Editors PicksFeaturedKeralaLatest NewsMost Popular NewsSpecial Story

സ്ത്രീയും മാതൃത്വവും

റാണി ജയ് കിഷൻ

സ്ത്രീ എന്ന നാമം അതിന്റെപരിപൂർണ്ണതയിലെത്തുന്നത് മാതൃത്വം എന്ന അവസ്ഥ കൈവരിക്കുമ്പോഴാണ്. ഏറ്റവും മധുരമുള്ളതും ആഴമുളളതും അർത്ഥങ്ങൾ നിർവ്വചിക്കാൻ പറ്റാത്തയൊന്നാണ്, അമ്മ എന്നത് സ്നേഹവും കരുണയും ത്യാഗവും ഒന്നിച്ച് സമ്മേളിക്കുന്ന ഈ വാക്കാൽ വിളിക്കാൻ സാധിക്കുന്നതു തന്നെ ഭാഗ്യം.

അമ്മയില്ലാത്ത വീട് ശൂന്യമാണ്. ആ സ്നേഹമില്ലെങ്കിൽ നമ്മൾ അനാഥരാണ്. അമ്മയുടെ കൈപ്പുണ്യം അറിയാത്ത ദിനങ്ങൾക്ക് തൃപ്തിയുണ്ടാവില്ല. ഓരോ അമ്മയും ജീവിക്കുന്നത് മക്കൾക്ക് വേണ്ടിയാണ്. നമുക്ക് ജന്മം നൽകാൻ പ്രസവ സമയത്ത് അമ്മമാരനുഭവിക്കുന്ന വേദന മനുഷ്യ ശരീരത്തിലെ ഇരുപത് അസ്ഥികൾ ഒരേ സമയം ഒടിയുമ്പോഴുണ്ടാകുന്ന വേദനയ്ക്ക് തുല്യം. ശങ്കരാചാര്യർ തന്റെ മാതാവിന്റെ അന്ത്യകർമ്മങ്ങൾക്കെത്തിയപ്പോൾ രചിച്ച മാതൃപഞ്ചകം ഓരോ മാതാവിന്റെയും വേദനകളുടെ ആകെത്തുകയാണ്

*ആസ്താംതാവദീയംപ്രസൂതിസമയേ ദുർവാരാ ശൂലവ്യഥാ
നൈരുച്യം തനുശോഷണം മലമയീ ശയ്യാ ച സാംവത്സരി
ഏകസ്യാപി ന ഗർഭഭാരഭരണക്ളേശസ്യ യസ്യ ക്ഷമോ
ഭാതും നിഷ്കൃതി മുന്നതോ അപി തനയസ്തസ്യൈ ജനന്യൈ നമ:

എത്ര വലിയ സമർത്ഥനായ പുത്രനും അമ്മേ അമ്മയുടെ പ്രസവകാലത്ത അനുഭവിച്ച വേദനയ്ക്ക് പകരം തരുവാനോ വീട്ടുവാനോ കഴിയില്ലെന്നാണ് പദ്യാർത്ഥം.

കുഞ്ഞ് ,ശൈശവത്തിൽ മൊഴിയുന്ന അജ്ഞാത ഭാഷ മനസിലാക്കി കുഞ്ഞിന് ഉത്തരമേകുന്ന അമ്മ പിന്നീടെപ്പോഴോ ഒന്നും മനസ്സിലാകാത്ത ഒരാളായി യുവ മനസ്സിനു തോന്നുന്നു. തെറ്റിൽ നിന്ന് ശരിയുടെ വീഥികളിലേക്ക് കൈപ്പിടിച്ച് കരുതലോടെ നടത്തിയ അമ്മ കാലംകഴിയു മ്പോൾ അധികപ്പറ്റായി മാറുന്നു. ഇത്തരം ധാരണയുടെ അവസാന വാക്കായി വ്യദ്ധ സദനങ്ങളു ടെ വാതിലുകൾ മാതാപിതാക്കൾക്കായി തുറക്കുന്നു.

ഭൗതിക വികാസത്തിന്റെ പാതയിലൂടെ മുന്നോട്ട് കുതിക്കുമ്പോൾ മനുഷ്യൻ തീർത്തും അവഗണിക്കുന്ന ധാർമ്മികവും ആദ്ധ്യാത്മികവുമായ മേഖലകളുടെ വികസനത്തിൻമേലുള്ള അശ്രദ്ധ സ്വയം ശവക്കുഴി വെട്ടുന്നതിന് സമമാണെന്ന കാര്യം അവർ വിസ്മരിക്കുന്നു .ഓരോ ഇളം മനസ്സിലും മാതൃകയാകേണ്ടുന്ന ആദ്യ വ്യക്തികൾ അച്ഛനമ്മമാർ തന്നെ. മാതാപിതാക്കൾ അവർക്ക് ജന്മം നൽകിയവരെ പുശ്ചിച്ചു തള്ളുമ്പോൾ തങ്ങളുടെ മക്കളും ഇതേ പാതയാണ് സ്വീകരിക്കാൻ പോകുന്നതെന്ന സത്യം അവർ മറക്കുന്നു. അമ്മ എന്ന സത്യത്തിന്റെ മുന്നിൽ നമ്മൾ എത്ര വലുതായാലും ഇടക്കിടക്ക് കുട്ടികളായി മാറും എന്നത് യാഥാർത്ഥ്യം തന്നെയാണ്.

Back to top button