കോൺഗ്രസിന്റെ പരാജയം ആരുടെ തലയിൽ കെട്ടും
സണ്ണി ചെറിയാൻ
ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിനു പോയ കേരളത്തിലെ ചില പ്രമുഖ മാധ്യമങ്ങൾ പ്രിയങ്ക അവിടെ തരംഗമാകുന്നുവെന്ന് എഴുതിപിടിപ്പിച്ചു. രാഹുലും, പ്രിയങ്കയും കേരളത്തിൽ വരുമ്പോൾ സ്തുതി പാഠകരുടെവേഷം കെട്ടുന്ന ഈ മാധ്യമങ്ങൾ കോൺഗ്രസിന്റെ പരാജയം ആരുടെ തലയിൽ ചാർത്തും എന്ന ആലോചനയിലാണ്.
എന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും ദുർബലമായ നേതൃത്വമാണ് ഈ തെരഞ്ഞെടുപ്പു പരാജയത്തിന് കാരണം. സോണിയാഗാന്ധിക്കു കോൺഗ്രസിനെ നയിക്കാനുള്ള ആരോഗ്യം നേരത്തെ തന്നെയില്ല.നിഷ്കളങ്കനാണ് രാഹുൽ. പക്ഷേ അനുഭവ സമ്പത്തില്ല. നിർണായക നിമിഷത്തിൽ നായക സ്ഥാനം ഒഴിഞ്ഞെങ്കിലും ഇപ്പോഴും ഡൽഹിയിൽ തമ്പടിച്ചിരിക്കുന്ന ചില നേതാക്കളുടെ സ്വാധീനവലയത്തിലാണ് അദ്ദേഹം. കേരളത്തിൽ നിന്നുള്ള കെ. സി. വേണുഗോപാൽ ആണ് ഇതിൽ ഒന്നാമൻ.
മുഖ സ്തുതി, പാദ സേവ രാഷ്ട്രീയത്തിന്റെ തല തൊട്ടപ്പന്മാർ ഉപദേശകരായി മാറിയപ്പോൾ രാഷ്ട്രീയമറിയാവുന്ന പലരും പാർട്ടി വിട്ടു. ഉള്ള നേതാക്കൾ പലരും ഗ്രൂപ്പ് വൈറസ് ബാധിച്ചവരുമാണ്. അഭിപ്രായം കേൾക്കാൻ അവർക്കു സഹിഷ്ണുതയില്ല. പരാജയങ്ങളിൽ നിന്ന് അവർ പാഠം പഠിക്കില്ല. തങ്ങൾക്കു ശേഷം പ്രളയം എന്ന മനോഭാവമാണ് പലർക്കും. ജനങ്ങളോടൊത്തു പ്രവർത്തിക്കാനും, പൊതു വിഷയങ്ങൾ ഏറ്റെടുക്കാനും പ്രാപ്തിയുള്ളവരെ ഉയർന്നു വരാൻ ഇവർ സമ്മതിക്കില്ല. മുൻനിര നേതാക്കൾക്ക് പലർക്കും ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെടുകയും തലകെട്ടുകളിൽ നിറഞ്ഞു നിൽക്കുന്നവർ മാത്രമായി മാറുകയും ചെയ്തു.
മുൻപ് എ. ഐ. സി. സി യെ നിയന്ത്രിച്ചിരുന്ന കമലാപതിത്രിപാഠി, അർജുൻസിംഗ്, മൂപ്പനാർ, പ്രണാബ് മുക്കർജി, ജഗജ്ജീവൻറാം, കെ. കരുണാകരൻ, സീതാ റാം കേസരി, ജനാർദ്ദനൻ പൂജാരി എന്നിവരൊക്കെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബഹു മിടുക്കരായിരുന്നു. എന്നാൽ ഇപ്പോഴുള്ള രാഹുലിന്റെ ഉപദേശകർക്കു പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് ആഗ്രഹം.
കോൺഗ്രസ്സ് ഒരു പ്രാദേശിക കക്ഷിയായി മാറരുതെന്നും,ഈ പ്രസ്ഥാനത്തിന്റെ സജ്ജീവ സാനിധ്യം എന്നും ഉണ്ടാകണമെന്നും ആഗ്രഹിക്കുന്ന നിരവധിജനങ്ങൾ ഇന്നാട്ടിലുണ്ട്. പക്ഷേ നിർഭാഗ്യകരമെന്നു പറയട്ടെ നേതൃത്വം ഇപ്പോഴും ഇരുട്ടിൽ തപ്പുന്നു. ഇന്ത്യയുടെ ഹൃദയഭൂമിയിൽ പോലും ജീവവായുവിനായി കോൺഗ്രസ്സ് യത്നിക്കുമ്പോൾ മുൻപ് ഇരുപത്തി മൂന്ന് നേതാക്കൾ( കബിൽ സിബൽ ഉൾപ്പെടെ )ഉയർത്തിയ ചോദ്യങ്ങൾ ഇനിയുള്ള കാലം പ്രസക്തമാകും.