അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്താതെ ബന്ധുക്കൾക്ക്, ഗുരുതര വീഴ്ച..
തൃശൂർ/ അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്താതെ ബന്ധുക്കൾക്ക് വിട്ടുനല്‍കി തൃശൂര്‍ മെഡിക്കല്‍ കോളേജ് ഗുരുതരവീഴ്ച കാട്ടി. ബന്ധുക്കള്‍ മൃതദേഹം പള്ളിയിലെത്തിച്ച് ഖബറടക്കം നടത്തുന്നതിനിടെ ആശുപത്രിയില്‍ നിന്ന് ഒരു കൂട്ടം ജീവനക്കാരെത്തി മൃതദേഹം തിരികെ വാങ്ങിപ്പോയി പോസ്റ്റുമോര്‍ട്ടം ചെയ്യുകയായിരുന്നു. വടക്കാഞ്ചേരി ഒന്നാം കല്ല് സ്വദേശി യൂസഫിന്റെ മൃതദേഹമാണ് ആശുപത്രിയില്‍ തിരികെ വാങ്ങികൊണ്ടുപോയി പോസ്റ്റുമോര്‍ട്ടം ചെയ്തത്.
കഴിഞ്ഞ ദിവസമാണ് യൂസഫ് മരിച്ചത്. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇല്ലാതെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍ക്കുകയായിരുന്നു. രാവിലെ ഡ്യൂട്ടി ഡോക്ടര്‍ എത്തിയപ്പോഴാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയില്ലെന്നും മൃതദേഹം ബന്ധുക്കള്‍ കൊണ്ടുപോയെന്നും അറിഞ്ഞു. തുടർന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ മരിച്ചയാളുടെ ബന്ധുക്കളെ ബന്ധപ്പെട്ടെങ്കിലും ആദ്യം മൃതദേഹം നൽകാൻ അവർ കൂട്ടാക്കിയില്ല.
തുടർന്ന് ജനപ്രതിനിധികള്‍ ഇടപെട്ടതോടെ ബന്ധുക്കള്‍ മൃതദേഹം വിട്ടുനല്‍കി. ആശുപത്രിയില്‍ നിന്ന് ഒരു സംഘമെത്തി മൃതദേഹം തിരികെ കൊണ്ടുപോയി പോസ്റ്റുമോര്‍ട്ടം ചെയ്യുകയായിരുന്നു. സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. സംഭവത്തിൽ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അടങ്ങിയ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.
ജൂണ്‍ എട്ടിന് രാത്രി വടക്കാഞ്ചേരി കാഞ്ഞിരക്കോട് എ എച്ച് റീജന്‍സിക്ക് സമീപത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് യൂസഫിന് അപകടം ഉണ്ടായത്. ഗുരുതര പരിക്കേറ്റ യൂസഫിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ പ്രതാപ് സോമസുന്ദരത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇത് സംബന്ധിച്ച് തെളിവെടുപ്പ് നടത്തും.