രൗണ്ട്​ ഹാൻഡലിങ്​ കമ്പനിയായ എയർ ഇന്ത്യ സാറ്റ്​സ്​ എയർപോർട്ട്​ സർവീസ്​ പ്രൈവറ്റ്​ ലിമിറ്റഡിലെ 50 ശതമാനം ഓഹരിയുമാണ് ടാറ്റ ഇതോടെ സ്വന്തമാക്കുന്നത്. 2021ഓഗസ്റ്റ് 31 വരെ എയർ ഇന്ത്യയുടെ കടം 61,562 കോടിയാണ്. ഇതിൽ 15,300 കോടിയുടെ കടം ടാറ്റ ഏറ്റെടുക്കും. ബാക്കി 46,262 കോടി രൂപ സർക്കാർ രൂപീകരിച്ച എയർ ഇന്ത്യ അസറ്റ്സ് ഹോൾഡിങ് ലിമിറ്റഡിന് കൈമാറാനാണ് തീരുമാനം.

18,000 കോടിയിൽ 15 ശതമാനം​ സർക്കാറിന്​ ലഭിക്കും. ബാക്കിയുള്ള തുക കൊണ്ട് കമ്പനിയുടെ കടം വീട്ടും. ടാറ്റ സൺസിന്​ എയർ ഇന്ത്യ കൈമാറുകയാണെന്ന വിവരം ഡി​പ്പാർട്ട്​മെന്‍റ്​ ഓഫ്​ ഇൻവെസ്റ്റ്​മെന്‍റ്​ ആൻഡ്​ പബ്ലിക്​ അസറ്റ്​ മാനേജ്​മെന്‍റ്​ സെക്രട്ടറി തുഹിൻ കാന്തും സ്ഥിരീകരിച്ചിട്ടുണ്ട്. സർക്കാറിന്‍റെ എല്ലാ വ്യവസ്ഥകളും ലേലത്തിൽ പ​ങ്കെടുത്ത കമ്പനി അംഗീകരിച്ചുവെന്നും ലേല നടപടികൾ പൂർണമായും സുതാര്യമായിരുന്നുവെന്നും തുഹിൻ പറഞ്ഞു.

1932ൽ ടാറ്റ സൺസ് ആരംഭിച്ച വിമാനക്കമ്പനിയാണ് 1946ൽ എയർ ഇന്ത്യ ആയി മാറുന്നത്. 1953ൽ ടാറ്റയിൽ നിന്ന് കമ്പനി കേന്ദ്രസർക്കാർ ഏറ്റെടുക്കുകയായിരുന്നു. 2001ൽ എയർ ഇന്ത്യ ഏറ്റെടുക്കാൻ ടാറ്റ ഗ്രൂപ്പ് ശ്രമിച്ചെങ്കിലും വിൽപന വേണ്ടെന്നു സർക്കാർ തീരുമാനിച്ചു. നിലവിൽ എയർ ഏഷ്യ ഇന്ത്യാ, വിസ്താര എന്നീ വിമാന സർവ്വീസുകൾ മറ്റ് കമ്പനികളുമായി സഹകരിച്ച് ടാറ്റ ഗ്രൂപ്പ് നടത്തി വരുകയാണ്.

Back to top button