ലഹരിയുടെ കപ്പൽ കൊച്ചിയിലും എത്തിയിരുന്നു, ലഹരിപ്പാർട്ടിക്ക് 80,000 രൂപ, കപ്പൽ യാത്രയ്ക്ക് 22,000 രൂപ മുതൽ 30,000 രൂപ വരെ,
മുംബൈ/ ഇന്ത്യയിലെ വിനോദ സഞ്ചാരികളുമായി സമുദ്രം ചുറ്റിവരുന്ന വിവാദമായ ആഡംബര ലഹരി കപ്പൽ എംവി എംപ്രസ് ഒരാഴ്ച മുന്‍പ് കൊച്ചിയിലും എത്തിയിരുന്നതായി റിപ്പോർട്ട്. മുംബൈ തീരത്തെ പാർട്ടിക്കിടയിൽ ആഡംബര കപ്പലിൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ നടത്തിയ പരിശോധനയിൽ 3 യുവതികൾ ഉൾപ്പെടെ 11 പേർ ആണ് പിടിയിലായിരിക്കുന്നത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എൻ സി ബി ക്രൂസ് കപ്പലിൽ പരിശോധന നടത്തിയത്. സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പുകള്‍ വഴിയായിരുന്നു പാര്‍ട്ടിയിലേക്ക് ആളെ കണ്ടെത്തിയിരുന്നത്. 80,000 രൂപയാണ് പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന് ഒരാളില്‍നിന്ന് ഈടാക്കി വന്നത്. പിടിയിലായവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും എന്നാണു എൻ സി ബി പറഞ്ഞിരിക്കുന്നത്.
ഇതേ കപ്പൽ കൊച്ചിയിലെത്തിയത് 1200 യാത്രക്കാരുമായിട്ടായിരുന്നു. 11 ഡെക്കുകളിലായി കപ്പലിൽ 796 ക്യാബിനുകളാണ് ഉള്ളത്. സ്വിമ്മിങ് പൂൾ, 3 റസ്റ്ററന്റുകൾ, ഫിറ്റ്നസ് സെന്ററുകൾ, , 5 ബാറുകൾ, ലൈവ് ബാൻഡുകൾ, സ്പാ, തിയറ്റർ, കാസിനോ, നൈറ്റ് ക്ലബ്, ഡിജെ പാർട്ടികൾ, ഷോപ്പിങ് തുടങ്ങി എല്ലാ സൗകര്യങ്ങളുമുള്ള കപ്പലിന്റെ മെനു കാർഡിൽ നൂറിലധികം വിഭവങ്ങൾ ആണ് ഉള്ളത്. 3 രാത്രിയും 4 പകലും നീളുന്ന കപ്പൽ യാത്രയ്ക്ക് 22,000 രൂപ മുതൽ 30,000 രൂപ വരെയാണു നിരക്ക് ആയി പറഞ്ഞിട്ടുള്ളത്.
ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെയും എൻ സി ബി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പാർട്ടിയിൽ ആര്യനു ബന്ധമുണ്ടോയെന്നതും, ആര്യൻ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോയെന്നതും എൻസിബി പരിശോധിച്ചു വരുന്നു. ആര്യന്റെ ഫോണ്‍ എൻ സി ബി പിടിച്ചടുത്ത് ചാറ്റ് ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിച്ചു വരികയാണ്. കപ്പലിൽനിന്നു കൊക്കെയ്ൻ, ഹഷീഷ്, എംഡിഎംഎ ഉൾപ്പെടെ നിരവധി നിരോധിത ലഹരിമരുന്നുകൾ പിടിച്ചെടുത്തിരിക്കുകയാണ്.