ഏതു രാജ്യത്തേക്ക് കടന്നാലും വിജയ് ബാബുവിനെ പൊക്കും
വിജയ് ബാബുവിന് പോലീസിന്റെ മുന്നറിയിപ്പ്.
കൊച്ചി/യുവനടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് മുന്നറിയിപ്പുമായി പോലീസ്. ഏത് രാജ്യത്തിലേക്ക് കടന്നാലും വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ തടസമില്ലെന്നും നിയമത്തെ ഒഴിവാക്കിക്കൊണ്ടുള്ള യാത്ര വിജയ് ബാബുവിന് ബുദ്ധിമുട്ടുണ്ടാക്കുമെന്നും കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞതായി ഏഷ്യനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കുന്നുണ്ട്. നേരത്തെ ഇന്റര്‍പോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ കസ്റ്റഡിയിലെടുക്കാന്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പൊലീസ് പുറപ്പെടുവിച്ചിരുന്നു. വിജയ് ബാബു ദുബായില്‍ നിന്നും ജോര്‍ജിയയിലേക്ക് കടന്നതായാണ് പോലീസിന് ലഭിച്ച വിവരം. വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയ പൊലീസ് വിസ റദ്ദാക്കാനുള്ള നടപടികളും തുടങ്ങി.
മെയ് 19ന് പാസ്‌പോര്‍ട്ട് ഓഫീസര്‍ക്ക് മുമ്പില്‍ ഹാജരാകാമെന്ന് അറിയിച്ചിരുന്നുവെങ്കിലും വിജയ് ബാബു വിദേശത്ത് തന്നെ തുടരുകയാണ്. ബിസിനസ് ആവശ്യങ്ങള്‍ക്കായി താന്‍ വിദേശത്താണെന്നും മെയ് 24ന് മാത്രമേ തിരിച്ചെത്തുകയുള്ളൂ എന്നുമാണ് വിജയ് ബാബു അറിയിച്ചിരുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നതായി വവരം ലഭിച്ചത്.
ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാന്‍ തയ്യാറല്ലാത്ത രാജ്യമാണ് ജോര്‍ജിയ. ആ സാഹചര്യത്തിലാണ് വിജയ് ബാബുവിനെ തിരിച്ചെത്തിക്കാന്‍ റെഡ് കോര്‍ണര് നോട്ടീസുനുള്ള നടപടികളുമായി പൊലീസ് മുന്നോട്ട് പോവുന്നത്. ഇതിനിടെ, വിജയ് ബാബുവിന്റെ സിനിമ നിര്‍മാണക്കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ മറവില്‍ നടന്ന സാമ്പത്തിക ഇടപാടുകളെ കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പീഡിപ്പിക്കപ്പെട്ട നടിയുടെ മൊഴികളിലും ഇത്തരം വഴിവിട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള സൂചനകളുണ്ട്. സമ്പന്നരായ പ്രവാസികളെ സ്വാധീനിച്ച് സിനിമാ നിര്‍മാണത്തിന് പ്രേരിപ്പിക്കാന്‍ വിജയ് ബാബു യുവതികളെ ദുരുപയോഗിച്ചതിന്റെ തെളിവുകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. നടിയെ പീഡിപ്പിച്ച കേസില്‍ പരാതി ഉയര്‍ന്നതോടെ പണം നല്‍കി കേസ് ഒതുക്കാന്‍ ശ്രമം നടത്തിയ മലയാളി സംരംഭകനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യും മുന്‍പു കൂട്ടാളിയായ സംരംഭകനെ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് പുറത്ത് വരുന്ന വിവരം.