ക്രൈംബ്രാഞ്ച് ഒടുവിൽ കാവ്യാ മാധവന് വഴങ്ങി, ചോദ്യം ചെയ്യൽ വീട്ടിലാക്കി.
കൊച്ചി/ നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് ഒടുവിൽ കാവ്യാ മാധവന് വഴങ്ങി. നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് വീട്ടിലെത്തി ചോദ്യം ചെയ്യുകയാണ്. നടന്‍ ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലെത്തിയാണ് ക്രൈം ബ്രാഞ്ച് കാവ്യ മാധവനെ ചോദ്യം ചെയ്യുന്നത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസ്, വധഗൂഢാലോചനക്കേസ് അന്വേഷിക്കുന്ന എസ്പി മോഹനചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.
സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ബുദ്ധിമുട്ടും സൗകര്യക്കുറവും ചൂണ്ടികാട്ടി വീട്ടിലെത്തി ചോദ്യം ചെയ്യാനാവില്ലെന്നും നോട്ടീസ് പ്രകാരം ഹാജരാകാനും നിർദേശിച്ചി രുന്ന ക്രൈം ബ്രാഞ്ച് ഒടുവിൽ കാവ്യാ മാധവന്റെ വാക്കുകൾക്ക് വഴങ്ങുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് നേരത്തെ ചോദ്യംചെയ്യലിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും വീട്ടില്‍വെച്ച് ചോദ്യംചെയ്യാമെന്നായിരുന്നു കാവ്യാ മാധവന്റെ നിലപാട്.
രാവിലെ പതിനൊന്നരയോടെയാണ് ക്രൈംബ്രാഞ്ച് സംഘം കാവ്യയുടെ വീട്ടിലെത്തുന്നത്. കാവ്യ മാധവന്റെ അമ്മ അടക്കമുള്ളവര്‍ വീട്ടിൽ തന്നെ ഉണ്ട്. നടിയെ ആക്രമിച്ച കേസിലെ സാക്ഷിയാണ് കാവ്യാ മാധവന്‍. കാവ്യാ മാധവനെക്കുറിച്ച് പരാമര്‍ശിക്കുന്ന ചില ശബ്ദരേഖകളും മറ്റും പുറത്തുവന്നതിന് പിറകെ നടിയെ വിശദമായി തന്നെ ചോദ്യംചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചിരുന്നു.
ഹൈക്കോടതി വിമർശനത്തിന്റെ പശ്ചാത്തലത്തിൽ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുപോകരുതെന്ന് ക്രൈംബ്രാഞ്ച് മേധാവി അന്വേഷണസംഘത്തിന് കർശന നിർദേശം നൽകിയിട്ടുണ്ട്. നടിയെ ആക്രമിച്ച സംഭവത്തിന് മുമ്പ്, ആക്രമണത്തിന് ഇരയായ നടിയും, ദിലീപ്, മഞ്ജു വാര്യർ എന്നിവർക്കിടയിൽ ഏതെങ്കിലും സാമ്പത്തിക, റിയൽ എസ്റ്റേറ്റ് ബിസിനസുകൾ നടത്തിയിട്ടുണ്ടോയെന്ന അന്വേഷണത്തിൽ ചില സൂചനകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചതായ റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.
ആക്രമണത്തിന് ഇരയായ നടിയും കാവ്യയും തമ്മിലുള്ള വിരോധമാണ് കേസിനു വഴിയൊരുക്കിയതെന്നും, പീഡനത്തിന് കാരണമായതെന്നും വ്യക്തമാക്കുന്ന ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് കാവ്യയുടെ സാന്നിധ്യം വ്യക്തമാക്കുന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴികളും ക്രൈംബ്രാഞ്ചിന്റെ കൈവശം ഉണ്ട്.