CrimeEditors PicksFeaturedIndiaKeralaLocal NewsMost Popular NewsSpecial ReportsWorld

സ്വപ്നക്കെതിരെ യു എ പി എ, എൻ ഐ എ കുറ്റപത്രം നൽകി

തിരുവനന്തപുരം/ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‍ന സുരേഷിനെതിരെ യു എ പി എ ചുമത്തി എന്‍.ഐ.എ കുറ്റപത്രം നൽകി. സ്വപ്‌ന സുരേഷ് ഉള്‍പ്പെടെയുള്ളവരുടെ രാഷ്ട്രീയ ബന്ധങ്ങളെപ്പറ്റി പരാമര്‍ശമില്ലാതെയാണ് എന്‍.ഐ.എയുടെ കുറ്റപത്രം. 38 പേജുള്ള കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ശിവശങ്കറിനെപ്പറ്റിയും പരാമര്‍ശങ്ങളില്ലെന്നാണ് വിവരം.

കേസന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും അനുബന്ധ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നുമാണ് എന്‍.ഐ.എ ഇക്കാര്യത്തിൽ പറഞ്ഞിട്ടുള്ളത്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് വെല്ലുവിളിയാകുന്ന തരത്തില്‍ ഗൂഢാലോചന നടത്തിയതിനും, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനും സ്വപ്‌നയ്‌ക്കെതിരെ യു.എ.പി.എ ചുമത്തിയതായി എന്‍.ഐ.എ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയിലേക്ക് വലിയ അളവില്‍ സ്വര്‍ണം കടത്തുന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും ഭീഷണിയാകുമെന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുമെന്നും യു.എ.ഇ.യുമായുള്ള സൗഹൃദ ബന്ധത്തെ തകര്‍ക്കുമെന്നും പ്രതികള്‍ക്ക് അറിവുണ്ടായിരുന്നിട്ടും, പ്രതികള്‍ സംയുക്തമായി കുറ്റകൃത്യത്തിന് കൂട്ടുനിൽക്കുകയായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നു. നിലവില്‍ 21 പേർ കേസിലുള്‍പ്പെട്ടിട്ടുണ്ടെന്നാണ് എൻ ഐ എ വ്യക്തമാക്കുന്നത്. പ്രതികളുടെ പേരുവിവരങ്ങളും കുറ്റപത്രത്തില്‍ പറഞ്ഞിട്ടുണ്ട്. ഗൂഢാലോചനയില്‍ പങ്കെടുത്തെന്നാരോപിക്കുന്ന യു.എ.ഇ നയതന്ത്ര ഉദ്യോഗസ്ഥന്റെ പേര് കുറ്റപത്രത്തില്‍ പറഞ്ഞിട്ടില്ല.

ഇതിനിടെ കേസുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ എം. ശിവശങ്കര്‍ കഴിഞ്ഞ ദിവസം ജയില്‍ മോചിതനായി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ അഡീഷണല്‍ സി.ജെ.എം കോടതിയാണ് ശിവശങ്കറിനു ജാമ്യം നൽകിയത്. ഡോളര്‍ കടത്തു കേസിലും ജാമ്യം ലഭിച്ചതോടെ മൂന്നു മാസമായി ജയിലില്‍ കഴിഞ്ഞിരുന്ന ശിവശങ്കര്‍ പുറത്തിറങ്ങുകയായിരുന്നു. ആരോഗ്യ സ്ഥിതി കണക്കിലെത്താണ് ജാമ്യം നൽകുന്നതെന്നും, ശിവശങ്കറിന്‌ ഡോളർ കടത്തിനെ പറ്റി അറിവുണ്ടായിരുന്നു വെന്നും ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞിട്ടുണ്ട്.

കേസില്‍ തനിക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ ആയിട്ടില്ലെന്നും ഡോളര്‍ കടത്തുമായി തനിക്ക് പങ്കില്ലെന്നുമായിരുന്നു ശിവശങ്കറിന്റെ വാദം. കസ്റ്റഡിയില്‍ പ്രതികള്‍ നല്‍കിയ മൊഴി മാത്രമാണ് തനിക്കെതിരെയുള്ളത് എന്നും ശിവശങ്കര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. എന്നാല്‍ കള്ളക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണിയാണ് ശിവശങ്കറെന്നും ഡോളര്‍ കടത്തില്‍ ശിവശങ്കറിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നും കസ്റ്റംസ് കോടതിയില്‍ പറയുകയുണ്ടായി. ഒന്നരക്കോടി രൂപയുടെ ഡോളര്‍ കടത്തില്‍ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരുന്നത്.

Leave a Reply

Back to top button