CrimedeathEditors PicksFeaturedKeralaLatest NewsMost Popular NewsRelationship

ആളൂരെത്തിയിട്ടും രക്ഷയായില്ല; വിസ്മയെ കൊന്ന കിരണിന്റെ ജാമ്യഹര്‍ജി കോടതി തള്ളി.

കൊല്ലം/ വിസ്മയയെ കൊന്ന കേസിലെ പ്രതി കിരണ്‍ ജാമ്യത്തിനായി അഡ്വ. ബി എ ആളൂരിനെ വച്ച് തന്നെ വാദിച്ചെങ്കിലും രക്ഷയായില്ല. കിരണ്‍കുമാര്‍ സമര്‍പിച്ച ജാമ്യഹര്‍ജി ശാസ്താംകോട്ട ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. ഇതോടെ ഗാര്‍ഹികപീഡനം, സ്ത്രീധന പീഡനം വകുപ്പുകള്‍ ചുമത്തിയിട്ടുള്ള കിരണ്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തന്നെ തുടരും. ശക്തമായി ജാമ്യാപേക്ഷയെ എതിര്‍ത്ത പ്രോസിക്യൂഷന്‍ ജാമ്യം നല്‍കരുതെന്ന നിലപാടെടുത്തു.

കിരണിന് വിസ്മയയുടെ മരണത്തില്‍ പങ്കില്ലെന്ന നിലപാടാണ് ജാമ്യഹര്‍ജിയിലും ആവര്‍ത്തിച്ചത്. പ്രതി മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നയാളാണെന്നും വിഡിയോ ഗെയിമിന് ഉള്‍പ്പെടെ അടിമയാണെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. എന്നാല്‍ ഈ വാദങ്ങളെല്ലാം കോടതി തള്ളുകയായിരുന്നു. നിലവില്‍ കൊവിഡ് ബാധിതനായി നെയ്യാറ്റിന്‍കര സബ് ജയിലില്‍ കഴിയുന്ന കിരണിനെ അസുഖം മാറുന്ന മുറയ്ക്ക് വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. വിസ്മയയുടെ വീട്ടില്‍ കിരണുമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയായിരുന്നില്ല.

വിസ്മയ കൊലക്കേസില്‍ കിരണിനെതിരെ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസിന്റെ നീക്കം. കേസിന്റെ ഗൗരവ സ്വഭാവം പരിഗണിച്ച് കുറ്റപത്രം തയാറാക്കുന്നതിനും വിചാരണയ്ക്കും സ്‌പെഷല്‍ പ്രോസിക്യൂടര്‍ വേണമെന്ന് അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ പൊലീസ് നിലപാടെടുത്തിരുന്നു.

Back to top button