റഷ്യൻ മണ്ണിൽ യുക്രെന്റെ മിസൈൽ വർഷം,ആദ്യ ആക്രമണം.
കീവ് / യുക്രെയ്ൻ സൈന്യം ആദ്യമായി റഷ്യൻ വ്യോമാതിർത്തി കടന്ന് റഷ്യൻ മണ്ണിൽ മിസൈൽ വർഷം നടത്തി. ഈ ആഴ്ച ആദ്യം പടിഞ്ഞാറൻ റഷ്യയിലെ ഇന്ധന സംഭരണ ഡിപ്പോയിലാണ് യുക്രെയ്ന്റെ ആക്രമണം ഉണ്ടായത്. ഇതിന്റെ വിഡിയോകൾ പുറത്ത് വന്നു. റഷ്യയിലെ ബെൽഗൊറോഡിലെ ഇന്ധന സംഭരണ ഡിപ്പോയിൽ ഹെലികോപ്റ്ററുകൾ മിസൈലുകൾ തൊടുത്തുവിടുന്നതും തുടർന്ന് സ്‌ഫോടനം നടക്കുന്നതും വിഡിയോകളിൽ കാണാം.
എം.ഐ-24 ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണ് യുക്രെൻ ആക്രമണം നടത്തിയത്. താഴ്ന്ന് പറക്കുന്ന ഹെലികോപ്ടറിൽ നിന്ന് മിസൈലുകൾ തൊടുത്തുവിടുന്നത് ഡിപ്പോയിലെ സെക്യൂരിറ്റി കാമറയിൽ പതിഞ്ഞ ദൃശ്യത്തിലുണ്ട്. തുടർന്ന് സ്ഫോടനം ഉണ്ടാകുന്നു.’രണ്ട് യുക്രേനിയൻ സൈനിക ഹെലികോപ്റ്ററുകൾ നടത്തിയ വ്യോമാക്രമണം മൂലം പെട്രോൾ ഡിപ്പോയിൽ തീപിടിത്തമുണ്ടായി. ഹെലികോപ്റ്ററുകൾ താഴ്ന്ന് പറന്നാണ് റഷ്യൻ പ്രദേശത്തേക്ക് പ്രവേശിച്ചക്കുന്നത്.’ – ബെൽഗൊറോഡ് റീജിയൻ ഗവർണർ വ്യാസെസ്ലാവ് ഗ്ലാഡ്‌കോവ് അറിയിച്ചു.
തീപിടിത്തത്തിൽ സംഭരണശാലയിലെ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.അതേസമയം, ബെൽഗൊറോഡിലെ ഇന്ധന ഡിപ്പോയിലുണ്ടായ വൻ തീപിടിത്തത്തിന്റെ ഉത്തരവാദിത്തം സ്ഥിരീകരിക്കാനോ നിഷേധിക്കാനോ കഴിയില്ലെന്ന് യുക്രെയ്ൻ അറിയിച്ചു. യുക്രേനിയൻ നഗരമായ ഖാർകിവിൽനിന്ന് 80 കിലോമീറ്റർ അകലെയാണ് ബെൽഗൊറോഡ് സ്ഥിതി ചെയ്യുന്നത്.