Editors PicksFeaturedIndiaLatest NewsMost Popular NewsNationalOpinionRelationshipsocial mediaviral newsviral storyWorld

ആയിരക്കണക്കിന് വൈദികൾ പ്രായപൂർത്തിയാകാത്ത കുട്ടികളോട് ലൈംഗിക താല്പര്യം കാട്ടി, ഞെട്ടിക്കുന്ന റിപ്പോർട്ട്.

പ്രായപൂർത്തിയാകാത്ത കുട്ടികളോട് ലൈംഗിക താല്പര്യം കാട്ടിയിരുന്ന ആയിരക്കണക്കിന് വൈദികൾ ഫ്രഞ്ച് കത്തോലിക്ക സഭയുടെ ഒട്ടനവധി പദവികളിൽ പ്രവർത്തിച്ചു വന്നിരുന്നു.

പാരീസ്/ പ്രായപൂർത്തിയാകാത്ത കുട്ടികളോട് ലൈംഗിക താല്പര്യം കാട്ടിയിരുന്ന ആയിരക്കണക്കിന് വൈദികൾ ഫ്രഞ്ച് കത്തോലിക്ക സഭയുടെ ഒട്ടനവധി പദവികളിൽ പ്രവർത്തിച്ചു വന്നിരുന്നതായ ഗുരുതരമായ കണ്ടെത്തലിന്റെ റിപ്പോർട്ട് പുറത്ത്. കത്തോലിക്ക സഭ രഹസ്യമായി അന്വേഷിച്ച് തയ്യാറാക്കിയ റിപ്പോർട്ടിൻ്റെ പ്രസക്ത ഭാഗങ്ങൾ വാർത്താ ഏജൻസിയായ എഎഫ്പിയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് ഒരു സ്വതന്ത്ര കമ്മീഷനെ കൊണ്ട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് വിവരങ്ങൾ എഎഫ്പി വഴി പുറത്തുവന്നിരിക്കുന്നത്.

1950 മുതൽ കുട്ടികളോട് ലൈംഗിക താൽപ്പര്യമുള്ള 2,900 മുതൽ 3,200 വരെ വൈദികർ ഫ്രഞ്ച് കത്തോലിക്ക സഭയിൽ ഉണ്ടായിരുന്നുവെന്ന ഗുരുതരമായ വിവരമാണ് സ്വതന്ത്ര കമ്മീഷന്റെ കണ്ടെത്തൽ. ഇത് കൃത്യമായ കണക്കല്ലെന്നും റിപ്പോർട്ട് ചെയ്യപ്പെടാത്ത നിരവധി കേസുകൾ
ഇതിൽ കൂടുതൽ വരാമെന്നും പറയുന്നുണ്ട്. പള്ളികൾ, കോടതികൾ, പോലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് കഴിഞ്ഞ രണ്ട് വർഷമായി നടത്തിയ അന്വേഷണത്തിലാണ് 2,500 പേജുകളുള്ള റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

വിവിധ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചവരുമായി സംസാരിച്ചാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. കമ്മീഷൻ റിപ്പോർട്ട് അടുത്ത ചൊവ്വാഴ്ച പുറത്തുവിടുമെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ, ഇരയാക്കപ്പെട്ടവരുമായി ബന്ധപ്പെട്ട വിവരങ്ങളോ പ്രതിസ്ഥാനത്തുള്ള വൈദികരുടെ പേരുകളോ പുറത്തുവിടാനുള്ള സാധ്യത കാണുന്നില്ല.

ഫ്രാൻസിൽ ഉൾപ്പെടെ കത്തോലിക്കാ സഭയെ പ്രതിരോധത്തിലാക്കിയ നിരവധി ലൈംഗിക കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തതോടെ വിശദമായ അന്വേഷണം നടത്താൻ 2018ലാണ് ഫ്രഞ്ച് കത്തോലിക്കാ സഭ സ്വതന്ത്ര കമ്മീഷൻ രൂപീകരിക്കുന്നത്. കത്തോലിക്കാ സഭയിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് അറിയുന്നവർ അവരുടെ മേലധികാരികളെ വിവരങ്ങൾ അറിയിക്കാൻ തയ്യാറാകണമെന്ന ഫ്രാൻസിസ് മാർപാപ്പയുടെ പ്രതികരണത്തിൻ്റെ പശ്ചാത്തലത്തിലാണ് സ്വതന്ത്ര കമ്മീഷൻ രൂപീകരിച്ച് അന്വേഷണം തുടങ്ങുന്നത്.

നിയമപരമായ അറിവുള്ളവർ, അഭിഭാഷകർ, ഡോക്ടർമാർ, ചരിത്രകാരന്മാർ, സാമൂഹ്യ പ്രവർത്തകർ, തിയോളജിഷ്യൻസ് എന്നിവർ ഉൾപ്പടെ 22 അംഗ സംഘമാണ് വിവരങ്ങൾ ശേഖരിച്ചത്. വിവരങ്ങൾ പങ്കുവയ്ക്കാനും സാക്ഷിമൊഴി നൽകാനും പലരും മടി കാണിച്ചതോടെ ടെലിഫോൺ ഹോട്ട്‌ലൈൻ സ്ഥാപിച്ചാണ് അംഗങ്ങൾ വിവരങ്ങൾ ശേഖരിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ആയിരക്കണക്കിന് സന്ദേശങ്ങളാണ് കമ്മീഷന് മുൻപാകെ എത്തിയത്.

 

Back to top button