BusinessCinemaCrimeEditors PicksEntertainmentFashionFeaturedKeralaLatest NewsLifestyleLocal NewsMost Popular Newssocial mediaviral newsviral story

ടാറ്റൂ പീഡനം: ടാറ്റൂ ആർട്ടിസ്റ്റ് സുജീഷിനെതിരെ 6 കേസുകൾ..കുറ്റം ചെയ്തിട്ടുണ്ടെന്ന് പോലീസ്..

കൊച്ചി/ കൊച്ചിയിലെ ടാറ്റൂ പീഡനക്കേസില്‍ പ്രതി ഇന്‍ക്‌ഫെക്റ്റഡ് ടാറ്റൂ സ്റ്റുഡിയോ ഉടമ പി.എസ്.സുജീഷ് കുറ്റം ചെയ്തിട്ടുണ്ടെന്ന് പൊലീസ്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ സുജീഷിനെ ടാറ്റൂ സ്റ്റുഡിയോയിലെത്തിച്ച് പോലീസ് തെളിവെടുപ്പു നടത്തി. നിലവില്‍ ആറ് കേസുകളാണ് സുജീഷിനെതിരെ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പെരുമ്പാവൂരില്‍ നിന്നുമാണ് കൊച്ചിയിലെ ഇന്‍ക്‌ഫെക്റ്റഡ് ടാറ്റൂ സ്റ്റുഡിയോ ഉടമ സുജീഷിനെ ചേരാനെല്ലൂര്‍ പൊലീസ് കസ്റ്റഡിയില്‍ എ൩ടുക്കുന്നത്. ടാറ്റൂ സ്റ്റുഡിയോയില്‍ ലൈംഗിക അതിക്രമം നേരിട്ടെന്ന് യുവതികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പെരുമ്പാവൂരില്‍ സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സുജീഷിനെ അറസ്റ്റ് ചെയ്യുന്നത്.

സുജീഷിനെതിരെ 4 കേസുകള്‍ പാലാരിവട്ടം സ്റ്റേഷനിലും 2 കേസുകള്‍ ചേരാനെല്ലൂര്‍ സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്തു. പ്രതിക്കെതിരെ കൃത്യമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നു കൊച്ചി ഡി.സി.പി വി.യു.കുര്യാക്കോസ് പറഞ്ഞിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ സുജീഷിനെ ചേരാനല്ലൂര്‍ കുന്നുംപുറത്തെ ഇന്‍ക്‌ഫെക്ട് സ്റ്റുഡിയോയിലെത്തിച്ച് തെളിവെടുത്തു. സ്ഥാപനത്തിലെ കമ്പ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്‌ക്, സിസിടിവി ഡിവിആര്‍, എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഇവയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരാതികളിലെ വസ്തുത സംബന്ധിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിക്കുകയായി രുന്നു. കൊച്ചിയിലെ മറ്റു ടാറ്റൂ കേന്ദ്രങ്ങളിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ ആയിരുന്നു സെലിബ്രറ്റി ടാറ്റൂ ആര്‍ട്ടിസ്റ്റായ സുജീഷിനെ കുറിച്ച് യുവതിആദ്യം പരാതി പങ്കുവെക്കുന്നത്. ശേഷം യുവതി രക്ഷിതാക്കള്‍ക്കൊപ്പം പൊലീസില്‍ കാര്യങ്ങള്‍ അറിയിച്ചെങ്കിലും പരാതി രേഖാമൂലം നല്‍കിയിരുന്നില്ല. എന്നാല്‍ ഈ സമയം സമൂഹമാധ്യമങ്ങളിലൂടെ നിരവധി യുവതികള്‍ വീണ്ടും പരാതിയുമായി എത്തുകയായിരുന്നു.

ലൈംഗിക പീഡന പരാതികളില്‍ പൊലീസിന് നേരിട്ട് പരാതി ലഭിച്ചില്ലെങ്കിലും അന്വേഷിക്കാമെന്ന സുപ്രീംകോടതി ഉത്തരവ് ഉള്ള സാഹചര്യത്തില്‍ പൊലീസ് കേസ് എടുക്കാന്‍ തയ്യാറാവുകയായിരുന്നു. അതിനിടയിലാണ് ചേരാനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ യുവതികള്‍ എത്തി സുജീഷിനെതിരെ പരാതി നല്‍കുന്നത്. പരാതികളില്‍ പ്രാഥമിക അന്വേഷണം പുരോഗമിക്കുകയാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു . സ്വകാര്യ ഭാഗത്ത് ടാറ്റൂ വരയ്ക്കുന്നതിനിടെ ലൈംഗിക അതിക്രമം നടത്തിയതായാണ് യുവതിയുടെ വെളിപ്പെടുത്തല്‍ ഉണ്ടാവുന്നത്.

അനാവശ്യമായി തങ്ങളുടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചു എന്നും തങ്ങളുടെ അനുവാദമില്ലാതെ വസ്ത്രം അഴിച്ചു മാറ്റിയെന്നും അശ്ലീല സംഭാഷണം നടത്തിയെന്നുമാണ് മറ്റ് യുവതികളുടെ പരാതികളിൽ ഉള്ളത്. വൈറ്റിലയിലും പാലാരിവട്ടത്തും വടുതലയിലും സ്ഥാപനങ്ങള്‍ നടത്തുന്ന ഇയാള്‍ക്ക് സിനിമ രംഗത്തുള്ളവരുമായി അടുത്ത ബന്ധമാണ് ഉള്ളത്. മിക്ക സിനിമ താരങ്ങളും സുജീഷിന്റെ സ്റ്റുഡിയോയിലാണ് ടാറ്റൂ ചെയ്തു വന്നിരുന്നത്.

Back to top button