സ്വര്‍ണക്കടത്ത്: അര്ജുന് ആയങ്കി ഉപയോഗിച്ച കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
കണ്ണൂര്‍/ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘാംഗമായ അഴീക്കോട്ടെ അര്ജുന് ആയങ്കി ഉപയോഗിച്ച കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പരിയാരത്താണ് കാര്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം അഴീക്കലില്‍ നിന്ന് കാണാതായ കാറാണ് കണ്ടെത്തിയത്. വാഹനം അര്ജുന് ഉപയോഗിച്ചത് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കാറിന്റെ നമ്പര്‍പ്ലേറ്റ് ഇളക്കിമാറ്റിയ നിലയിലായിരുന്നു. പൊലീസും കസ്റ്റംസും അന്വേഷണം ശക്തമാക്കിയതോടെ കാര്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് സൂചന. KL 13 AR 7789 നമ്പര്‍ കാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.
രണ്ട് ദിവസം മുന്‍പാണ് വാഹനം കാണാതായത്. ഞായറാഴ്ച വൈകുന്നേരമാണ് കാര്‍ ലഭിക്കുന്നത്. സജേഷിന്റെ ഉടമസ്ഥതയിലുള്ള കാറാണിത്. അര്ജുന് ആയങ്കിയുടെ പേരില്‍ നിലവില്‍ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പറഞ്ഞാണ് കാറിന് പൊലീസ് കാവല്‍ പോലും ഏര്‍പ്പെടുത്താതിരുന്നത്.
ദിവസങ്ങള്‍ക്കുമുമ്പ് അഴീക്കല്‍ ഉരുക്കുനിര്‍മ്മാണ ശാലയ്ക്ക് സമീപം ഒളിപ്പിച്ച നിലയില്‍ കാര്‍ കണ്ടെത്തിയിരുന്നുവെങ്കിലും പൊലീസ് സ്ഥലത്തെത്തും മുമ്പ് അവിടെ നിന്ന് മാറ്റിയിരുന്നു. അതിനിടെ കാറുടമ സജേഷിനെ സി പി എം പുറത്താക്കി. കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യ ആസൂത്രകന്‍ അര്ജുന് ആയങ്കിയാണെന്ന് നേരത്തെ കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. ഇതിനിടെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇയാള്‍ക്ക് കസ്റ്റംസ് നോട്ടിസ് നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച ഹാജരാകാനാണ് നിര്‍ദേശം.