BusinessCrimeEditors PicksFeaturedGulfIndiaKeralaLatest NewsMost Popular NewsNationalsocial mediaviral newsviral story

വ്യാജ പ്രവാസി മലയാളി ഫെഡറേഷൻ ചെയർമാൻ ആറ് പേരിൽ നിന്നായി പത്ത് കോടി തട്ടിയെടുത്തു.

കൊച്ചി / ഭാവനയിൽ സൃഷ്ട്ടിച്ച പുരാവസ്തുക്കളുടെ വില്പനയുടെ പേരുപറഞ്ഞു ഇരുപത്തിയഞ്ച് കോടി പലിശരഹിത വായ്പ നൽകാമെന്നു വാഗ്ദാനം നൽകി വ്യാജ പ്രവാസി മലയാളി ഫെഡറേഷൻ ചെയർമാൻ ആറ് പേരിൽ നിന്നായി പത്ത് കോടി തട്ടിയെടുത്തു. നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാവസ്തുക്കൾ വിദേശത്ത് വിറ്റതിലൂടെ ലഭിച്ച കോടികൾ കേന്ദ്രസർക്കാർ തടഞ്ഞുവച്ചിരിക്കുകയാണെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്.

കേന്ദ്രസർക്കാർ തടഞ്ഞുവച്ച കോടികൾ നിയമപോരാട്ടത്തിലൂടെ സ്വന്തമാക്കാൻ സഹായിച്ചാൽ ഇരുപത്തിയഞ്ച് കോടി രൂപ പലിശരഹിത വായ്പ നൽകാമെന്നു വിശ്വസിപ്പിച്ചായിരുന്നു ചേർത്തല സ്വദേശിയായ വ്യാജ പ്രവാസി മലയാളി ഫെഡറേഷൻ ചെയർമാന്റെ പത്തു കോടിയുടെ തട്ടിപ്പ് അരങ്ങേറിയത്.

പ്രവാസി മലയാളി ഫെഡറേഷൻ ചെയർമാൻ എന്ന് സ്വയം അവകാശപ്പെടുന്ന ഇയാൾ യഥാർത്ഥത്തിൽ പ്രവാസിയല്ലെന്നു മാത്രമല്ല പാസ്പോർട്ട് പോലുമില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. സംഭവത്തിൽ ചേർത്തല വല്ലിയിൽ വീട്ടിൽ മോൻസൺ മാവുങ്കലിനെയാണ് (52) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കൂട്ടാളികളായ നാലു പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കോഴിക്കോട് സ്വദേശി യാക്കോബ് പാറയിൽ, അനൂപ് വി.അഹമ്മദ്, സലിം എടത്തിൽ, എം.ടി.ഷമീർ, സിദ്ദീഖ് പുറായിൽ, ഷിനിമോൾ എന്നിവരുടെ പരാതിയിലാണ് അറസ്റ്റ് ഉണ്ടായത്. കടം വാങ്ങിയ പത്തു കോടി മടക്കി നൽകുന്നതിനു പുറമേ ഇരുപത്തിയഞ്ച് കോടി വായ്പ വാഗ്ദാനം ചെയ്തിരുന്നു എന്നാണ് പരാതിക്കാർ പറഞ്ഞിരിക്കുന്നത്.

തട്ടിപ്പിനിരയായ മൂന്നുപേർ ബംഗളൂരുവിൽ ഹോട്ടൽ പാർട്ട്നർമാരാണ്. അവിടെ വച്ചാണ് മോൻസൺ മാവുങ്കലിനെ അവർ പരിചയപ്പെടുന്നത്. പുരാവസ്തുക്കളുടെ വില്പനയിലൂടെ കിട്ടിയ 26,260 കോടി രൂപ നാട്ടിലേക്ക് കൊണ്ടുവരുപ്പോൾ തുകയും ഇൻവോയ്‌സും തമ്മിലെ അന്തരംമൂലം ഫെമ നിയമത്തിൽ കുടുങ്ങിയെന്നാണ് മോൻസൺ മാവുങ്കൽ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. ഡൽഹിലെ പ്രമുഖ അഭിഭാഷക സ്ഥാപനത്തിന് കേസ് നടത്തിപ്പിനുള്ള ഫീസ് നൽകാനെന്നു പറഞ്ഞാണ് പണം വാങ്ങുന്നത്. പണം അക്കൗണ്ടിലുള്ളതായി വിശ്വസിപ്പിക്കാൻ സ്വകാര്യ ബാങ്കിന്റെ വ്യാജരേഖകളും മോൻസൺ മാവുങ്കൽ കാണിച്ചിരുന്നു.

2017 ജൂൺ മുതൽ 2020 നവംബർ വരെയുള്ള കാലയളവിലാണ് മോൺസണ് പണം നൽകിയിട്ടുള്ളത്. പിന്നീട് ഇതേ പാട്ടി വിവരമൊന്നും കിട്ടാതായപ്പോൾ പണം തിരികെ ആവശ്യപ്പെടുകയായിരുന്നു. മൂന്നുമാസത്തിനകം പണം നൽകാമെന്ന് ജനുവരിയിൽ കരാറുണ്ടാക്കി. പക്ഷെ അതുണ്ടായില്ല. തുടർന്നാണ് പരാതിക്കാർ പൊലീസിനെ സമീപിക്കുന്നത്. എ.ഡി.ജി.പി മനോജ് എബ്രഹാമിന് ലഭിച്ച പരാതി പിന്നീട് ഡി.ജി.പി അനിൽ കാന്തിന് കൈമാറുകയായിരുന്നു.

ശനിയാഴ്ച രാത്രി ചേർത്തലയിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത മോൻസണെ കലൂരിലെ വാടക വീട്ടിലെത്തിച്ച് മണിക്കൂറുകൾ ചോദ്യം ചെയ്ത ശേഷം ഇന്നലെ വൈകിട്ട് ക്രൈം ബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കലൂർ വൈലോപ്പിള്ളി ലെയ്‌നിലുള്ള ഇയാളുടെ രണ്ടു വീടുകളിൽ ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ് (രണ്ട്) എസ്.പി എം.ജെ സോജന്റെ നേതൃത്വത്തിൽ പരിശോധന നടത്തുകയുണ്ടായി. കസ്റ്റഡിയിൽ എടുത്ത മോൺസണെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.

അതേസമയം, പരാതിക്കാരായ ആറുപേരുടെ പണത്തിന്റെ ഉറവിടവും പോലീസ് അന്വേഷിക്കുകയാണ്. ഇവരിൽ മൂന്നു പേർ ബംഗളുരുവിൽ ഹോട്ടൽ പാർട്ണർ മാരാണെങ്കിലും ഇവർ ഉൾപ്പടെ മോൺസണ് നൽകിയിരിക്കുന്ന പണം കണക്കിൽ പെടാത്തതാണെന്ന സൂചനയും പോലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്.

 

Back to top button